കോവിഡ് പോസിറ്റീവ് ആവുകയും വീട്ടിലും കളമശ്ശേരി മെഡിക്കല്‍ കോളേജിലും, കോവിഡ് നെഗറ്റീവ് ആയ ശേഷം അങ്കമാലിയിലെ താല്‍ക്കാലിക വാര്‍ഡിലും ദിവസങ്ങള്‍ കഴിച്ചു കൂട്ടിയ ശേഷം സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്ന മാതൃഭൂമി ന്യൂസ് ഡല്‍ഹി പ്രതിനിധി രാജേഷ് കോയിക്കല്‍ രോഗബാധിതനായ നാളുകളിലെ അനുഭവം വിവരിക്കുന്നു.
കരക്കമ്പി
മഹാമാരി കാലത്താണ് നാട്ടില്‍ പാണന്മാരുടെ വംശം കുലമറ്റില്ലെന്ന് തിരിച്ചറിഞ്ഞത്. ഉടുക്കില്ലെങ്കിലും അവര്‍ പല രൂപത്തില്‍, വേഷത്തില്‍ പാടി നടന്നു. മഴയും വെയിലും വകവെയ്ക്കാതെ, പത്തല് വേലികള്‍ക്കും മതിലുകള്‍ക്കും അരികിലും കിണറ്റിന്വക്കത്തും പീടികത്തിണ്ണയിലും അടുക്കളവക്കത്തും സ്ത്രീകള്‍ ആളെ കൂട്ടി. നാടുനീളെ വാര്‍ത്ത പരത്തി. ഗതികെട്ട ചിലര്‍ നാല്‍ക്കാലികളെ വെറുതെ വിട്ടില്ല. പോത്തിനോടുമോതി കരക്കമ്പി വേദം.
നാട് മുടിയ്ക്കാനെത്തിയവന്, കുല ദ്രോഹി. എന്തിനാണ് ഇവിടേക്ക് വന്നത് ? നൂറു കൂട്ടം ചോദ്യങ്ങളുമായി അവര്‍ ഓടി നടന്നു. ആണുങ്ങളും അത്ര മോശക്കാരായിരുന്നില്ല. കച്ച കെട്ടിയ ചേകവന്മാരായിരുന്നു. അടിയും തടയുമായി വഴിയോരങ്ങളില്‍ ആയുധങ്ങള്‍ രാകി. എന്നാല്‍ ഇവരുടെ നാവുകള്‍ക്ക് മൂര്‍ച്ച പോരായിരുന്നു. നാടകീയതയും അതിഭാവുകത്വവും നിറയ്ക്കാന്‍ അവര്‍ക്കായില്ല. സര്‍വേ കല്ലിലും കലുങ്കുകളിലും ആര്‍ത്തുലച്ച് അവരുടെ പാട്ടുകള്‍ അവസാനിച്ചു.
ചിലര്‍ ദൂതയച്ചു. വീട്ടുകാര്‍ ആരെങ്കിലും പുറത്തിറങ്ങിയാല്‍ കാല് തല്ലിയൊടിക്കും. മറ്റു ചിലര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തി. കര്‍മ്മഫലമെന്നു പറഞ്ഞു തലയില്‍ കൈവെച്ചു. നാലാള് കൂടുന്നിടത്തും അന്തിചര്‍ച്ചയ്ക്കും വിഷയമായി. ഓരോ തവണ ആംബുലന്‍സ് വരുമ്പോഴും വഴിയരികില്‍ ഭീതിയും വെറുപ്പും നിറഞ്ഞു. ആരോടെന്നില്ലാത്ത പല്ലിറുമല്‍. ഭയമാണ് ചുറ്റും. അറിവില്ലായ്മയുടെ ഭയം.
യാത്ര നിലച്ച വഴികള്‍
വീടിന് മുന്നിലെ വഴിയിലൂടെയുള്ള അവസാന സഞ്ചാരി തെങ്ങുകയറ്റക്കാരനായിരിക്കണം. തലയില്‍ വട്ടക്കെട്ട്, മൂക്കും വായയും മറച്ച് മുഖാവരണം. തോളില്‍ നീളത്തില്‍ തെങ്ങിനെ തോല്പിക്കും മുളയേണി. പതിവ് മൂളിപ്പാട്ടില്ല. റോഡ് കുലുക്കി മുഖം പോലും തരാതെ കണ്ണില്‍നിന്ന് നടന്നു മറഞ്ഞു. വാഹനങ്ങളുടെ വരവ് നിലച്ചു. മീന്കാരന്റെ എം 80-ക്ക് വേഗത ഇപ്പോള്‍ കൂടുതലാണ്. അടച്ചുപൂട്ടല്‍ കാലത്തു കാണാത്ത നിയന്ത്രണം. വീട്ടുപറമ്പ് മുറിച്ചുള്ള അനവധി വഴികളില്‍ പെരുമാറ്റം നിലച്ചിട്ട് ദിവസങ്ങളായി. ആളനക്കമില്ലാത്ത വഴിചാലുകളില് മരപച്ചകള് മുളച്ചു പൊന്തി.
എപ്പോഴോ വീണ ചക്ക കുരുവില്‍ തളിരില. പായലുകള്‍ ചെമ്മണ്ണിന് നിറമേകി. പറമ്പിലൂടെ ഒറ്റ വഴി മതിയെന്ന് അപ്പന് പറയുന്നത് കേട്ടിട്ടുണ്ട്. അപ്പോഴെല്ലാം മതിലുകളില്ലാത്ത ഭൂമിയെകുറിച്ച് വാ തോരാതെ ന്യായീകരണങ്ങള്‍ നിരത്തി. അപ്പന്റേത് മറ്റുള്ളവരെ അകറ്റി നിര്‍ത്താനുള്ള തന്ത്രമെന്ന് കുറ്റപ്പെടുത്തി. വഴികളെന്നും മറ്റൊന്നിലേക്കുള്ള തുടര്‍ച്ചയാണ്. ഒന്നടഞ്ഞാല്‍ മറ്റൊന്ന്. അങ്ങിനെ വഴി മാറി നടന്നു ശീലിച്ചു അയല്പക്കക്കാര്.
അവര്‍ പ്രാകി കൊണ്ടിരുന്നു. വഴി മുടക്കിയവനെ കുറിച്ച്. കരിമ്പടം പുതച്ച രാവുകളില്‍ അവര്‍ ആകുലതകള്‍ പങ്കുവെച്ചു. 'കൊറോണ പറക്കുമത്രെ'. കാറ്റിനെ ഭയപ്പെട്ടു. ചൂടില്‍ കൊറോണ നശിക്കാത്തതില്‍ ചിലര്‍ നിരാശരായിരുന്നു. മഴവെള്ളത്തിലൂടെ കൊറോണ ഒഴുകി വരുമെന്നു അടക്കം പറഞ്ഞു. തൊടിയിലേക്കുള്ള ചാലുകള്‍ അടച്ചവര്‍ റോഡിനെ തോടാക്കി. ഗോ കൊറോണ ഗോ മന്ത്രമോതി ഭയത്തെ മറികടക്കാന്‍ നോക്കി.
ഭയമാണ് എങ്ങും, അറിവില്ലായ്മയുടെ ഭയം.
ജനലിനപ്പുറം
കുയിലാണ് വിളിച്ചുണര്‍ത്തിയത്. നീട്ടി പാടി ഗായകന്. ചെമ്പോത്തും പൂത്തങ്കിരിയും ഇലപടര്പ്പുകള്ക്കിടയില്നിന്ന് ഇടയ്ക്കിടെ തല പൊക്കി നോക്കി. ചെത്തി പൂത്തു. ആര്ത്തും ചാറിയും പെയ്യുന്ന മഴ പൂക്കളില്‍ ഊര്‍ന്നിറങ്ങി. മഴയുടെ ഇടവേളകളില്‍ തേന്‍ നുകരാന്‍ ചെറുകിളികള്‍ കൂട്ടത്തോടെ പറന്നിറങ്ങി. വര്‍ണശലഭങ്ങള്‍ ചിറക് വിരിച്ചത് മാനത്തു മാത്രമായിരുന്നില്ല. മനസിലുമായിരുന്നു. മഴയില്ലെങ്കില്‍ ചീവീടിന്റെ കരച്ചില്. ജനലിനരികില്നിന്നു കയ്യടിച്ചാല്‍ ഒരു നിമിഷത്തെ നിശബ്ദത. പിന്നെ വീണ്ടും ശബ്ദമുഖരിതം. തലയില്‍ ചെമ്പട്ട് തൊപ്പിയുമായി പൂവന്‍കോഴി. കൊക്കിയും കുറുകിയും പിടയെ വട്ടമിട്ടു. പകലിലും സമയം നോക്കാതെ കൂവി നാട്ടാരെ ഉണര്‍ത്തി. അണ്ണാറക്കണ്ണന്മാര് കവുങ്ങിലൂടെ ചാടി മത്സരിച്ചു.
