ഈ എസ്.ഐ.സാറിന്റെ വിദ്യാര്‍ഥികള്‍ യാചകരുടെ മക്കളും അനാഥരും, മരച്ചുവട് ക്ലാസ് മുറി 


Photo: PTI

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന, വിദ്യാഭ്യാസത്തിന് സാഹചര്യമില്ലാത്ത ഒരുകൂട്ടം കുഞ്ഞുങ്ങള്‍ക്ക് യൂണിഫോമിലിരുന്ന് അക്ഷരം പറഞ്ഞുകൊടുക്കുന്ന പോലീസുകാരന്‍. ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍നിന്നാണ് ഈ നല്ലകാഴ്ച. 2015 ബാച്ച് സബ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് യാദവാണ് ഭിക്ഷക്കാരുടെ മക്കള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് അറിവ് പകരുന്നത്. 'വര്‍ദി വാലേ ഗുരുജി' അഥവാ കാക്കിയിട്ട അധ്യാപകന്‍ എന്നാണ് രഞ്ജിത് അറിയപ്പെടുന്നത്. ഹിന്ദി, ഇംഗ്ലീഷ്, ഗണിതം എന്നിവയുടെ അടിസ്ഥാനങ്ങളാണ് രഞ്ജിത് കുട്ടികളെ പഠിപ്പിക്കുന്നത്. മരച്ചുവടാണ് രഞ്ജിത്തിന്റെയും കുട്ടികളുടെയും ക്ലാസ്മുറി.

അയോധ്യ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഡി.ഐ.ജി.) ഓഫീസിലാണ് രഞ്ജിത് ജോലി ചെയ്യുന്നത്. ഡ്യൂട്ടി ഇല്ലാത്ത സമയങ്ങളില്‍ കുട്ടികള്‍ക്ക് കാക്കിയിട്ട മാഷായി രഞ്ജിത് മാറും. രഞ്ജിത്തിനരികില്‍ പഠിക്കാനെത്തുന്ന ഭൂരിഭാഗം കുട്ടികളും ഭിക്ഷക്കാരുടെ മക്കളാണ്. മറ്റുചിലരാകട്ടെ അനാഥരും. 'അപ്‌നാ സ്‌കൂള്‍' (നമ്മുടെ സ്‌കൂള്‍) എന്നാണ് രഞ്ജിത്തിന്റെ ഈ ഉദ്യമത്തിന്റെ പേര്. ആദ്യമൊക്കെ എനിക്ക് സാറിനെ പേടിയായിരുന്നു. അടികിട്ടിയാലോ എന്ന് ഭയന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്ലാസില്‍ പോകുന്നത് രസമുള്ള കാര്യമാണ്- അപ്‌നാ സ്‌കൂളിലെ വിദ്യാര്‍ഥികളിലൊരാളായ മെഹക് പറയുന്നു. 12 വയസ്സാണ് മെഹക്കിന്റെ പ്രായം. മാതാപിതാക്കളെ നഷ്ടമായ മെഹക്കിന്റെ താമസം അകന്ന ബന്ധുക്കള്‍ക്കൊപ്പമാണ്. അക്ഷരങ്ങളും അക്കങ്ങളും തിരിച്ചറിയാന്‍ പഠിച്ചുകഴിഞ്ഞ മെഹക്കിന് അല്‍പസ്വല്‍പം കണക്കുകൂട്ടലും വഴങ്ങുന്നുണ്ട്.

