
കട്ടപ്പന: ചുണ്ടനെലി മാറിയവേതു പൂനക്കുഞ്ച് വുണേയ. കുഞ്ചിക്കാല് നൊന്തവേതു പൂനക്കുഞ്ച് കുതറി ഏകനണെ മ്യാവു... മ്യാവു... വിക്ടേഴ്‌സ് ചാനലില്‍ സായി ടീച്ചറുടെ മിട്ടു പൂച്ചയുടെയും തങ്കുപ്പൂച്ചയുടെയും കഥ രാജിമോള്‍ ടീച്ചര്‍ മന്നാന്‍ ഭാഷയില്‍ പറഞ്ഞതാണ് ഈ കേട്ടത്.
സായി ടീച്ചറുടെ മിട്ടുപ്പൂച്ചയെയും തങ്കുപ്പൂച്ചയെയും കുട്ടികള്‍ ഏറ്റെടുത്തെങ്കിലും ഒന്നാം ക്ലാസിലെത്തി മലയാളം ആദ്യം കേട്ടു തുടങ്ങിയ ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കാര്യം അത്ര പിടികിട്ടിയില്ല. ഇതോടെ സമഗ്രശിക്ഷ അഭിയാന്‍ ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്കുകൂടി മനസ്സിലാക്കാന്‍ ഗോത്രഭാഷയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ചിത്രീകരിച്ചുതുടങ്ങി.
കട്ടപ്പന ഉപജില്ലയുടെ കീഴിലുള്ള അഞ്ചുരുളി മേഖലയിലെ ഏകാധ്യാപക വിദ്യാലയത്തിലാണ് ഓണ്‍ലൈന്‍ ക്ലാസുകളുടെ ചിത്രീകരണം നടക്കുന്നത്. സമഗ്ര ശിക്ഷ അഭിയാന്റെ അഞ്ചുരുളി മന്നാക്കുടിയിലെ പ്രാദേശിക പ്രതിഭ കേന്ദ്രത്തിലെ വൊളന്റിയറായ രാജിമോള്‍ രാജേഷാണ് വിദ്യാര്‍ഥികള്‍ക്കായി ക്ലാസ് എടുക്കുന്നത്.
കേരളത്തിലെ പ്രബല ഗോത്രവര്‍ഗ വിഭാഗമാണ് മന്നാന്‍ സമുദായം. സ്വന്തമായി രാജാവുള്ള ഏക ആദിവാസി വിഭാഗവും ഇവരാണ്. പ്രധാനമായും ഇടുക്കി, വയനാട്, എറണാകുളം ജില്ലയുടെ ചില ഭാഗങ്ങളിലുമാണ് മന്നാന്‍ സമുദായ അംഗങ്ങളുള്ളത്. തമിഴും മലയാളവും കലര്‍ന്ന ഗോത്രഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്.
ആദ്യമായി സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് മലയാളം വഴങ്ങാറില്ല. തുടര്‍ന്നാണ് ഒന്നാം ക്ലാസിലെ കുട്ടികള്‍ക്കായി ഗോത്രഭാഷയില്‍ ക്ലാസെടുക്കാന്‍ സമഗ്ര ശിക്ഷ അഭിയാന്‍ തീരുമാനിച്ചത്. ചിത്രീകരണം പൂര്‍ത്തിയായാല്‍ ക്ലാസുകള്‍ വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുമെന്നും ഗോത്രമേഖലയില്‍ എത്തിച്ച ടെലിവിഷന്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സമഗ്ര ശിക്ഷ കേരളയുടെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡി.ബിന്ദുമോള്‍ പറഞ്ഞു.
content highlights: ssa starts online classes in tribal language for tribal students
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..