മരം നടുന്ന സുരേഷ് മാഷ്; രണ്ടരപ്പതിറ്റാണ്ടുകൊണ്ട് സ്‌കൂള്‍ വളപ്പില്‍ ഒരു പച്ചത്തുരുത്തുണ്ടാക്കിയ കഥ


ഷാന്‍ ജോസഫ്

സുരേഷ് മാഷ്‌ സ്കൂൾ പ്രവേശനകവാടത്തിലെ മുളകൾക്കരികിൽ

രങ്ങള്‍ നട്ടും പരിപാലിച്ചും സുരേഷ് മാഷ് നെല്ലാറച്ചാല്‍ സ്‌കൂളിലുണ്ട്. പാഠപുസ്തകത്തിനപ്പുറം പ്രകൃതിയെ പകര്‍ന്നുനല്‍കുന്ന ഗുരുനാഥന്‍. കുട്ടികളെയും സഹപ്രവര്‍ത്തകരെയും കൂട്ടുപിടിച്ച് രണ്ടരപ്പതിറ്റാണ്ടുകൊണ്ട് ഒരു പച്ചത്തുരുത്തുണ്ടാക്കിയ കഥ...


2000 ജൂണ്‍ ഒന്ന്. പുതുവര്‍ഷം, പുതുനൂറ്റാണ്ട്. ആ പിറവിയുടെ ഓര്‍മയ്ക്കായി നെല്ലാറച്ചാല്‍ സ്‌കൂള്‍മുറ്റത്തൊരു മരം നടുകയാണ്. 'നൂറ്റാണ്ടിന്റെ മരം' നടാന്‍ ഹരിതകര്‍മസേന ക്ലബ്ബിന്റെ സാരഥി സുരേഷ് മാസ്റ്ററെത്തി. നടാന്‍ കൊണ്ടുവന്നത് ആല്‍മരത്തിന്റെ തൈ. ചടങ്ങിനെത്തിയ അധ്യാപകരും രക്ഷിതാക്കളുമുള്‍പ്പെടെയുള്ളവരില്‍ ചിലര്‍ ആല്‍മരം കണ്ടതോടെ ശങ്കിച്ചുനിന്നു.'തന്നോളം ആലെത്തിയാല്‍ താന്‍ പോകും' എന്നൊരു അന്ധവിശ്വാസം ആളുകള്‍ക്കിടയിലുണ്ട്. ആല്‍മരംവെക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കും. പക്ഷേ, സുരേഷ് തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. സ്‌കൂളിലെ പ്രധാനകെട്ടിടത്തിന് അഭിമുഖമായി തൈ നട്ടു. ഹരിതകര്‍മസേനയിലെ കുട്ടികള്‍ അതിനെ വെള്ളവും വളവും നല്‍കി പരിചരിച്ചു. വര്‍ഷങ്ങള്‍ കടന്നുപോയി. വെയിലും മഴയും പ്രളയവും വരള്‍ച്ചയുമെല്ലാമുണ്ടായി. 22 വര്‍ഷത്തിനിപ്പുറം നൂറ്റാണ്ടിന്റെ മരം തലയെടുപ്പോടെ സ്‌കൂള്‍മുറ്റത്ത് തണല്‍വിരിച്ചുനില്‍ക്കുന്നു. അധ്യാപനജീവിതത്തില്‍ രജതജൂബിലി ആഘോഷിക്കുന്ന സുരേഷ് മാസ്റ്റര്‍ ആല്‍മരത്തണലിലിരുന്ന് പുതിയ തലമുറയ്ക്ക് പ്രകൃതിയെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നു. പാഠം ഒന്ന് -മരം ഒരുവരം.

