വാകത്താനം പോലീസ് സ്റ്റേഷനിൽ കേക്ക് മുറിച്ച് അഭിലാഷും മായമോളും വിവാഹവാർഷികം ആഘോഷിച്ചപ്പോൾ| Photo: Special arrangement
കല്യാണം കഴിഞ്ഞാല്‍പ്പിന്നെ വധുവുമൊത്ത് നേരെ വരന്റെ വീട്ടിലേക്ക്. അതാണ് പതിവ്. പക്ഷേ എട്ടുകൊല്ലം മുന്‍പ്, വിവാഹ രജിസ്റ്ററില്‍ ഒപ്പിട്ട ശേഷം കോട്ടയം സ്വദേശികളായ അഭിലാഷ് മുരളീധരനും മായമോളും നേരെ പോയത് അഭിലാഷിന്റെ വീട്ടിലേക്ക് ആയിരുന്നില്ല. പകരം വാകത്താനം പോലീസ് സ്റ്റേഷനിലേക്കായിരുന്നു. എന്നിട്ട് പോലീസുകാരോട് അഭിലാഷ് പറഞ്ഞു; സര്, പ്രണയവിവാഹമായിരുന്നു. പെണ്‍വീട്ടുകാര്‍ക്ക് അല്പം എതിര്‍പ്പുണ്ട്. പ്രശ്നമുണ്ടാക്കരുതെന്ന് പറയണം.
അഭിലാഷിന്റെ അഭ്യര്‍ഥന പോലീസുകാര്‍ തള്ളിക്കളഞ്ഞില്ല. അവര്‍ ഇരുവീട്ടുകാരുമായും സംസാരിച്ചു. സംഗതി രമ്യമായി പരിഹരിച്ചു. എന്നിട്ട് അഭിലാഷിനോട് പറഞ്ഞു, നന്നായി ജീവിച്ചു കാണിച്ചു കൊടുക്കണമെന്ന്.
എന്തായാലും അന്ന് ആ പോലീസുകാര്‍ നല്കിയ നിര്‍ദേശം അഭിലാഷും മായയും ശിരസാവഹിച്ചു. ഇന്ന് വാകത്താനം പോലീസ് സ്റ്റേഷനിലെ ഡ്രൈവറാണ് അഭിലാഷ്. മായ, വെള്ളുത്തുരുത്തി ഗവ. എല്‍.പി. സ്കൂള്‍ അധ്യാപികയും.
പോലീസ് സ്റ്റേഷനില്‍ കേക്ക് മുറിച്ച് ഹാപ്പി വെഡ്ഡിങ് ആനിവേഴ്സറി!
എട്ടുകൊല്ലത്തിനിപ്പുറം, ജനുവരി 16 തിങ്കളാഴ്ച അതേ വാകത്താനം സ്റ്റേഷനില്‍ കേക്കുമായി എത്തി അഭിലാഷും മായയും എട്ടാം വിവാഹവാര്‍ഷികം ആഘോഷിച്ചു. വിവാഹവാര്‍ഷികം പോലീസ് സ്റ്റേഷനില്‍ കേക്ക് മുറിച്ച് ആഘോഷിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍- ജീവിതം തുടങ്ങിയിടത്തുവെച്ച് ആഘോഷിക്കാമെന്ന് കരുതി എന്നായിരുന്നു അഭിലാഷിന്റെ മറുപടി. വിവാഹസമയത്ത് അല്പം എതിര്‍പ്പുണ്ടായിരുന്നെങ്കിലും മൂന്നുമാസം കഴിഞ്ഞപ്പോള്‍ മായമോളുടെ വീട്ടുകാര്‍ പിണക്കമൊക്കെ മറന്നെത്തുകയും ചെയ്തിരുന്നു.

ആ ബസ് യാത്രയില്‍ മൊട്ടിട്ട പ്രണയം
കോട്ടയത്ത് സ്വകാര്യ ബസിലെ ഡ്രൈവര്‍ ആയിരിക്കെയാണ് അഭിലാഷും മായയും തമ്മില്‍ പ്രണയത്തിലാകുന്നത്. അന്ന് ആ ബസിലെ പതിവുയാത്രക്കാരി ആയിരുന്നു ടി.ടി.സി. വിദ്യാര്‍ഥിനിയായിരുന്ന മായ. നാലുകൊല്ലത്തെ പ്രണയം. ഇനി ജീവിതയാത്രയും ഒരുമിച്ചാകട്ടെ എന്ന തീരുമാനത്തില്‍ 2014 ജനുവരി 16-ന് ഇവര്‍ കോട്ടയം രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരായി. പിന്നീടാണ് നേരെ വാകത്താനം പോലീസ് സ്റ്റേഷനിലെത്തുന്നത്. അന്ന് അനീഷ് വി. കോരയായിരുന്നു വാകത്താനം സ്റ്റേഷനിലെ സി.ഐ. ഇന്ന് അദ്ദേഹം ഡിവൈ.എസ്.പിയാണ്. എസ്.ഐ.മാരായിരുന്ന കൃഷ്ണന്‍കുട്ടി, നാരായണന്‍കുട്ടി, സി.പി.ഒ. ആയ സുനില്‍ എന്നിവരും അന്ന് ഉണ്ടായിരുന്നു. സുനില്‍ ഇന്ന് ഗ്രേഡ് എസ്.ഐയാണ്.

മക്കള്‍ക്കൊപ്പം| Photo: Special arrangement
അഭിലാഷ് പോലീസിലേക്ക്, മായ അധ്യാപിക
പോലീസിന്റെ കാക്കി ധരിക്കുന്നതിന് മുന്‍പ് കുറച്ചുകാലം വാകത്താനം സ്റ്റാന്‍ഡില്‍ അഭിലാഷ് ഓട്ടോ ഓടിച്ചിരുന്നു. പിന്നീട് കെ.എസ്.ആര്.ടി.സിയില്‍ എംപാനല്‍ ഡ്രൈവറായും ജോലി നോക്കി. ഇതിനിടെ പ്രൈവറ്റായി ഡിഗ്രി പൂര്‍ത്തിയാക്കി. മായ ചങ്ങനാശ്ശേരിയില്‍നിന്ന് ബി.എഡ്ഡും പൂര്‍ത്തിയാക്കി. 2017-ലാണ് അഭിലാഷ് പോലീസ് സര്‍വീസില്‍ കയറുന്നത്. നേരത്തെ കുട്ടിക്കാനം പോലീസ് ക്യാമ്പിലായിരുന്ന അഭിലാഷ്, എട്ടുമാസം മുന്‍പാണ് വാകത്താനം സ്റ്റേഷനിലേക്ക് എത്തുന്നത്. ഇതിനിടെ ടി.ടി.സി. യോഗ്യതയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികയായി. രണ്ടാംക്ലാസ് വിദ്യാര്‍ഥി അദ്വൈതും എല്‍.കെ.ജി. വിദ്യാര്‍ഥി ആദിദേവുമാണ് അഭിലാഷ്-മായമോള് ദമ്പതിമാരുടെ മക്കള്‍.
Content Highlights: this is why abhilash and mayamol celebrated their wedding anniversary at vakathanam police station
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..