ജീവന്റെ മുത്തം....സഹോദരിമാരായ നിരഞ്ജനയും നന്ദനയും വയലാംകുഴി തോട്ടിൽ നിന്നും തങ്ങളെ രക്ഷിച്ച ശ്രീദുർഗാദാസിന് ചുംബനം നൽകുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി ഗായത്രി (ഇടത്) സമീപം| ഫോട്ടോ രാമനാഥ് പൈ
കോളിയടുക്കം (കാസര്‍കോട്): പെരുമഴയത്ത് കുത്തിയൊഴുകിയ തോട്ടില്‍നിന്ന് ഒരു കുടയും കൂട്ടുകാരികളുടെ കരളുറപ്പും കൊണ്ട് ജീവന് തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് രണ്ട് സഹോദരിമാര്‍. കോളിയടുക്കം വയലാംകുഴിയിലെ ബി.അരവിന്ദാക്ഷന്റെയും കെ.സുമയുടെയും മക്കളായ ബി.നന്ദന, ബി.നിരഞ്ജന എന്നിവരാണ് കൂട്ടുകാരി ശ്രീദുര്ഗാദാസിന്റെ സമയോചിത ഇടപെടലിനെത്തുടര്‍ന്ന് ജീവിതത്തിലേക്ക് കരപറ്റിയത്.
ഞായറാഴ്ച വൈകിട്ട് നൃത്തപഠനം കഴിഞ്ഞ് എളുപ്പവഴിയിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു നാല്‍വര്‍സംഘം. ശക്തമായ മഴയില്‍ കുടയും പിടിച്ചുള്ള നടത്തത്തിന് ഇടയില്‍ വയലാംകുഴി തോടിന്റെ അരികിടിഞ്ഞ് നിരഞ്ജന തോട്ടിലേക്ക് വീണു. കനത്ത മഴയെത്തുടര്‍ന്ന് നിറഞ്ഞ തോട്ടില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. മുങ്ങുന്ന അനിയത്തിയെ രക്ഷിക്കാനായി നന്ദനയും തോട്ടിലേക്ക് ചാടി. എന്നാല്‍ ഒഴുക്കിനെ അതിജീവിച്ച് കരപിടിക്കാന്‍ നീന്തലറിയാത്ത രണ്ടുപേര്‍ക്കുമായില്ല. രണ്ടുപേരും കൈകാലിട്ടടിച്ച് മുങ്ങിയും പൊങ്ങിയും ഒഴുകിത്തുടങ്ങി. അതുകണ്ട് നീന്തലറിയുന്ന ശ്രീദുര്‍ഗാദാസ് വെള്ളത്തിലേക്ക് ചാടി അവരെ രക്ഷിക്കുകയായിരുന്നു.
കരയിലുണ്ടായിരുന്ന ഗായത്രിദാസ് പകച്ചുപോയെങ്കിലും വെള്ളത്തില്‍ വീണവരെ കരകയറ്റാന്‍ കൈയിലുണ്ടായിരുന്ന കുട നീട്ടി ശ്രീദുര്ഗാദാസിനെ സഹായിച്ചു. സാധാരണ മുട്ടോളം വെള്ളം മാത്രമുണ്ടാകുന്ന തോട്ടില്‍ ശക്തമായ മഴയെത്തുടര്‍ന്ന് ഒരാള്‍പൊക്കത്തില്‍ വെള്ളമുയര്‍ന്നിരുന്നു. വയലാംകുഴിയിലെ കെ.വി.തുളസിദാസിന്റെയും സുമിതയുടെയും മകളാണ് സഹോദരിമാരെ രക്ഷിച്ച ശ്രീദുര്‍ഗാദാസ്. ചെമ്മനാട് ജി.എച്ച്.എസ്.എസില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയാണ്. തോട്ടില്‍ വീണ നന്ദന ചെമ്മനാട് ജി.എച്ച്.എസ്.എസില്‍ ഒന്‍പതിലും അനിയത്തി നിരഞ്ജനയും കൂട്ടുകാരി ഗായത്രിദാസും കോളിയടുക്കം ജി.യു.പി.എസില്‍ ആറാം തരത്തിലും പഠിക്കുന്നു. കെ.വി.ഹരിദാസിന്റെയും സി.വി.വിധുബാലയുടെയും മകളാണ് ഗായത്രിദാസ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..