സ്‌കൂള്‍ മുറ്റത്തെ നൂറ്റാണ്ടിന്റെ മരത്തിനു ചുവട്ടില്‍ കുട്ടികളോടൊപ്പം സുരേഷ്

ശാന്തം, പ്രകൃതിയുടെ പാഠം

ഏഴേക്കര്‍ വിസ്തൃതിയുണ്ട് നെല്ലാറച്ചാല്‍ സ്‌കൂള്‍വളപ്പിന്. കുന്നിന്‍മുകളില്‍ മരങ്ങള്‍ വളര്‍ന്നുപന്തലിച്ച പച്ചപ്പിന്റെ കൂടാരം. മാറിമാറിവന്ന അധ്യാപകരെയും വിദ്യാര്‍ഥികളെയും കൂട്ടുപിടിച്ച് സുരേഷ് മാസ്റ്റര്‍ നട്ടുപിടിപ്പിച്ചവയാണീ മരങ്ങളോരോന്നും. സ്‌കൂളിലേക്കുകടക്കുമ്പോള്‍മുതല്‍ പച്ചപ്പിന്റെ തണുപ്പ് വന്നുതൊടും. ഇരുവശത്തും ഇടതൂര്‍ന്നുനില്‍ക്കുന്ന മുളങ്കൂട്ടങ്ങള്‍. കുന്നിന്‍മുകളിലെത്തിയാല്‍ കുടവിരിച്ച തണല്‍മരങ്ങള്‍. നിറയെ മാവും പ്ലാവും ആല്‍മരവും പേരയും. മീനച്ചൂടില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കുള്ളില്‍ ചൂടുനിറയുമ്പോള്‍ അധ്യാപകര്‍ കുട്ടികളെയും കൂട്ടി മരത്തണലിലേക്കിറങ്ങും. കുരുന്നുകളെ പ്രകൃതിയെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ അവര്‍ പ്രകൃതിയിലേക്ക് കണ്ണോടിക്കും. ശാന്തമായ അന്തരീക്ഷത്തില്‍ അവര്‍ പ്രകൃതിസ്‌നേഹത്തിന്റെ പുതിയപാഠങ്ങള്‍ പഠിക്കുന്നു.

സ്‌കൂളാണ് മാഷിനെല്ലാം

1998 ജൂണ്‍ ഒന്നിനാണ് യു.പി.വിഭാഗം അധ്യാപകനായി സുരേഷ് നെല്ലാറച്ചാല്‍ സ്‌കൂളിലെത്തുന്നത്. 24 വര്‍ഷമായി ഇതേ സ്‌കൂളില്‍ത്തന്നെ. ഇന്നാട്ടുകാരനായതിനാല്‍ രക്ഷിതാക്കളുമായി നല്ലബന്ധം. കര്‍ഷകരായ ഇവര്‍ക്ക് മാഷിന്റെ പ്രകൃതിസ്‌നേഹം നന്നായി ബോധിച്ചു. ഹരിതകര്‍മസേനാ ക്ലബ്ബിന്റെ അമരക്കാരനായി അദ്ദേഹം മുന്നിലിറങ്ങും. അധ്യാപകരും കുട്ടികളുമെല്ലാം ഒപ്പംകൂടും. ഒഴിവുനേരങ്ങളിലും രാവിലെയും വൈകീട്ടുമെല്ലാം മരങ്ങളെ പരിപാലിക്കാന്‍ ഇവര്‍ സമയം കണ്ടെത്തുന്നു.

ക്ലബ്ബ് അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ ചുമതല നല്‍കിയിട്ടുണ്ട്. ഏറെക്കാലം സ്‌കൂള്‍ പൂട്ടിക്കിടന്ന കോവിഡ് കാലത്തുപോലും മരങ്ങളെ പരിപാലിക്കാന്‍ മാഷും കുട്ടികളും സ്‌കൂളിലെത്തിയിരുന്നു. സ്‌കൂള്‍ പ്രഥമാധ്യാപിക ഷീജാ മാത്യു, പി.ടി.എ. പ്രസിഡന്റ് സതീഷ് കുമാര്‍ എന്നിവര്‍ ഹരിതകര്‍മസേനയ്ക്ക് എല്ലാപിന്തുണയും നല്‍കുന്നു. സ്‌കൂളിലെ ഒ.എ. ജെയിംസ് സെബാസ്റ്റ്യനാണ് ഹരിതവിപ്ലവത്തില്‍ സുരേഷ് മാഷിന് കൂട്ട്.

പ്രാര്‍ഥനകളുടെ നക്ഷത്രവനം

സ്‌കൂള്‍വളപ്പിലെ നക്ഷത്രവനമാണ് മറ്റൊരാകര്‍ഷണം. പത്തുസെന്റില്‍ പരിപാലിക്കുന്ന നക്ഷത്രവനത്തില്‍ 27 മരങ്ങളുണ്ട്. ഭാരതീയ ജ്യോതിഷത്തില്‍ അശ്വതിമുതല്‍ രേവതിവരെയുള്ള നക്ഷത്രങ്ങളില്‍ ഓരോന്നിനും കല്‍പ്പിക്കപ്പെട്ടിരിക്കുന്ന വൃക്ഷങ്ങളാണ് ഇവ. കാഞ്ഞിരം, നെല്ലി, അത്തി, ഞാവല്‍ അങ്ങനെ 27 ഇനം. നക്ഷത്രവൃക്ഷങ്ങളെ പരിപാലിക്കുന്നത് കുട്ടികള്‍ ഓരോരുത്തരുമാണ്. തങ്ങളുടെ നക്ഷത്രത്തിന്റെ മരങ്ങളെ നന്നായി പരിപാലിച്ചാല്‍ ആയുസ്സും ആരോഗ്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.

Content Highlights: teacher from wayanad makes greenery in school compound


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented