സെയ്ന്റ് ക്രിസ്റ്റീന ഹോമിലെ അന്തേവാസികളുമായി സാന്റിയും ലിജിയും യാത്രയ്ക്കൊരുങ്ങിയപ്പോൾ
തൃശ്ശൂര്‍: പുല്ലഴിയിലെ അനാഥ-അഗതിമന്ദിരമായ സെയ്ന്റ് ക്രിസ്റ്റീന ഹോമിലെത്തിയ സാന്റിയും ഭാര്യ ലിജിയും അന്തേവാസികളോട് പറഞ്ഞു: ''നമുക്കൊരുമിച്ചൊരു വിനോദയാത്ര പോകാം. എവിടേക്കാണെന്ന് നിങ്ങള്‍ തീരുമാനിക്കുക.'' അമ്പതോളം അന്തേവാസികളില്‍ പലര്‍ക്കും പല അഭിപ്രായമായിരുന്നു-അതിരപ്പിള്ളി, വാഴച്ചാല്‍, വാട്ടര്‍ തീം പാര്‍ക്ക്...
എല്ലാവരുടെയും ആഗ്രഹം സമ്മേളിപ്പിച്ച് വെള്ളിയാഴ്ച ഇവര്‍ യാത്ര പോയി. അതിരപ്പിള്ളിയിലേക്കും വാഴച്ചാലിലേക്കും പിന്നെ അവിടെയുള്ള വാട്ടര്‍ തീം പാര്‍ക്കിലേക്കും. ഒരുദിവസം രാവിലെമുതല്‍ രാത്രിവരെ വിനോദയാത്ര. എല്ലാ ചെലവും സ്കൂള്‍ അധ്യാപകരായ സാന്റിയുടെയും ഭാര്യ ലിജിയുടെയും വക.
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇവര്‍ സംഘടിപ്പിക്കുന്ന വിനോദയാത്ര. ഇരുപത്തൊന്നാം വര്‍ഷമാണിത്. ഇരുവരുടെയും ഒരുമാസത്തെ ശമ്പളമാണ് ഇതിനായി മാറ്റിവെക്കുന്നത്. യാത്രയില്‍ ഇവരുടെ മക്കളും കൂടെയുണ്ടാകും.
25 വര്‍ഷമായി സാന്റി സ്കൂള്‍ അധ്യാപകനാണ്. ആദ്യശമ്പളം കിട്ടിയപ്പോള്‍ മനക്കൊടി സാവിയോ കോണ്‍വെന്റിലുള്ള അമ്മായി സിസ്റ്റര്‍ ലീനറ്റിനെ കാണാന്‍ പോയി. ശന്പളത്തുക ഉപയോഗിച്ച് വാങ്ങിയ പലഹാരങ്ങളുണ്ടായിരുന്നു കൈയില്‍. ഇതുമാത്രം പോരെന്നായി സിസ്റ്റര്‍ ലീനറ്റ്. അവിടത്തെ അന്തേവാസികളെ പുറത്തുകൊണ്ടുപോയി സന്തോഷിപ്പിക്കാന്‍ സാന്റിയോട് നിര്‍ദേശിച്ചു. വണ്ടിപിടിച്ച് അന്തേവാസികളെ അതില്‍ കയറ്റി തൃശ്ശൂര്‍ നഗരത്തിലെത്തിച്ച് പൂരം പ്രദര്‍ശനവും കാഴ്ചബംഗ്ലാവും കാണിച്ച് ഭക്ഷണവും വാങ്ങിനല്‍കിയാണ് തിരികെയെത്തിച്ചത്.
അന്നു തുടങ്ങിയതാണ് ഒരുമാസത്തെ ശമ്പളം അന്തേവാസികളെ വിനോദയാത്രയ്ക്ക് കൊണ്ടുപോകാനായി മാറ്റിവെക്കാന്‍. 2000-ല്‍ ജീവിതപങ്കാളിയായ ലിജിയും ഭര്‍ത്താവിന്റെ ഈ ഉദ്യമത്തിലേക്ക് ഒരുമാസത്തെ ശന്പളം വകയിരുത്തി. ഓരോ വര്‍ഷവും ഓരോ അനാഥ-അഗതി കേന്ദ്രങ്ങളിലെ അന്തേവാസികളെയാണ് വിനോദയാത്ര കൊണ്ടുപോകുക. ടൂറിസ്റ്റ് ബസുമുതല് ഭക്ഷണവും സമ്മാനങ്ങളും പ്രവേശനപാസിന്റെ ചെലവുമെല്ലാം ഇവരുടെ വക.
എടക്കഴിയൂര്‍ സീതിസാഹിബ് ഹൈസ്കൂളിലെ ഗണിതാധ്യാപകനാണ് സാന്റി ഡേവിഡ്. ഭാര്യ ലിജി ചൂണ്ടല്‍ എല്‍.ഐ.ജി.എച്ച്.എസിലെ ബയോളജി അധ്യാപികയും. എല്ലാ യാത്രയിലും മക്കളായ ഷാരോണും സാന്ദ്രയും സിയോണും കൂടെയുണ്ടാകും. പറപ്പൂര് ചിറ്റിലപ്പിള്ളിയിലാണ് താമസം. ക്രിസ്റ്റീന ഹോം ഡയറക്ടര്‍ ഫാ. പോള്‍സണ്‍ തട്ടിലും മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജോളിയും ഈ സംഘത്തിലുണ്ട്. സാന്റിയുടെ പൂര്വവിദ്യാര്ഥികളാണ് ഇത്തവണ യാത്രയ്ക്കായുള്ള ഭക്ഷണം തയ്യാറാക്കിയെത്തിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..