വഴിവെളിച്ചം കുറച്ചൊക്കെ ഇരുളിനെ അതിജീവിച്ചു. മഴപ്പാറ്റകള്‍ ഇത്തിരി വെളിച്ചത്തില്‍ പോരടിച്ചു. അടുത്തും അകലെയുമായി തവളകള്‍ കരച്ചിലിലൂടെ വരവറിയിച്ചു. ജനലിലൂടെ എത്ര നോക്കിയിട്ടും ഒന്നിനെ പോലും കണ്ടില്ല. വെളിച്ചത്തില്‍ മഴനൂലുകള്‍ തിളങ്ങി. പുറംലോകമിപ്പോള് അപരിചിതമാണ്. എന്നാല്‍ പ്രകൃതി സുന്ദരിയും. അവിടെ ഭയമില്ല. വീണ്ടെടുപ്പ് മാത്രം. മനുഷ്യന്റെ ഇടപെടല്‍ ഇല്ലെങ്കില്‍ അതിജീവനം സാധ്യമെന്നു തെളിയിക്കുന്നു പ്രകൃതി.
അകത്തളം
അവധിയില്ലാത്തത് ഉറക്കത്തിനും വായനയ്ക്കും എഴുത്തിനും പാചകത്തിനും മാത്രം. ആഴത്തില്‍ മുങ്ങാങ്കുഴിയിട്ട് ഉറക്കം. ഗാഢനിദ്ര. മരണത്തിനും ജീവിതത്തിനുമിടയിലെ നിമിഷങ്ങള്‍. ഉണരുമെന്ന് ഉറപ്പില്ലാത്ത ഉറക്കം. ഓര്‍ത്തെടുക്കാന്‍ കഴിയാത്ത സ്വപ്നങ്ങളാണ് കൂട്ട്. വ്യക്തതയില്ലാത്ത ദൃശ്യങ്ങള്‍.
അക്ഷരങ്ങള്‍ പുസ്തകങ്ങളില്‍ നിരനിരയായി എഴുന്നേറ്റുനിന്നു. വിദ്യാലയങ്ങളില്‍ കുട്ടികളുടെ പ്രഭാത കൂടിച്ചേരല്‍ പോലെ. അറിയാത്ത നാടുകള്‍, സംസ്കാരങ്ങള്‍, ജീവിതങ്ങള്‍. അക്ഷരങ്ങളുടെ കൈപിടിച്ച് യാത്ര പോയി. ചില യാത്രകള്‍ ഉല്ലാസഭരിതം. പെട്ടെന്ന് മടുത്തവയും ക്ഷീണിച്ചും ഏന്തിവലിഞ്ഞും അവസാനിപ്പിച്ച യാത്രകളും നിരവധി. പ്രണയവും വിരഹവും കണ്ണീരും കാമവും വായിച്ചറിഞ്ഞു. നൊമ്പരപ്പെടുത്തിയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജീവിതങ്ങള്‍.
എഴുത്ത് അടയാളപ്പെടുത്തലാണ്. വിചാരങ്ങളും വികാരങ്ങളും അനുഭവങ്ങളും. കാല്പനികതയുടെ ഗര്‍ഭപാത്രത്തില്‍ പിറവിയെടുത്ത കുഞ്ഞുങ്ങള്‍ കടലാസ് താളില്‍ കറുത്ത മഷികളില്‍ പിച്ചവെച്ചു.
