കൊല്ലം: എൻജിനീയറാവുകയെന്നത് കൊക്കിലൊതുങ്ങാത്ത മോഹമായിരുന്നെന്ന് പുനലൂർ കലയനാട്ടിലെ തുണ്ടിവീട്ടിൽ മുഹമ്മദ് സാലിയുടെയും മൈതീൻബീവിയുടെയും മകൾ ഷീനയ്ക്ക് പിന്നീടാണ് ബോധ്യമായത്. പത്താംക്ലാസ് പാസായശേഷം പുനലൂരിലെ പാരലൽ കോളേജിൽ പ്രീ-ഡിഗ്രിക്ക് ചേർന്നു. ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്കോടെ പാസായപ്പോൾ ചില ബന്ധുക്കൾ പറഞ്ഞത് തിരുവനന്തപുരത്തെ ഒരു സ്വകാര്യസ്ഥാപനത്തിൽ മറൈൻ എൻജിനീയറിങ് കോഴ്സിന് ചേരാൻ. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടി കോഴ്സിന് ചേർന്നു.

രണ്ടുവർഷം കഴിഞ്ഞപ്പോഴാണ് അറിയുന്നത് കോഴ്സ്‌ പൂർത്തിയാക്കാൻ വിദേശത്ത് പോകണമെന്നും അതിന്‌ വൻ തുക വേണമെന്നും. അതോടെ എൻജിനീയർ മോഹം പൊലിഞ്ഞു. കോഴ്സ് പൂർത്തിയാക്കാതെ മടങ്ങി.
പിന്നീട് സ്വന്തമായി പഠിച്ച് ബി.എ. പാസായി. ജീവിക്കാൻ ഒരു തൊഴിൽ എന്ന ആഗ്രഹം പിന്നെയും ബാക്കി. ഇതിനിടെ വിവാഹിതയായി, 24-ാം വയസ്സിൽ. ഗൾഫിൽ ജോലിയുണ്ടായിരുന്ന സലീമുമായായിരുന്നു വിവാഹം.

വിവാഹശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു. ഭർത്താവിന് കിട്ടുന്ന ശമ്പളം അദ്ദേഹത്തിന്റെ ആവശ്യത്തിനുപോലും തികയാതെവന്നു. മാതാപിതാക്കളോ സഹോദരങ്ങളോ സഹായിക്കാൻ പറ്റുന്ന നിലയിലുമായിരുന്നില്ല. ജീവിതം വഴിമുട്ടിയപ്പോൾ ഷീന റബ്ബർ ടാപ്പിങ്ങിനിറങ്ങി.

സമയത്ത് പണിസ്ഥലത്ത് എത്താൻ കഴിയാത്തതുമൂലം സാധനങ്ങൾ കളവുപോകുന്നത് പതിവായി. അതോടെ യാത്രചെയ്യുന്നതിനും സാധനങ്ങൾ കൊണ്ടുപോകുന്നതിനും ഒാട്ടോയെ ആശ്രയിച്ചു. ഒറ്റയ്ക്ക് ജോലിക്കുപോകുന്ന ഷീനയ്ക്കെതിരേ ചിലർ നുണകൾ പ്രചരിപ്പിച്ചു. ഓട്ടോകൾ വിളിച്ചാൽ വരാതായി. അത് ഷീനയെ മാനസികമായി തളർത്തിയെങ്കിലും തോറ്റുപിന്മാറാൻ തയ്യാറായില്ല.  ഡ്രൈവിങ്‌ പഠിച്ച് ഒരു വാഹനം വേണമെന്ന് ദൃഢനിശ്ചയം ചെയ്തു.

ഇരുചക്രവാഹനത്തിലായിരുന്നു ആദ്യപരീക്ഷണം. ലൈസൻസ് നേടി. കുടുംബശ്രീയിൽനിന്ന്‌ ലോണെടുത്ത് സ്കൂട്ടർ വാങ്ങി.റബർ ടാപ്പിങ്‌ കൊണ്ട് ജീവിതം മുന്നോട്ടുപോകില്ലെന്നായി. ഇനിയെന്താണ് എന്നായപ്പോൾ, കുട്ടികളെ ഡ്രൈവിങ്‌ പഠിപ്പിച്ചാലോ എന്ന ആശയമുയർന്നു.
ഡ്രൈവിങ്‌ ഒരു ആവേശമായി മാറി.

ഒാട്ടോ, ബസ്, ലോറി തുടങ്ങിയ വാഹനങ്ങളും വഴങ്ങുമെന്നായി. അപ്പോഴേക്കും ഷീന രണ്ടുകുട്ടികളുടെ അമ്മയായിരുന്നു. അതിനിടെ ഹൃദ്രോഗം ബാധിച്ച് ഭർത്താവ് സലിം മരിച്ചു. ഷീനയുടെ ജീവിതം വീണ്ടും പരീക്ഷണത്തിലായി. കുട്ടികളുടെ പഠനം, കടബാധ്യതകൾ... മക്കളെ നെഞ്ചോടുചേർത്തുപിടിച്ച് തലചായ്ക്കാനൊരിടം... ഇവയെല്ലാം മനസ്സിനെ അലട്ടിയപ്പോൾ കുട്ടികളെ ഡ്രൈവിങ് പഠിപ്പിച്ചുതുടങ്ങി.

അവിടെയും പരിഹസിക്കാൻ ആളുകളുണ്ടായി. ‘ആണുങ്ങൾ’ ചെയ്യേണ്ട ജോലി ഒരു പെൺകുട്ടി ചെയ്യുന്നതാണ്‌ രസിക്കാതെപോയത്. പക്ഷേ, ആ തൊഴിൽ ആ വീട്ടമ്മയെ തുണച്ചു.
മക്കളെ നല്ലരീതിയിൽ വളർത്തി. മകൾ അഹാന സലീം ഇപ്പോൾ മണിപ്പാൽ മെഡിക്കൽ കോളേജിൽ നാലാംവർഷ എം.ബി.ബി.എസ്. വിദ്യാർഥിനി. മകൻ അമൽ സലീം പ്ലസ്‌ടുവിന് പഠിക്കുന്നു.

തനിക്ക് കയ്യെത്താന്‍ സാധിക്കാത്ത സ്വപ്നങ്ങൾ മക്കൾ സഫലമാക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആ വീട്ടമ്മ. തനിക്ക് എൻജിനീയറാവാൻ സാധിച്ചില്ലെങ്കിലും ഒരുവർഷം കഴിഞ്ഞാൽ മകൾ അഹാന ഡോക്ടറായി വരുന്നത് ഷീനയ്ക്ക് കാണാം.

കഠിനാധ്വാനത്തിലൂടെ രണ്ടുകാറും ഒരു എം 80യും ഉൾപ്പെടെ മൂന്നു വാഹനങ്ങൾ സ്വന്തമാക്കി. പുനലൂരിൽ സ്വന്തമായ വീട്... രണ്ടു ജീവനക്കാരുള്ള അമൽ മോട്ടോർ ഡ്രൈവിങ്‌ സ്കൂൾ. പഠിപ്പിക്കാൻ സ്വന്തം വാഹനങ്ങളും. ഇപ്പോൾ അറുപതോളം പേരെ ഡ്രൈവിങ് പരിശീലിപ്പിക്കുന്നു.
ഒന്നരപ്പതിറ്റാണ്ടിനിടെ 500-ലധികം പേർ ഈ പരിശീലകയുടെ കീഴിൽ പഠനം പൂർത്തായാക്കി.

കുടുംബശ്രീയുടെ കീഴിലുള്ള കുട്ടികൾക്കും പരിശീലനം നൽകുന്നുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക്‌ ഫീസിൽ ഇളവനുവദിക്കും. ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല ഷീനയുടെ സ്വപ്നങ്ങൾ. സ്വന്തമായി ഡേകെയർ സെന്റർകൂടി ആരംഭിക്കണം. അതിനുള്ള ഒരുക്കത്തിലാണ് ഷീനയിപ്പോൾ. പരാധീനതകൾക്കൊടുവിൽ കലയനാട് പ്ലാച്ചേരി അമൽ വില്ലയിൽ ഇപ്പോൾ അല്ലലില്ലാത്ത നാളുകളാണ്.

content highlights:Sheena kollam woman overcomes hurdles in life