മന്ത്രിക്ക് സങ്കട കത്തെഴുതി സാബിത്ത്; സംഘാടകരുടെ ക്ഷണം, കളി കാണാൻ സുഹൃത്തുക്കളോടൊപ്പം വീൽചെയറിലെത്തി


സാബിത്തിന്റെ കത്തിന് പിന്നാലെ കേരളത്തിലെ മുഴുവൻ ഗ്രൗണ്ടുകളും ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.

• മുഹമ്മദ് സാബിത്തും (മുന്നിൽ) നൗഷാദ് ഖാനും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് എത്തുന്നു

മഞ്ചേരി: ‘‘ഇതെന്ത് മനോഹരമായ കാഴ്ചയാണ്. ഇത്രയും കാലം ഇതിനുവേണ്ടിയാണ് കാത്തിരുന്നത്. സ്വപ്നം സാക്ഷാത്കരിച്ചതുപോലെ’’- കേരളം-പഞ്ചാബ് സന്തോഷ് ട്രോഫി ഫുട്‌ബോൾ കാണാനെത്തിയ മുഹമ്മദ് സാബിത്ത് തന്റെ സന്തോഷം പങ്കുവെച്ചു. ഭിന്നശേഷിക്കാരായ മുഹമ്മദ് സാബിത്ത് കഴിഞ്ഞദിവസം ഭിന്നശേഷിക്കാർക്ക് ഗാലറിയിൽ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് മാതൃഭൂമി സ്‌പോർട്‌സ് പേജിൽ കായികമന്ത്രി വി. അബ്ദുറഹ്മാന് കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ മുഴുവൻ ഗ്രൗണ്ടുകളും ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. പഞ്ചാബിനെതിരായ മത്സരത്തിലേക്ക് സംഘാടകസമിതി സാബിത്തിനെ ക്ഷണിക്കുകയും ചെയ്തു. കരിങ്കല്ലത്താണി സ്വദേശിയായ സാബിത്ത് അഞ്ചു സുഹൃത്തുക്കൾക്കൊപ്പമാണ് മഞ്ചേരിയിലെത്തിയത്.

സാബിത്തിനൊപ്പം മറ്റൊരു ഭിന്നശേഷിക്കാരനും ഗ്രൗണ്ടിലെത്തിയിരുന്നു. പാലക്കാട് ഒലവക്കോട് സ്വദേശിയായ നൗഷാദ് ഖാൻ. ഇന്ത്യൻ എയർഫോഴ്‌സ് മുൻ താരമായ നൗഷാദ് ഖാന്റെ കൂടെ കുടുംബവുമുണ്ടായിരുന്നു.

മാതൃഭൂമി സ്‌പോർട്‌സ് പേജിൽ കായികമന്ത്രി വി. അബ്ദുറഹ്മാന് സാബിത്ത് എഴുതിയ കത്തിന്റെ പൂർണ്ണ രൂപം

