തൊടുപുഴ: ഒന്‍പതാംക്ലാസില്‍ പഠിക്കുന്ന അമലിന് ജീവിതത്തിലേക്കു തിരിച്ചുവരാന്‍ ആ അഞ്ചു ബസുകള്‍ ബുധനാഴ്ച മത്സരിച്ചോടി. ആ പതിമൂന്നുകാരന്റെ ചിത്രമൊട്ടിച്ച ബക്കറ്റുകളില്‍ സുമനസ്സുകള്‍ സ്‌നേഹം നിറച്ചു. ഒളമറ്റം തോട്ടത്തില്‍ സുകു-മഞ്ജു ദമ്പതിമാരുടെ മകനായ അമല്‍ സുകുവിന്റെ രക്താര്‍ബുദ ചികിത്സക്കായി പണം സ്വരുക്കൂട്ടാനാണ് ബസ്സുകള്‍ സൗജന്യ സര്‍വീസ് നടത്തിയത്. പിരിഞ്ഞു കിട്ടിയ തുക കൃത്യമായി കണക്കാക്കിയിട്ടില്ല. ഒന്നരലക്ഷം രൂപയില്‍ കുറയാതെ ഉണ്ടാകുമെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

മൂലമറ്റം-തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന തൂഫാന്‍, മച്ചാന്‍സ്, ഷാലിമാര്‍, പാലാ-തൊടുപുഴ റൂട്ടിലോടുന്ന മേരിമാതാ, തൊടുപുഴ-പെരിങ്ങാശേരി റൂട്ടിലോടുന്ന സലൂജ എന്നീ ബസുകളാണ് പ്രയത്‌നത്തില്‍ പങ്കാളികളായത്. ടിക്കറ്റില്ലാത്ത യാത്രക്ക് പകരം യാത്രക്കാര്‍ ഇഷ്ടമുള്ള തുക അമലിന്റെ ചികിത്സക്കായി സംഭവാന നല്‍കി.

കൈനിറയെ കനിവ്

അമല്‍ സുകുവിന്റെ ചിത്രം പതിച്ച ബക്കറ്റിലേക്ക് ടിക്കറ്റ് തുകയേക്കാളും കൂടുതല്‍ പൈസ പലരുമിട്ടു. എല്ലാ ബസുകളും ഒന്‍പതുമണി വരെ അഞ്ച് സര്‍വീസുകള്‍ നടത്തി. സര്‍വീസ് നടത്തുന്നതിന് ഡീസലിനുള്ള തുക ബസ് ഉടമകള്‍ തന്നെയാണ് നല്‍കിയത്. ജീവനക്കാരും സൗജന്യമായി ജോലി ചെയ്തു.

വേണ്ടത് 40 ലക്ഷം

അമല്‍ സുകുവിന്റെ രക്തമൂല കോശങ്ങള്‍ മാറ്റി വെക്കണം. 40 ലക്ഷം രൂപ ഇതിനായി ചെലവാകും. എന്നാല്‍ നിര്‍ധന കുടുംബത്തിന് ഈ തുക താങ്ങാനാവില്ല. തുടര്‍ന്നാണ് നാട്ടുകാര്‍ അമല്‍ ചികിത്സാ സഹായനിധി രൂപവത്കരിച്ചത്. എസ്.ബി.ഐ. കാരിക്കോട് ശാഖയില്‍ വാര്‍ഡ് കൗണ്‍സിലര്‍ മിനി മധുവിന്റെയും അമലിന്റെ മാതാവ് മഞ്ജുവിന്റെയും പേരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 37266800308, ഐ.എഫ്.എസ്. കോഡ് എസ്.ബി.ഐ.എന്‍. 0070886.