താനാളൂരിലെ വനിതാ ഹോട്ടലിൽനിന്ന്
താനൂര്‍: സബ്സിഡിയായോ വായ്പയായോ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹായമൊന്നുമില്ല. എങ്കിലും അതോര്‍ത്ത് ഈ സഹോദരിമാര്‍ തല പുണ്ണാക്കാറില്ല. വിശന്നുവരുന്നവര്‍ക്കെല്ലാം മറ്റ് കുടുംബശ്രീഹോട്ടലുകളിലെപ്പോലെ ഇവിടെയും വെറും 20 രൂപയ്ക്ക് ഊണ് വിളമ്പുന്നു.
താനാളൂര്‍ ഒ.കെ. പാറയിലെ സ്പന്ദനം കുടുംബശ്രീ അംഗങ്ങളായ എ. സൈനബ, കെ. ആരിഫ, എ. സഹീറ, കെ. സൈഫുന്നീസ എന്നിവരാണ് ഒരുവര്‍ഷമായി ഈ സംരംഭത്തിന് നേതൃത്വംനല്കുന്നത്.
താനാളൂര്‍ അങ്ങാടിയുടെ ഹൃദയഭാഗത്ത് നൂറുകണക്കിന് ആളുകള്‍ക്കാണ് ഇവര്‍ ഈ സഹായമേകുന്നത്. 20 രൂപ നിരക്കിലെ ഊണിനൊപ്പം രണ്ട് കറികള്‍, കൂട്ടുകറി, ഉപ്പേരി, അച്ചാര്‍, പപ്പടം എന്നീ വിഭവങ്ങളുമുണ്ട്. 2021 ഡിസംബര്‍ 31-ന് ആരംഭിച്ച ഈ സംരംഭത്തിന്റെ വാര്‍ഷികദിനത്തില്‍ എല്ലാവര്ക്കും സൗജന്യമായി ഇവര്‍ ഭക്ഷണം നല്‍കിയിരുന്നു.
കുടുംബശ്രീ സംരംഭകത്വ രജിസ്ട്രേഷന് ഉണ്ട്. സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതി സഹായത്തിന് ഇവര്‍ അപേക്ഷിച്ചിരുന്നു. താനാളൂരില്‍ ഈ പദ്ധതി പ്രകാരം മറ്റൊരുസംരംഭം പ്രവര്‍ത്തിക്കുന്നതിനാല്‍ രണ്ടാമത് ഒന്നുകൂടി അനുവദിക്കാന്‍ നിര്‍വാഹമില്ലെന്ന് മറുപടി ലഭിച്ചു.
നിത്യോപയോഗ സാധനങ്ങളുടെയും പാചക ഗ്യാസിന്റെയും വില വര്‍ധന, വൈദ്യുതി ബില്‍, ഭാരിച്ച വാടക തുടങ്ങിയ എല്ലാ പ്രതിസന്ധികളും മറികടന്ന് മുന്നോട്ടുതന്നെയാണ് ഇവരുടെ പ്രയാണം.
ഡ്രൈവര്‍മാര്‍, കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍, സ്വകാര്യ സ്ഥാപനങ്ങളിലും, കടകളിലും ജോലിചെയ്യുന്നവര്‍ തുടങ്ങി ഏറെ പേര്‍ക്ക് 20 രൂപയ്ക്ക് അന്നം നല്കാന് ഇവര്‍ കാണിക്കുന്ന സന്മനസ്സ് താനാളൂരുകാര്ക്ക് അഭിമാനമായി മാറിയിട്ടുണ്ട്.
ജോലിസ്ഥലങ്ങളിലേക്കും വീടുകളിലേക്കും ഓര്‍ഡര്‍പ്രകാരം ഭക്ഷണം എത്തിച്ചുനല്‍കുന്നുമുണ്ട്. ഈ സംരംഭത്തിനുകൂടി സര്‍ക്കാര്‍സഹായം നല്‍കണമെന്നാവശ്യപ്പെട്ട് ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രി, സ്ഥലം എം.എല്‍.എ.യും മന്ത്രിയുമായ വി. അബ്ദുറഹ്മാന് എന്നിവര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ്.
Content Highlights: thanaloor kudumbasree members hotel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..