ഗൗരിനന്ദയുടെ വീട്ടിൽ ഞാറയ്ക്കൽ അസി. എൻജിനീയർവി.പി. ബാബുരാജ് വൈദ്യുതി കണക്ഷൻ നൽകുന്നു.
ചെറായി: വീട്ടില്‍ ആദ്യമായി വൈദ്യുതിവിളക്ക് തെളിഞ്ഞപ്പോള്‍ ഗൗരിനന്ദയുടെ ജീവിതത്തിലേക്കാണ് വെളിച്ചമെത്തിയത്. പഠനക്ലാസുകള്‍ മുടങ്ങാതിരിക്കാന്‍ വയറിങ് അടക്കമുള്ള ജോലികള്‍ വേഗം പൂര്‍ത്തിയാക്കിയാണ് എസ്.ഡി.പി.വൈ. കെ.പി.എം. ഹൈസ്കൂളിലെ പത്താംക്ലാസുകാരിയായ ഗൗരിനന്ദയുടെ വീട്ടിലേക്ക് വൈദ്യുതിയെത്തിച്ചത്. സ്കൂളിലെ അധ്യാപകര്‍ മുന്‍കൈയെടുത്താണ് ഇത് സാധ്യമാക്കിയത്.
ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് എടവനക്കാട്, ഗൗരിനന്ദയുടെ അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ക്ലാസ് ടീച്ചര്‍ കെ.കെ. സരോജം എത്തിയപ്പോഴാണ് ഗൗരിനന്ദയുടെ ജീവിതസാഹചര്യങ്ങള്‍ നേരിട്ടറിഞ്ഞത്. അവര്‍ ഇക്കാര്യം സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ചുമതല വഹിക്കുന്ന അധ്യാപകനായ കെ.ജി. ഹരികുമാര്‍ ഞാറയ്ക്കല്‍ അസിസ്റ്റന്റ് എന്‍ജിനീയറുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കുകയായിരുന്നു.
സ്കൂളിലെ എസ്.പി.സി. യൂണിറ്റ്, ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റ്, ക്ലാസ് ടീച്ചര്‍ എന്നിവര്‍ ചേര്‍ന്ന് സാമ്പത്തികച്ചെലവുകള്‍ വഹിക്കാമെന്നേറ്റു. വയറിങ് ജോലികള്‍ സ്കൂളിലെ പി.ടി.എ. വൈസ് പ്രസിഡന്റായ കെ.എ. അബ്ദുള്‍ റസാക്കിന്റെ നേതൃത്വത്തില്‍ രണ്ടുദിവസംകൊണ്ട് പൂര്‍ത്തിയാക്കി.
ഞാറയ്ക്കല്‍ പഞ്ചായത്തില്‍ നിന്നും വില്ലേജ് ഓഫീസില്‍ നിന്നും സഹകരണ ബാങ്കില്‍ നിന്നുമെല്ലാം ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകളും വേഗം കിട്ടി. വൈദ്യുതിവകുപ്പും നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി. മൂന്നുമണിയോടെ അസി. എന്‍ജിനീയര്‍ വി.പി. ബാബുരാജിന്റെയും സബ് എന്‍ജിനീയര്‍ സി.സി. കാളിദാസന്റെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷന് നല്‍കുകയായിരുന്നു.
എസ്.ഡി.പി.വൈ. കെ.പി.എം. ഹൈസ്കൂള്‍ പി.ടി.എ. പ്രസിഡന്റ് ആന്റണി സാബു, ഹെഡ്മിസ്ട്രസ് എ.കെ. ശ്രീകല, അധ്യാപകരായ കെ.കെ. സരോജം, ടി. രത്നം, മുന്‍ അധ്യാപികയായ എം. ശ്രീദേവി എന്നിവര്‍ സാക്ഷ്യംവഹിക്കാനെത്തി.
ഏഴാംക്ലാസുകാരനായ അനിയന്കൂടിയുണ്ട് ഗൗരിനന്ദയ്ക്ക്. കുട്ടികള്‍ക്ക് പഠനസൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി എറണാകുളത്തെ സാമൂഹിക പ്രവര്‍ത്തകനും സിവില്‍ കോണ്‍ട്രാക്ടറുമായ ഷിജി തോമസ് മേശയും കസേരകളും കൊടുത്തു. പ്രദേശത്തെ സി.പി.എം. പ്രവര്‍ത്തകര്‍ ടെലിവിഷന്‍ നല്കി. കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഭാരവാഹി അനില്‍ പ്ലാവിയന്‍സ്, ഡെന്‍ നെറ്റ്വര്‍ക്ക് ഫ്രാഞ്ചൈസി വിന്‍സന്റ് എന്നിവര്‍ മുന്‍കൈയെടുത്ത് കേബിള്‍ കണക്ഷനും നല്കി. പറവൂര്‍ ലക്ഷ്മി കോളേജിലെ 1997 ബാച്ചിലെ ഗണിതശാസ്ത്ര ബിരുദ വിദ്യാര്‍ഥികളുടെ കൂട്ടായ്മ കുട്ടികളുടെ അധ്യയനവര്‍ഷത്തെ പഠനച്ചെലവ് വഹിക്കാമെന്ന് സ്കൂള്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്.
content highlights: tenth stantard student gouri nanda's home gets electric connection
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..