സ്കൂളിലെ അനുമോദനമേറ്റുവാങ്ങിയ ദിയയും ജെനിലും മദർ സുപ്പീരിയർ സിസ്റ്റർ ലിറ്റി മരിയയ്ക്കൊപ്പം.
ഒല്ലൂര്‍: ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ തലയടിച്ചുവീണ് രക്തം വാര്‍ന്നൊഴുകിയ വിദ്യാര്‍ഥിനിയെ സന്ദര്‍ഭോചിതമായി ഇടപെട്ട് ആശുപത്രിയിലെത്തിച്ച് അഭിമാനമായി സഹോദരങ്ങളായ വിദ്യാര്‍ഥികള്‍. തൈക്കാട്ടുശ്ശേരി ചെറുശ്ശേരി മുത്തിപ്പീടിക വീട്ടില്‍ ജെക്സിന്റെയും രേഷ്മയുടെയും മക്കളായ ദിയയും ജെനിലുമാണ് സ്കൂളിലും നാട്ടിലും താരങ്ങളായത്. ഇരട്ടസഹോദരങ്ങളായ ഇരുവരും കുരിയച്ചിറ സെയ്ന്റ് പോള്‍സ് പബ്ലിക് സ്കൂളില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളാണ്.
രണ്ടാഴ്ചമുമ്പായിരുന്നു സംഭവം. വൈകീട്ട് സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകാന്‍ കുരിയച്ചിറ സെന്ററിലെ സ്റ്റോപ്പില്‍ ബസ് കാത്തുനില്ക്കുകയായിരുന്നു ദിയയും ജെനിലും. മാതൃവിദ്യാലയമായ സെയ്ന്റ് പോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും ബസ് സ്റ്റോപ്പിലുണ്ടായിരുന്നു.
ഈ സമയം പ്ലസ് വണ്‍ വിദ്യാര്‍ഥിനി തലചുറ്റി പിന്നിലേക്ക് വീണു. വീഴ്ചയില്‍ തലയില്‍ മുറിവേറ്റ് രക്തം വാര്‍ന്നുകൊണ്ടിരുന്നു.
വിദ്യാര്‍ഥിനിയുടെ കൂടെ സഹപാഠികളും സ്റ്റോപ്പില്‍ മറ്റ് യാത്രക്കാരും ഉണ്ടായിരുന്നെങ്കിലും അവര്‍ ഒന്നും ചെയ്യാനാകാതെ പകച്ചുനിന്നു. ഈ സമയം ദിയയും ജെനിലും ചേര്‍ന്ന് അതുവഴി വന്ന ഓട്ടോ കൈകാട്ടി നിര്‍ത്തി. പിന്നീട് ഇരുവരും അവിടെയുണ്ടായിരുന്ന മറ്റൊരാളും ചേര്‍ന്ന് വിദ്യാര്‍ഥിനിയെ ഓട്ടോയില്‍ കയറ്റി ജനറല്‍ ആശുപത്രിയിലെത്തിച്ചു.
ആശുപത്രി അധികൃതരെത്തി വിദ്യാര്‍ഥിനിയെ പരിശോധിക്കുന്നതിനിടയില്‍ വിവരമറിഞ്ഞ് വിദ്യാര്‍ഥിനി പഠിക്കുന്ന സ്കൂളില്‍നിന്ന് സിസ്റ്റര്‍മാരും അധ്യാപകരുമെത്തി. ഇവര്‍ കുട്ടിയുടെ രക്ഷിതാക്കളെ വിവരമറിയിച്ചു. ആശുപത്രിയില്‍നിന്ന് ദിയയും ജെനിലും നേരെ ഒല്ലൂരിലെ തറവാട്ടുവീട്ടിലെത്തിയശേഷം വീട്ടിലെത്താന്‍ വൈകുമെന്ന വിവരം അമ്മയെ വിളിച്ചുപറഞ്ഞു.
കഴിഞ്ഞ ദിവസം സ്കൂളിലെ വാര്‍ഷികാഘോഷച്ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സീലിയ, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിറ്റി മരിയ എന്നിവര്‍ ദിയയ്ക്കും ജെനിലിനും ഉപഹാരങ്ങള്‍ നല്കി. സ്നേഹാദരം നല്‍കാനുള്ള ഒരുക്കത്തിലാണ് ഇവരുടെ നാടും.
Content Highlights: students helps girl who fainted at bus stop
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..