വിഷ്ണു
കിളിമാനൂര്‍: കായലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ മരണത്തിനു വിട്ടുകൊടുക്കാതെ ജീവിതത്തിലേക്ക് കരകയറ്റിയ കിളിമാനൂര്‍ സ്വദേശി വിഷ്ണുവിന് ആശംസാ പ്രവാഹം. ദേശീയപാതയില്‍ തോട്ടപ്പള്ളി സ്പില്‍വേ പാലത്തില്‍നിന്ന് ജീവനൊടുക്കാനായി കായലിലേക്ക് ചാടിയതാണ് യുവതി. കഴിഞ്ഞ ദിവസം രാവിലെ 10-നായിരുന്നു സംഭവം.
തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പോകാനായി തമ്പാനൂരില്‍ നിന്ന് കെ.എസ്.ആര്.ടി.സി. ബസില്‍ യാത്ര ചെയ്യുകയായിരുന്നു കിളിമാനൂര്‍ വാലഞ്ചേരി കൊല്ലോണത്തു വീട്ടില്‍ വിഷ്ണു(22). ബസ് തോട്ടപ്പള്ളി പാലത്തിലെത്തിയപ്പോള്‍ മുന്നില്‍ ഒരു പെണ്‍കുട്ടി കായലിലേക്ക് ചാടിയത് ബസ് ജീവനക്കാരും യാത്രക്കാരും കണ്ടു.
പെട്ടെന്നു തന്നെ ബസിലുണ്ടായിരുന്ന വിഷ്ണു കായലിലേക്ക് ചാടി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. മുങ്ങിത്താഴാതെ സാഹസികമായി രക്ഷപ്പെടുത്തിയപ്പോള്‍ പെണ്‍കുട്ടിയെ കരയിലെത്തിക്കുന്നതിന് സഹായവുമായി മറ്റൊരു യാത്രക്കാരനുമെത്തി. വിഷ്ണു യുവതിയെ രക്ഷിച്ച് കരയിലേക്ക് എത്തിച്ചപ്പോഴേയ്ക്കും ബസ് പുറപ്പെട്ടിരുന്നു.
ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ രേഖകളടങ്ങിയ ബാഗ് ബസിനുള്ളിലായിരുന്നതിനാല് പ്രദേശവാസിയുടെ ബൈക്കില്‍ ഏറെ ദൂരം പിന്തുടര്ന്നാണ് വിഷ്ണുവിന് ബസിനെ കണ്ടെത്താനായതും യാത്ര തുടരാനായതും. ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും ഒരു ജീവന് രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് വിഷ്ണു.
തങ്കന്-കുമാരി ദമ്പതിമാരുടെ മകനാണ്. തിരുവനന്തപുരം കേശവദാസപുരത്തെ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരനാണ്. ഓഫീസിലെ ആവശ്യങ്ങള്‍ക്കായി വൈറ്റിലയിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്കുള്ള യാത്രയിലാണ് യുവതിയെ മരണത്തിന് വിട്ടുകൊടുക്കാതെ രക്ഷകനായത്.
Content Highlights: thiruvananthapuram native vishnu rescues woman who jumps into water to end life
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..