സച്ചു സജി, ഹൃദയം സ്വീകരിച്ച നന്ദകുമാർ
കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന ശസ്ത്രക്രിയയിലാണ് പെരുമ്പാവൂര്‍ കീഴില്ലം സിന്ധുഭവനില്‍ നന്ദകുമാറിന്(25) സച്ചുവിന്റെ ഹൃദയം തുന്നിച്ചേര്‍ത്തത്. നന്ദകുമാര്‍ ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇത് ഏഴാമത്തെ ഹൃദയമാറ്റശസ്ത്രക്രിയയാണ്. ലോക്ഡൗണ്‍ കാലത്തും ഇവിടെ ഹൃദയംമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നിരുന്നു. ലോക അവയവദാനദിനമായ ഓഗസ്റ്റ് 13-ന് സച്ചുവിന്റെ ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധമായി മുന്നോട്ടുവന്നതും മറ്റൊരു പ്രത്യേകതയായി.
അഞ്ചിന് തിരുവഞ്ചൂരിനടുത്ത് മോസ്‌കോ കവലയ്ക്ക് സമീപമുണ്ടായ ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സച്ചുവിനെയും സഹയാത്രികനെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച സച്ചുവിന് മസ്തിഷ്‌കമരണം സംഭവിച്ചു. സ്ഥിരീകരണ പരിശോധനകള്‍ നടത്തി ബന്ധുക്കളെ വിവരമറിയിച്ചു. കേരള സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ 'മൃതസഞ്ജീവനി' വഴിയാണ് അവയവദാനപ്രക്രിയ നടത്തിയത്.
മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍, മൃതസഞ്ജീവനി സെന്‍ട്രല്‍ സോണ്‍ നോഡല്‍ ഓഫീസര്‍ കെ.പി.ജയകുമാര്‍, യൂറോളജി വിഭാഗം മേധാവി ഡോ. സുഭാഷ് ഭട്ട്, അനസ്തീഷ്യവിഭാഗം മേധാവി ഡോ. ശാന്തി എന്നിവരാണ് അവയവദാനപ്രക്രിയക്കും ശസ്ത്രക്രിയക്കും നേതൃത്വം നല്‍കിയത്.
അത്യധികം വേദനയിലും അവയവദാനത്തിന് മുന്നോട്ടുവന്ന കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ നന്ദി പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. സച്ചുവിന്റെ ഭാര്യ ശാലു. എം.ആര്‍.സജിയുടെയും സതിയുടെയും മകനാണ് സച്ചു.
content highlights: sachu saji organ donation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..