• അമേരിക്കയിൽനിന്നു വരുത്തിച്ച ഇൻസുലിൻ പമ്പ് നന്ദനയ്ക്ക് സുരേഷ്ഗോപിയുടെ ഭാര്യ രാധിക കൈമാറുന്നു
തിരുവനന്തപുരം: കൽപ്പറ്റ കോട്ടത്തറയിൽനിന്ന് ബുധനാഴ്ച തലസ്ഥാനത്ത് എത്തിയ നന്ദനയെ ചേർത്തുപിടിച്ചപ്പോൾ സുരേഷ്ഗോപിയുടെ കൈയിൽ അവളുടെ വേദനയ്ക്കുള്ള പരിഹാരവുമുണ്ടായിരുന്നു. ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സെന്റർ അപൂർവമായ സ്നേഹസംഗമത്തിനാണ് സാക്ഷ്യംവഹിച്ചത്. സുരേഷ്ഗോപി വാങ്ങിനൽകിയ ‘ഇൻസുലിൻ പമ്പ്’ എന്ന ഉപകരണം ശരീരത്തിൽ ഘടിപ്പിച്ച് തന്റെ രോഗാവസ്ഥയിൽ ആശ്വാസം കണ്ടാണ് നന്ദന മടങ്ങിയത്.
കൽപ്പറ്റയിൽ ഓട്ടോഡ്രൈവറായ മനോജിന്റെയും അനുപമയുടെയും മകൾ നന്ദന ടൈപ്പ്-ഒന്ന് പ്രമേഹരോഗിയാണ്. ദിവസവും പലതവണ ശരീരത്തിൽ സൂചിയിറക്കി പ്രമേഹനില പരിശോധിക്കേണ്ട അവസ്ഥയിലായിരുന്നു. ഇൻസുലിൻ പമ്പ് എന്ന ഉപകരണം ശരീരത്തിൽ പിടിപ്പിച്ചാൽ ഈ പ്രശ്നത്തിനു പരിഹാരം കാണാം. കഴിഞ്ഞ വയനാട് സന്ദർശനത്തിനിടെ നടൻ സുരേഷ്ഗോപിയെ കാണാൻ നന്ദനയുടെ മാതാപിതാക്കൾ എത്തിയിരുന്നു. ഇവരുടെ കണ്ണീർ കണ്ട് സുരേഷ്ഗോപി അന്ന് വാക്കുകൊടുത്തതാണ്- 'നന്ദനയ്ക്ക് ഇൻസുലിൻ പമ്പ് ഞാൻ വാങ്ങി നൽകാം'. ഇന്ത്യയിൽ ലഭ്യമല്ലാത്ത ഈ ഉപകരണം അമേരിക്കയിൽനിന്നാണ് വരുത്തിച്ചത്. ആറുലക്ഷം രൂപ വിലവരുന്ന ഇൻസുലിൻ പമ്പ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക നന്ദനയ്ക്കു കൈമാറി. ഡോ. ജ്യോതിദേവിന്റെ നേതൃത്വത്തിൽ ബുധനാഴ്ചതന്നെ ഇൻസുലിൻ പമ്പ് കുട്ടിയുടെ ശരീരത്തിൽ ഘടിപ്പിച്ചു.
Content Highlights: Suresh gopi donate insulin pump to Nandana
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..