സ്വീകർത്താവ്
വി. അബ്ദുറഹിമാൻ
കായികമന്ത്രി, കേരളം
സർ,

മലപ്പുറം ജില്ലയിലെ കരിങ്കല്ലത്താണിയിലാണ് എന്റെ വീട്. സന്തോഷ് ട്രോഫി നടക്കുന്ന മഞ്ചേരിയിൽനിന്ന് 35 കിലോമീറ്റർ മാത്രം അകലം. നാട്ടിലേക്കു വിരുന്നെത്തിയ ഉത്സവത്തിന്റെ ആഘോഷത്തിലാണ് നാടും നാട്ടുകാരും. എന്നാൽ, ആ ഉത്സവത്തിലൊന്നും പങ്കുചേരാൻ പറ്റുന്നില്ലെന്ന സങ്കടത്തിലാണ് ഞാൻ. അത് ബോധിപ്പിക്കുന്നതിനുവേണ്ടിയാണ് ഈ കത്ത്.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ, ഒരുദിവസം അരയ്ക്കുതാഴെ വേദന തോന്നി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. എന്നാൽ, ജീവിതം മാറ്റിമറിക്കുന്ന സംഭവങ്ങളായിരുന്നു പിന്നീട് നടന്നത്. ജീവിതത്തിൽ ഇനിയൊരിക്കലും നടക്കാനാവില്ലെന്ന സൂചന ഡോക്ടർമാർ നൽകി. എങ്കിലും പ്രതീക്ഷ കൈവിട്ടില്ല. പ്രതിസന്ധികളെയെല്ലാം തരണംചെയ്ത് തിരിച്ചുവരുമെന്നാണ് എന്റെ മനസ്സ് പറയുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി പുരോഗതിയുണ്ട്. പലരുടെയും സഹായത്തോടെ ചെറുതായെങ്കിലും നടന്നുതുടങ്ങി. സുഹൃത്തുക്കളുടെകൂടെ പലയിടത്തും വീൽചെയറിലും സഞ്ചരിച്ചു.

ഫുട്‌ബോളാണ് എന്റെ ജീവൻ. കഴിഞ്ഞ കുറെവർഷമായി എന്നെ മുന്നോട്ടുനയിക്കുന്നത് ഫുട്‌ബോളിനോടുള്ള ഇഷ്ടമാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കടുത്ത ആരാധകൻകൂടിയായ ഞാൻ കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ പന്ത്രണ്ടാമാനായിരുന്നു. സന്തോഷ് ട്രോഫിയിൽ ഗാലറി നിറയുമ്പോൾ അതിലലിഞ്ഞ് കേരളത്തെ പിന്തുണയ്ക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ, നമ്മുടെ സ്റ്റേഡിയങ്ങളിലെ ഗാലറികൾ ഞങ്ങളെപ്പോലെയുള്ളവരെ സപ്പോർട്ട് ചെയ്യുന്നതല്ല. ഒരുഭാഗത്തുപോലും ഞങ്ങൾക്ക് പ്രവേശിക്കാനുള്ള റാമ്പുകളില്ല. കേരളത്തിലെ ഒട്ടുമിക്ക സ്റ്റേഡിയങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.

കഴിഞ്ഞദിവസം ‘മാതൃഭൂമി’ പത്രത്തിൽ ‘പയ്യനാട് വരും, അരലക്ഷം പേരുടെ ഗാലറി’ എന്ന വാർത്ത വായിച്ചു. അങ്ങയുടെ പ്രതികരണത്തിൽനിന്ന്, നിലവിലുള്ള ഗാലറി ഇരട്ടിയാകുമെന്ന് മനസ്സിലായി. ഈ പുതുക്കിപ്പണിയലിലെങ്കിലും കാലങ്ങളായി ഞങ്ങളോടുള്ള വിവേചനം മാറ്റണം.

ഞങ്ങളെപ്പോലെയുള്ള ആളുകൾക്ക് പ്രവേശിക്കാൻതരത്തിലുള്ള റാമ്പുകൾ നിർമിക്കണമെന്നും ഗാലറികൾ ഭിന്നശേഷി സൗഹൃദമാക്കണമെന്നും അപേക്ഷിക്കുന്നു. ഒപ്പം കേരളത്തിലെ റാമ്പില്ലാത്ത മുഴുവൻ സ്റ്റേഡിയങ്ങളിലും അവ സ്ഥാപിക്കാനുള്ള നടപടി കൈക്കൊള്ളണമെന്നും അപേക്ഷിക്കുന്നു.

സ്നേഹപൂർവം,
കെ. മുഹമ്മദ് സാബിത്ത്
കിഴിശ്ശേരി ഹൗസ്, താഴെക്കോട് പി.ഒ.
കരിങ്കല്ലത്താണി, മലപ്പുറം- 679341.

Content Highlights: Santosh Trophy 2022 - sabith wrote a letter to the minister


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented