കാഴ്ചപരിമിതനായ കോളേജ് അസി. പ്രൊഫസർ മുത്തു വിദ്യാർഥികൾക്കൊപ്പം കഞ്ഞിയും പയറും കഴിക്കുന്നു (ഇടത്), വിദ്യാർഥികൾക്ക് സൗജന്യമായി ഭക്ഷണംനൽകാൻ വെട്ടം പഞ്ചായത്ത് പ്രസിഡന്റ് നെല്ലാഞ്ചേരി നൗഷാദ് സാധനങ്ങളുമായി കോളേജിലെത്തിയപ്പോൾ (വലത്)
തിരൂർ: ഒരു ചാക്ക് അരി, പിന്നെ കുറച്ച് മുളക്, മല്ലി എന്നിവയുടെ പൊടികളും. ഇവയെല്ലാം തോളിലേന്തിയാണ് വെട്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നെല്ലാഞ്ചേരി നൗഷാദ് തുഞ്ചൻ സ്മാരക ഗവ. കോളേജിലെത്തിയത്. കോളേജിലെ മാതൃകാ പദ്ധതിയായ വിശപ്പുരഹിത കാന്റീൻ ഉദ്ഘാടനത്തിനായിരുന്നു ആ വരവ്. പഠനത്തിന് വിശപ്പ് ഒരു ബാധ്യതയാകാതിരിക്കാൻ തുടങ്ങിയ പദ്ധതി അദ്ദേഹം ഉദ്ഘാടനംചെയ്തു. അങ്ങനെ സാമ്പത്തിക ഭദ്രതയില്ലാത്ത വിദ്യാർഥികൾക്ക് കഞ്ഞിയും പയറും സൗജന്യമായി വിതരണംതുടങ്ങി. കഞ്ഞിയും പയറുമല്ല കുട്ടികൾക്ക് സൗജന്യമായി ഊണു തന്നെ നൽകണമെന്നാണ് ആഗ്രഹമെന്ന് നെല്ലാഞ്ചേരി നൗഷാദ് പറഞ്ഞു. വിദ്യാർഥികൾക്കൊപ്പം കഞ്ഞിയും പയറും കഴിക്കാൻ കാഴ്ചപരിമിതനായ കോളേജിലെ മലയാളവിഭാഗം അസി. പ്രൊഫസർ പറമ്പിൽപ്പീടിക സ്വദേശി മുത്തുവും കൂടെച്ചേർന്നു.
പദ്ധതിയെക്കുറിച്ച് ‘മാതൃഭൂമി’ നൽകിയ വാർത്തകണ്ട് കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് കാന്റീനിന്റെ പ്രവർത്തനത്തിന് സഹായം വാഗ്ദാനം ചെയ്തത്. പൂർവ വിദ്യാർഥി സംഘടനയുടെ പ്രസിഡന്റ് മെഹർഷ കളരിക്കൽ സംഘടനയുടെ സംഭാവനയായി 10,000 രൂപ പ്രഖ്യാപിച്ചു. വാർഡംഗം കളരിക്കൽ റിയാസ് ബാബുവെത്തിയത് പച്ചക്കറികളുമായാണ്. കോഴിക്കോട് ജില്ലയിലെ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അധ്യാപിക മാസംതോറും സഹായധനം കൊടുക്കാമെന്നേറ്റു.
കോഴിക്കോട് ആർട്സ് കോളേജ് അധ്യാപികയും സഹായം വാഗ്ദാനംചെയ്തു. പദ്ധതി സംസ്ഥാനത്തെ കോളേജുകളിലുടനീളം വ്യാപിപ്പിക്കാൻ പരിശ്രമിക്കുമെന്ന് കോളേജ് വിദ്യാഭ്യാസ ഡയരക്ടർ പ്രിൻസിപ്പലിനെ അറിയിച്ചിട്ടുണ്ട്.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്. അജിത് അധ്യക്ഷതവഹിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് രാജൻ, കോളേജ് പൂർവ വിദ്യാർഥി കമ്മിറ്റി പ്രസിഡന്റ് മെഹർഷ കളരിക്കൽ, വാർഡ് അംഗം കളരിക്കൽ റിയാസ്ബാബു, കാന്റീൻ കമ്മിറ്റി കൺവീനർ ഡോ. കെ.ടി. ജാബിർ, സ്റ്റുഡന്റ്സ് കോ -ഓർഡിനേറ്റർ ഹാഷിം എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..