കൊച്ചി: കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ ഏത് തീയതിയെക്കുറിച്ചും ചോദിച്ചു നോക്കൂ. ഏതു ദിവസമാണെന്ന് സിദ്ധാര്‍ഥ് കൃത്യമായി പറയും. തനിക്ക് താല്പര്യമുള്ള മേഖലയിലെ എന്തും കൃത്യമായി ഓര്‍ത്തിരിക്കാന്‍ സിദ്ധാര്‍ഥിന് കഴിയും.
 
ഐക്യരാഷ്ട്രസഭയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ ഡോ. മുരളി തുമ്മാരുകുടിയുടെയും ലേക് ഷോര്‍ ആശുപത്രിയിലെ ഡോ. ജയശ്രീ മണിയേലിലിന്റെയും മകനാണ് സിദ്ധാര്‍ഥ് മുരളി നായര്‍. ചായ, കാപ്പി, ഓംലറ്റ്, ചിക്കന്‍കറി എന്നിവയുണ്ടാക്കാനും സിദ്ധാര്‍ഥിനറിയാം. 16 വയസ്സുകാരന്‍ ഇതൊന്നും ചെയ്യുന്നതില്‍ അത്ഭുതമില്ലായിരിക്കാം. പക്ഷേ, രണ്ടര വയസ്സില്‍ അസ്‌പേര്‍ജേഴ്‌സ് സിന്‍ഡ്രോം ബാധിച്ച കുട്ടിയാണിവന്‍. ഇപ്പോള്‍ താന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനത്തിനൊരുങ്ങുകയുമാണ്.

വര്‍ണങ്ങളും ആകൃതികളും നിറഞ്ഞ ലോകമാണ് സിദ്ധാര്‍ഥിന്റെതെന്ന് മാതാപിതാക്കള്‍ തിരിച്ചറിയുകയായിരുന്നു. എന്തു മാധ്യമം ഉപയോഗിച്ചും സിദ്ധാര്‍ഥ് മനോഹര ചിത്രങ്ങള്‍ വരയ്ക്കും. ലാന്‍ഡ്‌സ്‌കേപ്പാണ് കൂടുതലിഷ്ടം. മസ്‌കറ്റില്‍ ജനിച്ച്, ജനീവയില്‍ വളര്‍ന്ന സിദ്ധാര്‍ഥ് 2006-ലാണ് തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂളിലെത്തിയത്.
 
sidharth painting
സിദ്ധാര്‍ഥിന്റെ പെയിന്റിങ്ങുകളില്‍ ഒന്ന് 
സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ അമ്പതോളം സ്ഥലത്ത് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പ്ലസ് വണ്ണില്‍. 7.7 ഗ്രേഡിലാണ് സി.ബി.എസ്.ഇ. പത്താം ക്ലാസ് വിജയിച്ചത്. സിദ്ധാര്‍ഥിന്റെ അസാധാരണ ഓര്‍മശക്തി എല്ലാവര്‍ക്കും അത്ഭുതമാണ്. സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യും. ട്രെഡ്മില്ലില്‍ വ്യായാമം, സൂര്യനമസ്‌കാരം, സൈക്ലിങ്, ഷട്ടില്‍ കളി തുടങ്ങി ഈ കുട്ടിയുടെ ദിനങ്ങള്‍ തിരക്കേറിയതാണ്. മലയാളം, ഇംഗ്ലീഷ് എന്നിവ അറിയാം. ഫ്രഞ്ചും പഠിക്കുന്നുണ്ട്.

വികസിത രാജ്യങ്ങളില്‍ ഇത്തരക്കാര്‍ക്ക് ജോലി ഉറപ്പാക്കുന്നുണ്ട്. ഇവര്‍ക്കല്ല പ്രത്യേക പരിഗണന നല്‍കുക. ഇവരോട് എങ്ങനെ പെരുമാറണമെന്ന് മറ്റുള്ളവരെയാണ് പരിശീലിപ്പിക്കുക. ഏല്‍പ്പിക്കുന്ന എന്തു കാര്യവും സിദ്ധാര്‍ഥ് കൃത്യമായി ചെയ്യും. സാമൂഹിക ഇടപഴകലില്‍ മാത്രമേ പ്രശ്‌നമുള്ളൂ. ടി.വി.യില്‍ കുക്കറി ഷോ മാത്രമേ കാണൂ. യാത്രകള്‍ ഇഷ്ടമാണ്. നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ആ ദിനങ്ങള്‍ ചോദിച്ചാല്‍ ദിവസമുള്‍പ്പെടെ പറയും. വിമാനത്തിന്റെ പേരുള്‍പ്പെടെ.

സിദ്ധാര്‍ഥിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം ഒരു കലണ്ടര്‍ തയ്യാറാക്കിയിരുന്നു. ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട്ഗാലറിയില്‍ ജനുവരി മൂന്നു മുതല്‍ ഏഴു വരെയാണ് പ്രദര്‍ശനം.

അസ്‌പേര്‍ജേഴ്‌സ്- ഓട്ടിസത്തിന്റെ ഗണത്തില്‍ വരുന്ന ഒരു രോഗമാണ് അസ്‌പേര്‍ജേഴ്‌സ്. ഭാഷ ഉപയോഗിച്ച് സമൂഹവുമായി ഇടപഴകാന്‍ പറ്റാത്തതാണ് പ്രധാന പ്രശ്‌നം. പ്രത്യേക ചികിത്സയില്ല. അവരുടെ താല്പര്യങ്ങള്‍ എന്തെന്ന് കണ്ടെത്തി അത് വളര്‍ത്തിയെടുക്കുകയാണ് ചെയ്യേണ്ടത്.