ചാലിശ്ശേരി ജി.എൽ.പി.സ്‌കൂളിന് സ്ഥലം വാങ്ങാൻ സഹോദരിമാർ സൗജന്യമായി നൽകുന്ന കമ്മലുകൾ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി ഏറ്റുവാങ്ങുന്നു.
കൂറ്റനാട് (പാലക്കാട്): ചാലിശ്ശേരി ജി.എല്‍.പി. സ്‌കൂളിലെ സഹോദരിമാരായ വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ വികസനഫണ്ടിലേക്ക് സ്വര്‍ണക്കമ്മലുകള്‍ നല്‍കി. 650-ലധികം പെണ്‍കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ പ്രൈമറി വിദ്യാലയത്തിന് നിലവില്‍ 45 സെന്റ് സ്ഥലമാണ് ഉള്ളത്. എല്‍.പി. സ്‌കൂളിന് ചുരുങ്ങിയത് ഒരേക്കര്‍ വേണമെന്നാണ് വ്യവസ്ഥ. തൃത്താല ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയത്തില്‍ 18 ക്ലാസ് മുറികള്‍ വേണ്ടിടത്ത് നിലവില്‍ 12 ക്ലാസ് മുറികളാണ് ഉള്ളത്.
മന്ത്രി എം.ബി. രാജേഷ് സ്‌കൂളിന് പുതിയ കെട്ടിടത്തിനായി 1.2 കോടി എം.എല്‍.എ. ഫണ്ടില്‍നിന്ന് അനുവദിച്ചിട്ടുണ്ട്. ക്ലാസ് മുറികള്‍ക്കായി പുതിയ കെട്ടിടം പണിയുന്നതിനായി പുതുതായി 15 സെന്റ് ഭൂമി വാങ്ങാന്‍ പി.ടി.എ. തീരുമാനിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ ഫണ്ട് ശേഖരണം നടത്തിവരികയാണ്.
പുതുതായി സ്ഥലം വാങ്ങുന്നതിലേക്കാണ് നാലാംക്ലാസ് വിദ്യാര്‍ഥികളായ പ്രവ്ദ, അനുജത്തിയും യു.കെ.ജി. വിദ്യാര്‍ഥിയുമായ താനിയ എന്നിവര്‍ സ്വര്‍ണക്കമ്മലുകള്‍ നല്‍കിയത്. വട്ടമ്മാവ് വലിയകത്ത് വീട്ടില്‍ വി.എന്‍. ബിനു-ആരിഫാബീഗം ദമ്പതിമാരുടെ മൂന്നുമക്കളില്‍ മൂത്തവരാണ് ഇവര്‍ ഇരുവരും. കുട്ടികളുടെ തീരുമാനം സന്തോഷത്തോടെ രക്ഷിതാക്കള്‍ അംഗീകരിക്കുകയാണുണ്ടായത്.
തിങ്കളാഴ്ച സ്‌കൂള്‍ വാര്‍ഷികാഘോഷച്ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍. കുഞ്ഞുണ്ണി വിദ്യാര്‍ഥികളില്‍നിന്ന് കമ്മലുകള്‍ ഏറ്റുവാങ്ങി. സ്‌കൂളിന്റെ 96-ാമത് വാര്‍ഷികവും പഠനോത്സവവും ആഘോഷിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ആനി വിനു അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ കാദര്‍, ബ്ലോക്ക് മെമ്പര്‍ ധന്യ സുരേന്ദ്രന്‍, പഞ്ചായത്തംഗം പി.വി. രജീഷ്, സ്‌കൂള്‍ പ്രധാനധ്യാപകന്‍ ഇ. ബാലകൃഷ്ണന്‍, പി.ടി.എ. പ്രസിഡന്റ് വി.എന്‍. ബിനു, സ്‌കൂള്‍ ലീഡര്‍ അഭിഷേക് എന്നിവര്‍ സംസാരിച്ചു.
Content Highlights: sisters donates gold earring to school development fund
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..