ഒരേ പേരും പ്രായവും, ഒരിടത്ത് ഒരേദിനം വൃക്കദാനം ചെയ്തത് സ്വന്തക്കാര്‍ക്ക്, സന്തോഷുമാര്‍ സൂപ്പറാണ്


പി.എം.സന്തോഷും എൻ.എസ്.സന്തോഷും.

കോട്ടയം: പേര് സന്തോഷ്, വയസ്സ് 43. രണ്ടാളുകള്‍ക്ക് ഇത്രയും സമാനത സാധാരണം. രണ്ടുപേരും സ്വന്തക്കാര്‍ക്കുവേണ്ടി ഒരേ അവയവം ദാനംചെയ്തവരാകുന്നത് അപൂര്‍വം. ഒരേ ദിവസം, ഒരേ ആശുപത്രിയിലാണ് അവയവദാനം നടന്നതെന്നുവരുന്നത് അപൂര്‍വത്തില്‍ അപൂര്‍വം.

മാര്‍ച്ച് ആറിന് പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലാണ് അത്യപൂര്‍വമായ ഈ അവയവദാനം നടന്നത്. രണ്ടുപേരും ഇടത്തേ കിഡ്‌നിയാണ് ദാനം ചെയ്തതെന്നുകൂടി പറഞ്ഞാലേ സമാനതകളില്ലാത്ത സത്കര്‍മത്തിന്റെ സമാനത മുഴുവന്‍ വെളിപ്പെടൂ.

ഇടുക്കി കാമാക്ഷി ഇടിഞ്ഞമല നടപ്പുറകില്‍ എന്‍.എസ്.സന്തോഷിന്റെ വൃക്ക ഭാര്യ സന്ധ്യ (36)യ്ക്കാണ് നല്‍കിയത്. ആറുവര്‍ഷമായി ചികിത്സയിലായിരുന്ന സന്ധ്യ നാലുവര്‍ഷമായി ഡയാലിസിസിലൂടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വൃക്ക മാറ്റിവെയ്ക്കാന്‍ നേരത്തേ നിര്‍ദേശമുണ്ടായതാണ്.

കൂലിപ്പണിചെയ്ത് കുടുംബം പുലര്‍ത്തുന്ന സന്തോഷിന് പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍, സ്‌കൂള്‍ വിദ്യാര്‍ഥികളായ മക്കള്‍ അര്‍ജുനും അഞ്ജനയും അമ്മയുടെ സ്ഥിതി വിവരിച്ചും സഹായം അഭ്യര്‍ഥിച്ചും ഫെയ്സ്ബുക്കില്‍ ഒരു വീഡിയോ പോസ്റ്റുചെയ്തു. അത് കണ്ടവര്‍ അയച്ചുനല്‍കിയത് 10 ലക്ഷത്തിലേറെ രൂപ. ഒപ്പം നാട്ടുകാരും കൈയയച്ച് സഹായിച്ചതോടെ ശസ്ത്രക്രിയയ്ക്കും കുറേ നാളത്തേക്കുള്ള തുടര്‍ചികിത്സയ്ക്കും പണമായി. അങ്ങനെയാണ് മുമ്പ് ചികിത്സിച്ച നെഫ്രോളജിസ്റ്റ് ഡോ. മഞ്ജുളാ രാമചന്ദ്രന്‍ ഇപ്പോള്‍ ജോലിചെയ്യുന്ന മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ശസ്ത്രക്രിയ നടത്തിയത്.

തടിവെട്ടും തടിച്ചുമടുമാണ് സന്തോഷിന്റെ ജോലി. ഒരു വൃക്ക നീക്കിയത് ഭാവിയില്‍ ഇത്തരം കഠിന ജോലികള്‍ ചെയ്യുന്നതിന് തടസ്സമല്ലെന്ന് ഡോക്ടര്‍മാരും പറയുന്നു. സന്തോഷ് കൂടുതല്‍ സന്തോഷവാനാണിപ്പോള്‍. ആത്മവിശ്വാസം കൂടിയിട്ടേയുള്ളൂ എന്ന് സ്വയം സാക്ഷ്യപ്പെടുത്തലും.

കോട്ടയം പൂഞ്ഞാര്‍ അടിവാരം പുത്തന്‍പുരയ്ക്കല്‍ പി.എം.സന്തോഷിന് ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ അഗ്‌നിരക്ഷാ വിഭാഗത്തിലായിരുന്നു ജോലി. ജ്യേഷ്ഠന്‍ കൃഷിപ്പണിക്കാരനായ ബിജു (49)വിന് വൃക്കരോഗം സ്ഥിരീകരിച്ചത് ഏഴുവര്‍ഷം മുമ്പാണ്. മൂന്നുവര്‍ഷമായി ഡയാലിസിസ് ചെയ്യുന്നു. ചേട്ടന്റെ ജീവന്‍ നിലനിര്‍ത്താന്‍ വൃക്ക മാറ്റിവെയ്ക്കണമെന്നറിഞ്ഞതോടെ സന്തോഷ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. ഉള്ളതൊക്കെ സ്വരുക്കൂട്ടിയും നാട്ടുകാരുടെ സഹായം തേടിയുമാണ് ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്തിയത്. ബിജുവിന്റെ ഭാര്യ ആതിരയ്ക്ക് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ത്തന്നെ ചെറിയൊരു ജോലിയുമുണ്ടിപ്പോള്‍.

സന്തോഷ് അവിവാഹിതനാണ്. ഒരു വൃക്ക നീക്കിയത് വിവാഹാലോചന വരുമ്പോള്‍ തടസ്സമാകില്ലേയെന്ന് ചോദിക്കുന്നവരോട് 'വിവാഹമല്ല ജീവിതത്തില്‍ ഏറ്റവും പ്രധാനം' എന്നാണ് സന്തോഷിന്റെ മറുപടി. സ്‌നേഹമുള്ള ഹൃദയം തേടുന്നവര്‍ ഏറ്റവും വിലമതിക്കുന്നത് സന്തോഷിന്റെ മഹാദാനത്തെയാകുമ്പോള്‍ നല്ല ജീവിതപങ്കാളിയെ കിട്ടാന്‍ സാധ്യത കൂടുകയേയുള്ളൂ എന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോ. വിജയ് രാധാകൃഷ്ണന്റെ പക്ഷം.

താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെയാണ് സന്തോഷുമാരുടെ വൃക്കകള്‍ നീക്കംചെയ്തത്. രണ്ടുപേര്‍ക്കും പ്രശ്‌നങ്ങളൊന്നുമില്ല. മരുന്നും കഴിക്കുന്നില്ല. ശസ്ത്രക്രിയയ്ക്കുമുമ്പുള്ള ചികിത്സാകാലംതൊട്ടേ പരസ്പരം പരിചയമുണ്ടായിരുന്ന ഇവര്‍ക്ക് ഒരേദിവസം അവയവദാനം നടത്തിയതും അത് വിജയകരമായതും ഇരട്ടി സന്തോഷത്തിന് കാരണവുമായി.

Content Highlights: two people of same name and age donates kidney to relatives on same day at same hospital

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented