പരപ്പനങ്ങാടി ശിഹാബ് തങ്ങൾ ഫൗണ്ടേഷന് കീഴിൽ നൽകാനുള്ള റംസാൻകിറ്റുകൾ തയാറാക്കുന്ന വൊളന്റിയർമാർ
പരപ്പനങ്ങാടി (മലപ്പുറം): പുണ്യമാസത്തില്‍ സഹജീവികള്‍ക്ക് സഹായഹസ്തമേകുകയാണ് പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍. ജാതിമതഭേദമെന്യേ ഈ റംസാനില്‍ 3,000 കുടുംബങ്ങള്‍ക്ക് ഫൗണ്ടേഷന്‍ റംസാന്‍കിറ്റ് നല്‍കും. ആദ്യഘട്ടമായി റംസാന്‍ പത്തിന് 1250 കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കും.
അരി, പച്ചരി, പഞ്ചസാര, റവ, ഈത്തപ്പഴം, സേമിയ, ചായപ്പൊടി, മുളക്പൊടി, മല്ലിപ്പൊടി, ഓയില്‍ എന്നിവയടങ്ങിയ 1200 രൂപ വില വരുന്ന കിറ്റാണ് നല്‍കുന്നത്. ഫൗണ്ടേഷന്റെ വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് ഇതിനുള്ള തുക സമാഹരിക്കുന്നത്. കഴിഞ്ഞവര്‍ഷം രണ്ടായിരം പേര്‍ക്ക് കിറ്റ് നല്‍കി.
ആറായിരം കുടുംബങ്ങള്‍ക്ക് പെരുന്നാള്‍കിറ്റ് നല്‍കാനും പദ്ധതിയുണ്ട്. നെയ്ച്ചോര്‍ അരി, നെയ്യ്, മുന്തിരി, കശുവണ്ടി, മസാല, ഉള്ളി, തക്കാളി, സേമിയോ എന്നിവയടങ്ങിയതാണ് പെരുന്നാള്‍ കിറ്റ്. കഴിഞ്ഞതവണ 5,500 വീടുകളിലേക്കാണ് കിറ്റെത്തിച്ചത്.
അഞ്ചപ്പുര ആസ്ഥാനമായി 2016 മുതല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് കാലത്തും പ്രളയസമയങ്ങളിലും പ്രദേശത്തെ ജനങ്ങള്‍ക്ക് സാന്ത്വനമാവാന്‍ കഴിഞ്ഞിട്ടുണ്ട്. കോവിഡ് സമയത്ത് നൂറിലേറെ മൃതദേഹങ്ങളാണ് ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ വൊളന്റിയര്‍മാര്‍ ഖബറടക്കിയത്. പ്രളയത്തില്‍ അകപ്പെട്ടവരെ സുരക്ഷിത സ്ഥലങ്ങളില്‍ എത്തിക്കാനും ആവശ്യമായ സാധനങ്ങള്‍ നല്‍കാനും വീടുകള്‍ വൃത്തിയാക്കാനും മുന്നിട്ടിറങ്ങിയിരുന്നു.
ഡയാലിസിസ് ചെയ്യുന്ന 40 കിഡ്നി രോഗികള്‍ക്കും പാവപ്പെട്ട 60 വിധവകള്‍ക്കും പ്രതിമാസം 1000 രൂപ വീതം പെന്‍ഷന്‍ നല്‍കിവരുന്നുണ്ട്. ഏഴ് കുടുംബങ്ങള്‍ക്ക് ബൈത്തുറഹ്‌മ നിര്‍മ്മിച്ച് നല്‍കാന്‍ സാധിച്ചു. പത്ത് കുടുംബങ്ങള്‍ക്കുകൂടി വീട് നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതില്‍ നാലെണ്ണം നിര്‍മാണഘട്ടത്തിലാണ്.
വീടുപണി പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടിയ നൂറിലധികം കുടുംബങ്ങള്‍ക്ക് വിവിധ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.
മാരകരോഗങ്ങളാല്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കും ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നവര്‍ക്കും സാമ്പത്തികസഹായവും മരുന്നും ലഭ്യമാക്കുന്നുണ്ട്. രോഗികള്‍ക്കാവശ്യമായ വിവിധ ഉപകരണങ്ങള്‍ നല്‍കുന്നുണ്ട്.
പാലിയേറ്റീവ് പ്രവര്‍ത്തനത്തിനായി ആംബുലന്‍സടക്കം മൂന്ന് വാഹനങ്ങളുടെ സേവനം നല്‍കുന്നുണ്ട്. ജില്ലാ മുസ്‌ലിംലീഗ് ഉപാധ്യക്ഷന്‍ പി.എസ്.എച്ച്. തങ്ങള്‍ ഉപദേശകസമിതി അധ്യക്ഷനായ കമ്മിറ്റിയില്‍ കടവത്ത് സൈതലവിയാണ് ചെയര്‍മാന്‍. സയ്യിദ് മുസ്തഫ തങ്ങള്‍ ചെട്ടിപ്പടി കോ-ഓര്‍ഡിനേറ്ററും, ടി. മുനീര്‍ ജനറല്‍ കണ്‍വീനറും, കെ. ഷമീം നഹ ഖജാന്‍ജിയുമാണ്.
Content Highlights: shihab thangal foundation plans to distrubute ramzan kit to 3000 families
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..