Photo: PTI

മുന്‍പ് നയാഘട്ടിലെ പോലീസ് പോസ്റ്റില്‍ ജോലി ചെയ്തിരുന്നപ്പോള്‍ മുതലാണ് രഞ്ജിത് അധ്യാപനം ആരംഭിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം നിരവധി കുഞ്ഞുങ്ങള്‍ ഭിക്ഷ യാചിക്കുന്നത് കണ്ടതിന് പിന്നാലെയായിരുന്നു ഇത്. ഭിക്ഷക്കാര്‍ താമസിക്കുന്ന ഖുര്‍ജാ കുണ്ട് മേഖലയില്‍നിന്നാണ് ഈ കുട്ടികള്‍ വരുന്നതെന്നും രഞ്ജിത്തിന് മനസ്സിലായി. ഈ കുട്ടികളെ കണ്ടതിന് പിന്നാലെ അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. പിന്നെയാണ് ഇത്തരം കുട്ടികള്‍ക്കു വേണ്ടി ക്ലാസ് തുടങ്ങിയാലോ എന്ന ചിന്ത മനസ്സില്‍ വന്നത്- വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് രഞ്ജിത് പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചുചേര്‍ക്കുകയും ക്ലാസ് ആരംഭിച്ചാല്‍ അവരെ വിടുമോ എന്നും ചോദിച്ചു. ആദ്യമൊന്നും അവര്‍ക്ക് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല, പക്ഷേ പിന്നീട് സമ്മതിക്കുകയായിരുന്നു. 2021 സെപ്റ്റംബറിലാണ് ക്ലാസുകള്‍ ആരംഭിച്ചത്- രഞ്ജിത് കൂട്ടിച്ചേര്‍ത്തു.

Photo: PTI

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ അറുപതില്‍ അധികം വിദ്യാര്‍ഥികളാണ് ഇപ്പോള്‍ രഞ്ജിത്തിന്റെ അടുത്ത് പഠിക്കാനെത്തുന്നത്. രാവിലെ ഏഴുമുതല്‍ ഒന്‍പതു വരെയാണ് ക്ലാസ്. ഖുര്‍ജാ കുണ്ടിലെ ഒരു മരച്ചുവട്ടില്‍വെച്ചാണ് അധ്യയനം. അതേസമയം തനിക്ക് പോലീസ് ജോലി തന്നെയാണ് മുഖ്യമെന്നും രഞ്ജിത് കൂട്ടിച്ചേര്‍ക്കുന്നു. ഇനി രാവിലെ ഡ്യൂട്ടിക്ക് പോകേണ്ടിവന്നാല്‍ ക്ലാസ് മാനേജ് ചെയ്യാന്‍ ചില വിദ്യാര്‍ഥികളെ രഞ്ജിത് നിയോഗിച്ചിട്ടുമുണ്ട്.

Photo: PTI

തന്റെ അധ്യാപനത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്ന് നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും രഞ്ജിത് പറഞ്ഞു. ഇങ്ങനൊരു കാര്യം ചെയ്യുന്നതില്‍ അവര്‍ അഭിനന്ദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസ് സേനയുടെ പ്രതിച്ഛായ മാറ്റാന്‍ തന്റെ പ്രവൃത്തി സഹായിക്കുന്നുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞതായും രഞ്ജിത് വ്യക്തമാക്കി. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്നുള്ള ബിരുദാനന്തര ബിരുദധാരിയാണ് ഇദ്ദേഹം. ആദ്യമൊക്കെ അപ്‌നാ സ്‌കൂളിന് ആവശ്യമായ നോട്ട്ബുക്കുകളും പേനയും പെന്‍സിലുമൊക്കെ വാങ്ങാന്‍ സ്വന്തം ശമ്പളത്തില്‍നിന്ന് ഒരു ഭാഗമാണ് രഞ്ജിത് ഉപയോഗിച്ചിരുന്നത്. എന്നാല്‍ കുട്ടികളുടെ എണ്ണം കൂടി വന്നതോടെ ചെലവും കൂടി. ആ സാഹചര്യത്തില്‍ ചില സാമൂഹിക സംഘടനകളും പ്രദേശവാസികളും സഹായവുമായി എത്തിയെന്ന് രഞ്ജിത് പറഞ്ഞു. വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന വീഡിയോകള്‍, രഞ്ജിത് മൊബൈല്‍ ഫോണില്‍ കുട്ടികളെ കാണിക്കാറുമുണ്ട്.

Content Highlights: uttar police officer teaches children of beggers and orphans


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented