തരിയോട് എസ്.എ.എൽ.പി സ്‌കൂളിലെ വിദ്യാർഥികൾ | ഫോട്ടോ: ഷഹീർ സി.എച്ച്
സ്‌കൂളിനോടുള്ള ഇഷ്ടംകാരണം അവധിക്കാലം വേണ്ടെന്ന് ഏതെങ്കിലും കുട്ടികള്‍ പറയുമോ? പരീക്ഷാക്കാലമെല്ലാം കഴിഞ്ഞ് രണ്ട് മാസം അവധികിട്ടുന്നത് ഏത് വിദ്യാര്‍ഥികളുടേയും സ്വപ്നമാണെന്നിരിക്കെ, തങ്ങളുടെ സ്‌കൂള്‍ ജീവിതത്തെക്കുറിച്ച് വ്യത്യസ്തമായ അനുഭവമാണ് വയനാട്ടിലെ തരിയോട് എസ്.എ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത്. ഏറ്റവും പ്രിയപ്പെട്ടയിടമാണ് അവര്‍ക്ക് സ്‌കൂള്‍. അതിനാല്‍തന്നെ അവധിയൊന്നും വേണമെന്നില്ലെന്നാണ് കുരുന്നുകള്‍ പറയുന്നത്.
ബാഗില്ലാത്ത, കേരളത്തിലെ ആദ്യത്തെ വിദ്യാലയമാണിത്. വിദ്യാര്‍ഥികളില്‍ 40 ശതമാനവും ഗോത്രവിഭാഗങ്ങളില്‍നിന്നുള്ളവരാണ്. ഇവിടെ കൊഴിഞ്ഞുപോക്ക് ഒട്ടുതന്നെയില്ല.
'ഞങ്ങള്‍ക്ക് ഞങ്ങടെ സ്‌കൂള്‍ ഭയങ്കര ഇഷ്ടാ. ടീച്ചര്‍മാരും വേറെ ക്ലാസിലെ കുട്ടികളും എല്ലാവരും ഒരു വീട്ടിലെപോലെയാ'- സ്‌കൂളിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നാലാം ക്ലാസുകാരി അനാമിക വിപിന്‍ വാചാലയായി. 'ഞങ്ങള്‍ക്ക് ബാഗില്ല. സ്‌കൂളിലേക്ക് വരുമ്പോള്‍ ചെറിയ തുണിസഞ്ചിയില്‍ ഒരു നോട്ടുപുസ്തകം മാത്രം കൊണ്ടുവന്നാമതി.' - ഒത്തിരി പ്രത്യേകതകള്‍ നിറഞ്ഞ തങ്ങളുടെ സ്‌കൂളിനെക്കുറിച്ച് വിവരിക്കാന്‍ നൂറുനാവാണ് ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്ക്.
പഠന പിന്നോക്കാവസ്ഥയും ഹാജരില്ലായ്മയുള്ള ഒരു ഭൂതകാലം തരിയോട് എസ്.എ.എല്‍.പി സ്‌കൂളിനുമുണ്ടായിരുന്നു. വര്‍ഷങ്ങള്‍നീണ്ട പ്രയത്‌നങ്ങള്‍കൊണ്ട് പ്രശ്നങ്ങളോരോന്നായി പരിഹരിച്ച്, അധ്യാപകരും രക്ഷിതാക്കളുമെല്ലാം മികവിന്റെ വിദ്യാലയമായി അതിനെ മാറ്റിയെടുക്കുകയായിരുന്നു.
മാതൃകാവിദ്യാലയമെന്ന ഖ്യാതി
വിദ്യാര്‍ഥികളുടെ സാഹചര്യങ്ങളെ അറിഞ്ഞ് മനസ്സിലാക്കികൊണ്ട്, പഠനപ്രവര്‍ത്തനങ്ങളില്‍ തങ്ങളുടേതായ രീതി പിന്തുടര്‍ന്നാണ് അക്കാദമികരംഗത്ത് സ്‌കൂള്‍ മുന്നേറിയതെന്ന് പറയുന്നു പ്രധാനാധ്യാപിക നിഷ ദേവസ്യ. അതിനായി സ്‌കൂളിലേയും വിദ്യാര്‍ഥികളുടേയും അടിസ്ഥാനകാര്യങ്ങളില്‍പോലും വലിയ ശ്രദ്ധ നല്‍കി.
.jpg?$p=430c1f1&&q=0.8)
'1950-ലാണ് ഗോത്രവിഭാഗം ജനതയുടെ വിദ്യാഭ്യാസമുന്നേറ്റത്തിനായി എസ്.എ.എല്‍.പി. സ്‌കൂള്‍ (സെര്‍വ് ഇന്ത്യാ ആദിവാസി ലോവര്‍ പ്രൈമറി സ്‌കൂള്‍) എന്ന പേരില്‍ വയനാട് ജില്ലയില്‍ ഏഴോളം വിദ്യാലയങ്ങള്‍ ആരംഭിച്ചത്. അതിലൊന്നാണ് തരിയോട് എസ്.എ.എല്‍.പി. സ്‌കൂള്‍. വിദ്യാര്‍ഥികളില്‍ 40 ശതമാനവും പണിയ-കാട്ടുനായ്ക്ക-കുറിച്യ ഗോത്രവിഭാഗങ്ങളില്‍നിന്നുമുള്ളവരാണ്.
പതിനഞ്ച് വര്‍ഷം മുമ്പ് ഞാന്‍ പ്രധാനാധ്യാപികയായി ജോലി ആരംഭിക്കുമ്പോള്‍ അക്കാദമികരംഗത്ത് പിന്നോക്കാവസ്ഥയും ഹാജരില്ലായ്മയുമെല്ലാം ഉണ്ടായിരുന്നു. എങ്ങനെ അതെല്ലാം മറികടക്കാം എന്ന് അധ്യാപകരും രക്ഷിതാക്കളുമെല്ലാം കൂട്ടായി ചര്‍ച്ച ചെയ്തു. കോളനികള്‍തോറും കയറിയിറങ്ങി, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വീട്ടുകാരെ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. അങ്ങനെയായിരുന്നു തുടക്കം'. 2016 മുതല്‍ വയനാട് ജില്ലയിലെ കൊഴിഞ്ഞുപോക്കില്ലാത്ത സ്‌കൂളായി തരിയോട് എസ്.എ.എല്‍.പി സ്‌കൂള്‍ മാറി. ഇന്ന് അക്കാദമികരംഗത്ത് വളരെ മുന്നേറിയ വിദ്യാലയമാണ് ഞങ്ങളുടേത്'.
'ബാഗില്ലാത്ത സ്‌കൂള്‍'; ചരിത്രമായി മാറിയ തീരുമാനം
'ഗോത്രമേഖലയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്തുക, പഠിക്കുക എന്നുള്ളതെല്ലാം അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. കുട്ടികളുടെ പഠനകാര്യത്തില്‍ ആവശ്യമായ ശ്രദ്ധനല്‍കാന്‍ രക്ഷിതാക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. രാവിലെ നേരത്തെ പണിക്ക് പോകുന്നവര്‍ക്ക് തങ്ങളുടെ കുട്ടികളെ ഒരുക്കി സ്‌കൂളിലേക്കയയ്ക്കാനും അവര്‍ക്ക് പഠനസാമഗ്രികള്‍ ഉറപ്പുവരുത്തുന്നതിലുമെല്ലാം ബുദ്ധിമുട്ടുണ്ടായിരുന്നു.
ഒരു സമയത്ത് സ്‌കൂളില്‍ കുട്ടികളുടെ പുസ്തകവും പെന്‍സിലുമെല്ലാം കളഞ്ഞുപോവുന്നതും അവ തിരഞ്ഞുനടക്കുന്നതും പതിവായി. ഈ സാഹചര്യങ്ങള്‍ മറികടക്കാനാണ് പഠനനോപകരണങ്ങള്‍ സ്‌കൂളില്‍തന്നെ സൂക്ഷിക്കാനുള്ള ആലോചനയുണ്ടായത്.

കുട്ടികളിലെ ആരോഗ്യപ്രശ്‌നങ്ങളില്‍ ഭാരമുള്ള സ്‌കൂള്‍ ബാഗിന് വലിയ പങ്കുണ്ടെന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു. അന്താരാഷ്ട്രതലത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ചെല്ലാം മനസ്സിലാക്കുകയുംകൂടി ചെയ്തപ്പോള്‍ ബാഗ് രഹിത സ്‌കൂള്‍ എന്ന ചിന്തയെ പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിക്കുകയായിരുന്നു'- പ്രധാനാധ്യാപിക നിഷ ദേവസ്യ പറഞ്ഞു.
ഒരുപാട് ഗവേഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് എസ്.എ. എല്‍.പി. സ്‌കൂള്‍ ബാഗ് രഹിത ആശയത്തിലേക്കെത്തിയത്. 2018ലെ ക്രിസ്മസ് അവധിക്ക് ശേഷം പദ്ധതി സ്‌കൂളില്‍ തുടങ്ങുകയായിരുന്നു. പരീക്ഷണാടിസ്ഥാനത്തിലാരംഭിച്ച പദ്ധതി ഇന്നും തുടര്‍ന്നുപോകുന്നു.
.jpg?$p=a80322e&&q=0.8)
വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പുസ്തകം, പെന്‍സില്‍ ബോക്‌സ്, ഭക്ഷണം കഴിക്കാനുള്ള പാത്രം എന്നിവയെല്ലാം സ്‌കൂളില്‍ തന്നെ സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കി. അടുത്ത ക്ലാസിലേക്ക് പോകുന്ന കുട്ടികളില്‍നിന്നും പഴയ പാഠപുസ്തകങ്ങള്‍ ശേഖരിച്ച് കുട്ടികള്‍ക്ക് നല്‍കി. രണ്ട് സെറ്റ് പുസ്തകങ്ങളാണ് ഉള്ളത്. ഒരു സെറ്റ് പുസ്തകങ്ങള്‍ വീട്ടിലും, മറ്റേത് സ്‌കൂളിലും.
കുട്ടികള്‍ കൈയില്‍ വെക്കേണ്ടത് ഗൃഹപാഠം ചെയ്യാനായുള്ള ഒരു പുസ്തകം മാത്രമാണ്. അങ്ങനെ ബാഗിന്റെ ഭാരമില്ലാതെ അവര്‍ സ്‌കൂളിലേക്ക് വരാന്‍ തുടങ്ങി. പദ്ധതിയെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് ഒരുപാട് സംശയങ്ങളുണ്ടായിരുന്നെങ്കിലും അതെല്ലാം പരിഹരിക്കാന്‍ അധ്യാപകര്‍ക്ക് കഴിഞ്ഞത് കാര്യങ്ങള്‍ എളുപ്പമാക്കി. 2019ല്‍ വയനാട് സബ് കളക്ടറായിരുന്ന എന്‍.എസ്.കെ ഉമേഷാണ് ബാഗ് രഹിത സ്‌കൂളായി എസ്.എ.എല്‍.പി സ്‌കൂളിനെ പ്രഖ്യാപിച്ചത്.
മുന്നേറണമെന്ന ലക്ഷ്യം; പിറന്നത് വിവിധ പദ്ധതികള്‍
വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക എന്ന ലക്ഷ്യം നിറവേറ്റാനായി പതിയെ പദ്ധതികളോരോന്നായി സ്‌കൂളില്‍ നടപ്പിലാക്കി.
.jpg?$p=298ab5c&&q=0.8)
'പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ സ്‌കൂളിലെത്തുന്നത് അവരുടെ കൂട്ടുകാരുമൊത്ത് കളിക്കാനായിത്തന്നെയാണ്. നിറയെ മരങ്ങളുള്ള ക്യാമ്പസായതിനാല്‍ അവയില്‍ ഊഞ്ഞാലുകളിട്ടതും കളിയുപകരണങ്ങള്‍ നല്‍കിയതുമെല്ലാം കുട്ടികളെ സ്‌കൂളിലേക്ക് ആകര്‍ഷിച്ചു. ആദ്യപടിയില്‍തന്നെ ഹാജരില്ലായ്മ ഒരു പരിധിവരെ കുറയ്ക്കാനായി'.
വിദ്യാലയമെന്നതിനപ്പുറത്തേക്ക് കുട്ടികള്‍ക്ക് ഒരു കളിയിടമായിത്തന്നെ സ്‌കൂളിനെ കാണാന്‍ സാധിക്കുന്ന രീതിയിലേക്ക് അധ്യാപകര്‍ വിദ്യാലയത്തെ മാറ്റികൊണ്ടുവന്നു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേകമായി പാഠപുസ്തകങ്ങള്‍ ചുരുക്കുകയും എല്ലാ വിദ്യാര്‍ഥികളേയും ഒരുപോലെ പരിഗണിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.
.jpg?$p=8a7b7b1&&q=0.8)
'ഗോത്രസമൂഹത്തില്‍നിന്നുമുള്ള വിദ്യാര്‍ഥികള്‍ ചെറിയ ക്ലാസുകളില്‍നിന്നുതന്നെ കൊഴിഞ്ഞുപോകാനുള്ള കാരണം പട്ടിണിയോ മറ്റ് ഭൗതിക സാഹചര്യങ്ങളില്ലാത്തതോ മാത്രമല്ല. മറ്റുള്ളവരില്‍നിന്ന് നേരിടുന്ന അവഗണനയും അതവരിലുണ്ടാക്കുന്ന ഭയവും അപകര്‍ഷതാബോധവുമെല്ലാമാണ്. അതില്ലാതാക്കാനുള്ള ശ്രമങ്ങളും ഞങ്ങള്‍ നടത്തികൊണ്ടിരുന്നു'.
ഗോത്രഭാഷയിലുള്ള പാട്ടുകളും സംഭാഷണങ്ങളും ഈ സ്‌കൂളിലെ ക്ലാസ്മുറികളില്‍ പരിശീലിപ്പിക്കുന്നുണ്ട്. എല്ലാ ഭാഷകളും മഹത്തരമാണെന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കികൊടുത്തുകൊണ്ട്, ഭാഷ പ്രയോഗിക്കുന്നതിലുള്ള അവരുടെ ഭയത്തെ അധ്യാപകര്‍ മാറ്റിയെടുത്തു. ലോ ലേണേഴിസിന് പ്രത്യേക പരിഗണന നല്‍കികൊണ്ട് ക്ലാസ്മുറിയില്‍ അവര്‍ക്കുമൊരു ഇടമുണ്ടാക്കിയെടുത്തു. ഉള്‍ക്കൊള്ളല്‍ വിദ്യാഭ്യാസമെന്ന മഹത്തായ ആശയത്തെ സ്‌കൂള്‍ മുന്നോട്ടുവെക്കുന്നു.
.jpg?$p=aa62323&&q=0.8)
15 വര്‍ഷമായി സ്‌കൂളില്‍ '30 നിമിഷം' എന്ന പ്രത്യേക ട്യൂഷന്‍ നടത്തിവരുന്നുണ്ട്. ഒരു പ്രീടെസ്റ്റ് നടത്തി, കുട്ടികള്‍ക്ക് ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ കണ്ടെത്തുകയും അവയ്ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ചെയ്യുന്നു. 'വീ കാന്‍' എന്ന പേരില്‍ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിശീലനവും നടത്തിവരുന്നുണ്ട്.
കുട്ടികളുടെ പഠനനിലവാരത്തെ നിരന്തരം പിന്തുടര്‍ന്ന്, അവരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതുണ്ടാക്കിയ മാറ്റം വലുതാണെന്ന് അധ്യാപകര്‍ പറയുന്നു.
ചെറിയ ശ്രദ്ധയെ തേടിയെത്തിയ വലിയ അംഗീകാരങ്ങള്‍
സംസ്ഥാനത്തെ ആദ്യ ബാഗ് രഹിത വിദ്യാലയമെന്ന ഖ്യാതി നേടിയതോടെ തരിയോട് എസ്.എ.എല്‍.പി സ്‌കൂള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗോത്രവിഭാഗം വിദ്യാര്‍ഥികളെ അക്കാദമികമായി മുന്നോട്ടുകൊണ്ടുവരാനും കൊഴിഞ്ഞുപോക്ക് തടയാനും കേരളത്തിന് മാതൃകയാണ് ഈ വിദ്യാലയം.
.jpg?$p=3ca10ba&&q=0.8)
2007മുതല്‍ തുടര്‍ച്ചയായി എല്‍.എസ്.എസ്. വിജയികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സ്‌കൂള്‍ കൂടിയാണിത്.
കുട്ടികള്‍ക്കുള്ള അതേ ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയുമാണ് രക്ഷിതാക്കളും സ്‌കൂളിനെക്കുറിച്ച് സംസാരിക്കുന്നത്. 'എസ്.എ.എല്‍.പി.യില്‍നിന്ന് വരുന്ന കുട്ടികളാണെന്ന് പറഞ്ഞാല്‍ ഇവിടെ ഏത് സ്‌കൂളിലും അഡ്മിഷന്‍ കിട്ടും. നാലാം ക്ലാസുകഴിഞ്ഞ് അടുത്ത സ്‌കൂളിലേക്ക് പോകുന്ന കുട്ടികളെല്ലാവരുംതന്നെ മിടുക്കരായാണ് ഇവിടെനിന്നും പോവുക. അതുവരെകിട്ടേണ്ട അടിസ്ഥാനം അവര്‍ക്കിവിടെനിന്ന് കൃത്യമായി കിട്ടുന്നുണ്ട്'-രക്ഷിതാവായ തങ്കമ്മ മാത്യു പറയുന്നു.
പൊതുവിദ്യാഭ്യാസവകുപ്പിന്റെ വിദ്യാഭ്യാസ റിയാലിറ്റി ഷോയായ 'ഹരിതവിദ്യാലയ'ത്തിലേക്ക് ഈവര്‍ഷം വയനാട് ജില്ലയില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക പ്രൈമറി വിദ്യാലയമായിരുന്നു ഇത്.
വെല്ലുവിളിയാകുന്ന ഗോത്രസാരഥി
വളരെ ദൂരെയുള്ള പ്രദേശങ്ങളില്‍നിന്നും വരുന്ന കുട്ടികള്‍ സ്‌കൂളിലുണ്ട്. അവരെ ഗവണ്‍മെന്റിന്റെ 'ഗോത്രസാരഥി' പദ്ധതിയുടെ ഭാഗമായുള്ള വാഹനത്തിലായിരുന്നു സ്‌കൂളിലെത്തിച്ചിരുന്നത്. കുട്ടികളെ കൃത്യമായി സ്‌കൂളിലെത്തിക്കാന്‍ പദ്ധതി വളരെ സഹായകമായിരുന്നെങ്കിലും പദ്ധതിയുടെ ഫണ്ട് മുടങ്ങിയിരിക്കുന്നതിനാല്‍ സ്‌കൂള്‍ പ്രതിസന്ധി നേരിടുകയാണ്. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ സ്‌കൂള്‍തന്നെയാണ് ഇപ്പോള്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോവുന്നത്.
.jpg?$p=246738b&&q=0.8)
ഈ സ്‌കൂളില്‍ ആകെ 100 കുട്ടികളാണുള്ളത്. അതില്‍ 48 കുട്ടികളേയും ഗോത്രസാരഥി വാഹനത്തില്‍ ഞാന്‍തന്നെയാണ് സ്‌കൂളിലെത്തിക്കുന്നത്. ആകെ മൂന്ന് മാസത്തെ ഫണ്ട് മാത്രമാണ് പദ്ധതിയുടെ നടത്തിപ്പിനായി ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇപ്പോള്‍ കടം വാങ്ങിയാണ് വണ്ടിയോടുന്നത്. സര്‍ക്കാര്‍ ഫണ്ട് കിട്ടിയില്ലെങ്കില്‍ ഈ വിദ്യാലയവും ഗോത്രസാരഥിയെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന മറ്റ് വിദ്യാലയങ്ങളും വലിയ പ്രശ്‌നത്തിലാകും.
- സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റും ഗോത്രസാരഥി ഡ്രൈവറുമായ ഫൈസല്‍ പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സ്‌കൂളുകളില്‍നിന്നും കൊഴിഞ്ഞുപോയത് ഗോത്രവിഭാഗങ്ങളില്‍നിന്നുള്ള പതിനെട്ടായിരം വിദ്യാര്‍ഥികളാണെന്ന വിവരം 2022ല്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.
തരിയോട് എസ്.എ.എല്‍.പി. സ്‌കൂള്‍ പോലെ പ്രതിസന്ധികളില്‍ മികവുറ്റരീതിയില്‍ മുന്നോട്ടുപോകാനായി ശ്രമിക്കുന്ന വിദ്യാലയങ്ങള്‍ക്ക് അത്യാവശ്യമായി വേണ്ടത് നിലവിലുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ശരിയായ നടത്തിപ്പാണ്. പരീക്ഷാക്കാലമായതിനാല്‍ കുട്ടികള്‍ക്ക് കൃത്യമായി സ്‌കൂളിലെത്താന്‍ സാധിക്കേണ്ടത് ഗൗരവമേറിയ കാര്യമാണ്.
Content Highlights: SALP School Thariode, Wayanad, Success story, First bagless school in kerala, Drop out free school
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..