വീട്ടിൽ വളർത്തുന്ന കാടക്കോഴികളെ ശ്രീജിത്ത് പരിപാലിക്കുന്നു.
ഗുരുവായൂര്‍: അറിയപ്പെടുന്ന കളരിപ്പയറ്റ് കലാകാരന്, ചുമട്ടുതൊഴിലാളി, ഓട്ടോ ഡ്രൈവര്‍, കാവടിയാട്ടക്കാരന്‍, പെട്രോള്‍ പമ്പ് ജീവനക്കാരന്... ഇതൊക്കെയായിരുന്നു ശ്രീജിത്ത്. എന്തു ജോലിയും അഭിമാനത്തോടെ ചെയ്തിരുന്ന കഠിനാധ്വാനി. ഇതിനിടെ, ജോലിചെയ്യുമ്പോഴുണ്ടായ അപകടത്തില്‍ ഇടതുകൈ മുറിച്ചുമാറ്റേണ്ടിവന്നു.
പക്ഷേ, തളര്‍ന്നില്ല, കോഴിവളര്‍ത്തലുമായി ജീവിതം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് ഈ യുവാവ്. കോട്ടപ്പടി ലക്ഷംവീട് കോളനിയില്‍ പട്ടണത്ത് ശ്രീനിവാസന്റെയും ഗിരിജയുടെയും മകനാണ് ശ്രീജിത്ത് (30). കോട്ടപ്പടി സെന്ററില്‍ ചുമട്ടുതൊഴിലാളിയായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് അപകടം പറ്റിയത്. ലോറിയില്‍നിന്ന് വെട്ടുകല്ല് ഇറക്കുകയായിരുന്നു. പെട്ടെന്ന് അടിതെറ്റിയപ്പോള്‍ വീഴാതിരിക്കാന്‍വേണ്ടി കല്ച്ചുമടുമായി തൊട്ടടുത്ത മതിലിലേക്ക് ചാരി. കല്ലുകള്‍ ഇടതുകൈയിലേക്ക് അമര്‍ന്നു. കടുത്ത വേദന തോന്നിയപ്പോള്‍ ചികിത്സ നടത്തിയെങ്കിലും കാര്യമാക്കിയില്ല.
പിന്നീട് മാസങ്ങള്‍ക്കുശേഷം ഇടതുകൈ അനക്കാന്‍പോലുമാകാത്ത സ്ഥിതിയായി. കൈയിലേക്ക് പഴുപ്പുകയറി. പല ആശുപത്രികളും പരീക്ഷിച്ചു. ഒടുവില്‍ കൈ മുറിക്കാതെ കഴിയില്ലെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന് വഴങ്ങിക്കൊടുത്തു. കഴിഞ്ഞ ജൂണ്‍ പതിനൊന്നിനായിരുന്നു തിരുവനന്തപുരം ആര്.സി.സി.യില്നിന്ന് കൈ മുറിച്ചത്.
തുടര്‍ചികിത്സയും വിശ്രമവും കഴിഞ്ഞപ്പോള്‍, ഈ ശാരീരികപരിമിതിവെച്ച് എന്തുചെയ്യാമെന്ന ചിന്തയുണ്ടായി. പല ജോലികള്‍ക്കും ശ്രമിച്ചു. ആരും ജോലി നല്‍കിയില്ല. അങ്ങനെയാണ് കോഴിവളര്‍ത്തല്‍ തിരഞ്ഞെടുത്തത്.
എട്ട് കോഴികള്‍, 15 കാടക്കോഴികള്‍, അഞ്ച് താറാവുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. വീടിന്റെ പിന്നില്‍ കൂടുകള്‍ തയ്യാറാക്കി. മുട്ടകള്‍ വിറ്റുകിട്ടുന്ന ചെറിയ വരുമാനമാണ് ശ്രീജിത്തിന്റെ ആശ്വാസം.
പക്ഷേ, കളരിപ്പയറ്റുള്‍പ്പെടെയുള്ള തന്റെ പഴയ ഇടങ്ങള്‍ തിരിച്ചുപിടിക്കാനും ശ്രീജിത്തിന്റെ മനസ്സ് കൊതിക്കുന്നു. അടുത്തിടെ കളരികേന്ദ്രത്തില് ചെന്ന് ഒറ്റക്കൈകൊണ്ട് ചെറുവടിപ്രയോഗം നടത്തി അഭിനന്ദനത്തിന് അര്‍ഹനായി. കോട്ടപ്പടി ചക്കപ്പന്തറയിലെ ഉത്സവത്തിന് കാവടിയാടിയും ശ്രദ്ധേയനായി. ഏതുസമയത്തും വിളിച്ചാല്‍ ഓടിയെത്തുന്ന നല്ലസുഹൃത്തുക്കളാണ് ശ്രീജിത്തിന്റെ ഊര്‍ജം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..