കൊച്ചി: നഗരത്തിലൂടെ കുരുന്നുമുഖങ്ങള്‍ പതിപ്പിച്ച ഒരു ഓട്ടോ സര്‍വീസ് നടത്തുന്നത് അധികമാരും ശ്രദ്ധിക്കാനിടയില്ല. ഉപജീവനം എന്നതിലുപരി കുഞ്ഞുമുഖങ്ങളിലെ ചിരി മായാതെ സൂക്ഷിക്കാനാണ് 'കെ.എല്‍. 07 ഇസഡ് 7661' എന്ന ഓട്ടോ സര്‍വീസ് നടത്തുന്നത്. ആലുവ വെളിയത്തുനാട് കറുകപ്പള്ളിയില്‍ സത്യന്റെ കാരുണ്യയാത്രയെപ്പറ്റിയാണ് പറഞ്ഞു വരുന്നത്. തന്റെ ദിവസവരുമാനത്തിന്റെ ഒരു ഭാഗം, ചികിത്സാഭാരം താങ്ങാനാവാത്ത കുട്ടികളുടെ കുടുംബത്തിന് നല്‍കി വ്യത്യസ്തനാവുകയാണ് സത്യന്‍.

നമ്മുടെ നാട്ടില്‍ കഷ്ടപ്പാട് അനുഭവിക്കുന്ന ഒരുപാട് കുടുംബങ്ങളുണ്ട്. ആശുപത്രിയില്‍ നിന്ന് കുഞ്ഞുങ്ങളെയും കൊണ്ട് ഓട്ടോയില്‍ കയറുന്ന മാതാപിതാക്കളുടെ മുഖം കാണുമ്പോളാണ് അവര്‍ അനുഭവിക്കുന്ന മനോവിഷമം മനസ്സിലാക്കുന്നത്. അവരില്‍ പലര്‍ക്കും സഹായത്തിന്റെ ആവശ്യമുണ്ട് പക്ഷേ ആരുടെ മുമ്പിലും കൈനീട്ടാന്‍ ആഗ്രഹിക്കാത്തവരാണ് ഭൂരിപക്ഷവുമെന്ന് സത്യന്‍ പറയുന്നു. മക്കളുടെ ജീവന്‍ നിലനിര്‍ത്താന്‍ ഏത് വാതിലില്‍ മുട്ടാനും തയ്യാറാണ് അച്ഛനമ്മമാര്‍. അവരുടെ ഈ വിഷമം മനസ്സിലാക്കിയതിനാലാണ് വരുമാനത്തിന്റെ ചെറിയൊരു ഭാഗം അവര്‍ക്കായി നീക്കിവെയ്ക്കാമെന്ന ചിന്തയുണ്ടായത്. ഇപ്പോള്‍ ഏഴ് കുട്ടികളുടെ ചികിത്സയ്ക്കായി ചെറിയൊരു തുക നല്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സത്യന്‍ പറഞ്ഞു.

കുമളി ഒന്നാം മൈലിലാണ് സത്യന്റെ കുടുംബവീട്. അവിടെ നിന്ന് ജീവിതം മെച്ചപ്പെടുത്താനാണ് കുടുംബവുമായി കൊച്ചിയിലെത്തിയത്. നാട്ടില്‍ ഓട്ടോ ഓടിച്ചിരുന്നതിനാല്‍ ഇവിടെയും അത് തന്നെ തൊഴിലായി സ്വീകരിച്ചു. പിന്നീട് ആലുവയില്‍ ഒരു വീട് പണിയുകയും ആലുവക്കാരനായി മാറുകയും ചെയ്തു. മക്കളുടെ വിദ്യാഭ്യാസവും വീടിന്റെ ചെലവുകളുമെല്ലാം ഓട്ടോയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് മുന്നോട്ടുപോയിരുന്നത്. മക്കള്‍ക്ക് ജോലിയായതോടെ വരുമാനത്തില്‍ നല്ലൊരു ഭാഗം മാറ്റിവെയ്ക്കാന്‍ കഴിയുന്നുണ്ട്. അങ്ങനെയാണ് കുട്ടികളുടെ ചികിത്സയ്ക്കായി ധനം സമാഹരിക്കാമെന്ന ചിന്ത സത്യനെ തേടിയെത്തിയത്. മലപ്പുറം സ്വദേശിയായ അഞ്ചു മാസം പ്രായമുള്ള അര്‍ജുന്റെ ചികിത്സക്കായി സത്യന്‍ നല്‍കിയത് അഞ്ചര ലക്ഷം രൂപയാണ്.

സത്യന്‍ ഇതുവരെ നല്‍കിയത് 15 ലക്ഷം

15 ലക്ഷത്തോളം രൂപ കുട്ടികള്‍ക്കായി സത്യന്‍ നല്കിക്കഴിഞ്ഞു. ഇനിയും സഹായം ആവശ്യമുള്ളവര്‍ക്കായി തന്റെ ഓട്ടോയില്‍ 8943546837 എന്ന നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വിളിയകലെ തന്റെ സാന്നിധ്യം എന്നുമുണ്ടാകുമെന്ന് സത്യന്‍ ഉറപ്പു നല്‍കുന്നു