തിരുവനന്തപുരം: ഒറ്റപ്പെടലും രോഗവും പ്രതിസന്ധികളും സാമ്പത്തിക ബുദ്ധിമുട്ടുകളും ജീവിതത്തിന്റെ ഭാഗമാണെന്നും ആര്‍ജവമുള്ള സ്ത്രീകളെ കീഴ്പ്പെടുത്താന്‍ അവയ്ക്കാവില്ലെന്നും പറയുന്നത് തിരുവനന്തപുരം സ്വദേശിനിയായ ഷാലിന്‍. ജീവിതം ആദ്യം തോല്‍പ്പിക്കാന്‍ ശ്രമിച്ചു. കൊറോണ കാരണമെത്തിയ ലോക്ഡൗണ്‍ രണ്ടാമതും. കീഴടങ്ങാന്‍ മനസ്സില്ലെന്ന് പറഞ്ഞ് അനുഭവങ്ങളെ കരുത്താക്കി മുന്നേറുകയാണ് ഈ വീട്ടമ്മയും രണ്ടു മക്കളും.
ടൂറിസം മേഖലയില്‍ ഉയര്‍ന്ന ജോലിക്കാരിയായിരുന്നു എന്‍ജിനീയറിങ് ബിരുദമുള്ള കാഞ്ഞിരംപാറ 'മിഥില'യില്‍ ഷാലിന്‍. ജോലി നഷ്ടപ്പെട്ടപ്പോള്‍ ഓണ്‍ലൈന്‍ ജോലികള്‍ ചെയ്ത് വരുമാനം നേടി. പ്രോജക്ടുകള്‍ തയ്യാറാക്കി നല്‍കുക, സംരംഭകത്വ പരിശീലനം, ഓണ്‍ലൈന്‍ കൗണ്‍സിലിങ്, സ്റ്റാര്‍ട്ട് അപ്പ് ആരംഭിക്കുന്നതിന് ബാങ്കില്‍നിന്ന് വായ്പ എടുക്കാന്‍ സഹായിക്കുക തുടങ്ങിയ ജോലികള്‍ ചെയ്ത് 'ക്രിയ' എന്ന സ്ഥാപനത്തോടൊപ്പം മുന്നേറി. ഒപ്പം ധാരാളം സ്ത്രീകളെയും യുവാക്കളെയും സ്വന്തം ബിസിനസ് എന്ന സ്വപ്നത്തിലേക്ക് കൈപിടിച്ച് നയിച്ചു.
ഐ ഫ്രൂട്ട് തുറക്കുന്നു
മുന്പരിചയങ്ങളൊന്നുമില്ലാതെയായിരുന്നു 'ഐ ഫ്രൂട്ട്' എന്ന സ്റ്റാര്‍ട്ട് അപ്പ് ആരംഭിച്ചത്. മക്കളായ മെഡിക്കല്‍ വിദ്യാര്‍ഥിനി എലിസും പോളിടെക്നിക് വിദ്യാര്‍ഥി എബിയും കൂടെനിന്നു. വ്യവസായ വകുപ്പില്‍ നിന്നും എം.എസ്.എം.ഇ. പദ്ധതി വഴി സ്റ്റാന്‍ഡ് അപ്പ് ഇന്ത്യയുടെ 15 ലക്ഷം വായ്പയായിരുന്നു കൈമുതല്‍. വഴുതക്കാട് രണ്ടരലക്ഷം അഡ്വാന്‍സ് നല്കി 25,000 രൂപ വാടകയില്‍ മുറിയെടുത്തു. ജോലിക്കാരെ വയ്ക്കാതെ മക്കളോടൊപ്പം ലൈവ് ഐസ് ക്രീം ഡെസേര്‍ട്സ് ഷോപ്പായിരുന്നു ആരംഭിച്ചത്. അച്ചാര്‍, ചപ്പാത്തി, തേന്‍, ജൈവപച്ചക്കറി, സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവയും തയ്യല്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള സൗകര്യവും ഒരുക്കി. 19 ലക്ഷം രൂപയായിരുന്നു ആകെ മുതല്‍മുടക്ക്. സ്ഥാപനം തുടങ്ങി അഞ്ചാം ദിവസം രാജ്യമെങ്ങും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതുവരെയും കണ്ടിട്ടില്ലാത്ത ലോക്ഡൗണ്‍ ജീവിതത്തെ ബാധിക്കാതിരിക്കാനായി അടുത്തശ്രമം.
സ്ഥാപനങ്ങള്‍ അടച്ചതിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട സ്ത്രീകളോടൊപ്പം മാസ്കും ഹാന്‍ഡ് വാഷും നിര്‍മിച്ചു. 40000-ത്തില്‍ അധികം മാസ്കുകള്‍ വിപണിയിലെത്തിച്ചു. വിദേശത്ത് ജോലിചെയ്യുന്നവരുടെ മക്കള്‍ വീട്ടുജോലിക്കാര്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നത് കണ്ട് അവര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കി നല്കി വരുമാനം കണ്ടെത്തി. അതിനിടയിലും കോവിഡ് പ്രതിസന്ധിയില്‍ സന്നദ്ധപ്രവര്ത്തകയുമായി. നിയന്ത്രണങ്ങള്‍ കുറഞ്ഞപ്പോള്‍ ഐ ഫ്രൂട്ട് മുന്നോട്ട് പോകുമെന്നുറപ്പിച്ചു. അതിനിടെയിലാണ് തിരുവനന്തപുരം നഗരത്തില്‍ വീണ്ടും ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
സ്വപ്നങ്ങള്‍ ഏറെയുണ്ട്
വായ്പാ പലിശ, വാടകക്കാര്‍, കുട്ടികളുടെ പഠനത്തിനുള്ള ഫീസ്, തളര്‍ന്നുപോകുന്ന സാഹചര്യങ്ങള്‍. ഇനിയൊരു അടച്ചിടല്‍കൂടി താങ്ങാന്‍ കഴിയില്ലെന്നുറപ്പാണ്, എനിക്കും എന്നെപ്പോലെയുള്ള ഒരുപാട് ആളുകള്‍ക്കും. അതിനാല്‍ അടച്ചിടലല്ല, ജാഗ്രതയോടെയുള്ള ജീവിതമാണ് വേണ്ടത്. സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാരായവര്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ വില്ക്കാന് ഒരു കേന്ദ്രം, ഐ ഫ്രൂട്ടിന്റെ ഉത്പന്നങ്ങള്‍ നഗരം മുഴുവന്‍ എത്തിക്കാന്‍ സംവിധാനം... സ്വപ്നങ്ങള്‍ ഇനിയും ധാരാളമുണ്ട്. അവയെല്ലാം നേടാന്‍ ഈ ലോക്ഡൗണ്‍ ഒന്ന് മാറണമേയെന്നാണ് പ്രാര്‍ഥന.
Content Highlights: Shalin who converted lock down as an opportunity