തൊടുപുഴ: ജന്മനായുള്ള കാഴ്ച വൈകല്യത്തെ നിശ്ചയദാര്‍ഢ്യംകൊണ്ട് അതിജീവിച്ച ബിജുമോന് ദേശീയാംഗീകാരം. ഭിന്നശേഷിയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദേശീയതലത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡില്‍ കാഴ്ച വൈകല്യമുള്ളവരുടെ വിഭാഗത്തിലാണ് ആര്‍.ബിജുമോന്‍ മികച്ച ജീവനക്കാരനായത്. മുട്ടം കോടതിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനിലെ ഓഫീസ് അറ്റന്‍ഡന്റായി ജോലിചെയ്യുകയാണ് ബിജുമോന്‍.

2004-ല്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതുമുതല്‍ സ്തുത്യര്‍ഹമായ സേവനമാണ് ഇദ്ദേഹം നടത്തുന്നത്. 
ശബരിമല പുല്ലുമേട് ദുരന്തമുണ്ടായപ്പോഴും തേക്കടി ബോട്ടപകടം ഉണ്ടായപ്പോഴും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍നിന്നു. ഇതിനുള്‍െപ്പടെ അഞ്ചോളം ഗുഡ് സര്‍വീസ് എന്‍ട്രികള്‍ കിട്ടി.

ജോയിന്റ് കൗണ്‍സിലിന്റെ സംസ്ഥാന കൗണ്‍സില്‍ അംഗവും തൊടുപുഴ മേഖലാ സെക്രട്ടറിയുമാണ്. റവന്യൂ ജീവനക്കാരുടെ സംഘടനയായ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറികൂടിയാണ് ബിജുമോന്‍.

ഡിസംബര്‍ മൂന്നിന് ഡല്‍ഹി വിജ്ഞാന്‍ഭവനില്‍ നടക്കുന്ന ചടങ്ങില്‍െവച്ച് രാഷ്ട്രപതി ബിജുമോന് പുരസ്‌കാരം സമ്മാനിക്കും. മാതാവ് കുടയത്തൂര്‍ വളവുങ്കല്‍ വീട്ടില്‍ വസുമതി, ഭാര്യ ഗിരിജ എന്നിവരും മക്കളായ ആദിത്യനും അഭിരാമിയുമാണ് കൂടെയുള്ളത്.