ദീര്ഘമായൊന്നും സംഭവിച്ചില്ല. പ്രവാസ ജീവിതത്തില്‍ പാചകപ്പുര നിറയെ പാത്രങ്ങള്‍ കണ്ടു ശീലിച്ചതിന് നിരാശയുണ്ടായി. അത്യാവശ്യം പെരുമാറാനുള്ള പത്രങ്ങള്‍ അവശേഷിപ്പിച്ചാണ് വീട്ടുകാര്‍ അടുക്കള ഒഴിഞ്ഞത്. ഭൂരിഭാഗം സ്ഥലവും അടുക്കളയുടെ ഒഴിഞ്ഞു കിടന്നു.
അപൂര്‍വ്വം നന്മമരങ്ങളുണ്ട്. നാലുമണി പലഹാരവും പോത്തിറച്ചിയൊക്കെ സ്നേഹസമ്മാനമായി വതിലിനപ്പുറം എത്തിക്കുന്നവര്‍. പെട്ടെന്ന് തനിച്ചാകുമ്പോള്‍ രുചിക്കെന്താണ് പ്രസക്തി? എന്താണ് വിഭവങ്ങള്‍? ആകെ ആശയക്കുഴപ്പമാണ്.
തോല്‍ക്കാനുള്ളതല്ല ജീവിതം. അതൊരു സമരവും യുദ്ധവുമാണ്. കാത്തിരിക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ജീവിതം എത്ര മനോഹരം. ഭയമില്ലാത്ത ഒരു പാടു പേര് കാത്തിരിക്കുന്നു.
സൗഹൃദങ്ങളുടെ തടവറ
കൂടെയുണ്ടെന്നു തോന്നിപ്പിക്കുന്ന സാന്ത്വനം, സ്നേഹം. അനുഭവിക്കുകയാണ്. സൗഹൃദങ്ങളുടെ വസന്തകാലം. ഉറ്റവര്‍ മുതല്‍ വന്കരകള്ക്കും കടല്ദൂരങ്ങള്ക്കും അപ്പുറമിരുന്ന് കൈനീട്ടുന്നു. മൊബൈല്‍ ഫോണും നവമാധ്യമങ്ങളും മനസുകളുടെ അകലം കുറയ്ക്കുന്നു.
നിഷ്കളങ്കമാണ് ഇടപെടലുകള്‍. രോഗത്തിന്റെ ആശങ്കയും ആകാംക്ഷയും നിറയുന്ന അന്വേഷണങ്ങളില്ല. വാക്കുകളില്‍ ഊര്‍ജ്ജം കൊളുത്തിവെച്ച ചങ്ങാതിമാര്‍ ഇത്രയും നാള് എവിടെ മറഞ്ഞിരുന്നുവെന്ന് ചിന്തിച്ചിട്ടുണ്ട്. ഒന്ന് കാണാന്‍ പോലും കഴിയില്ലെന്ന് അറിഞ്ഞിട്ടും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അറിയിക്കണമെന്ന നിര്‍ബന്ധ വാചകങ്ങള്‍. അങ്ങിനെയാണ് പലപ്പോഴും ഫോണ്‍ കട്ടാകുക. എപ്പോഴോ അറ്റു പോയ ബന്ധത്തിന്റെ കണ്ണി ചേര്‍ക്കാന്‍ ശ്രമിക്കുന്നവര്‍. വിരസത മാറ്റാന്‍ സംഗീതം പങ്കു വെയ്ക്കുന്നവര്‍. എന്നും വിളിച്ചില്ലെങ്കില്‍ മനസ്സമാധാനം നഷ്ടപ്പെട്ടവര്‍. പൂക്കുകയാണ് സൗഹൃദച്ചില്ല. അവിടെ ഭയമില്ല. കൂടെയുണ്ടെന്ന ഒരുറപ്പ്. അതാണ് കൂട്ട്.
നന്മയുള്ള ലോകം
കളമശേരി മെഡിക്കല്‍ കോളേജിലെ ഒറ്റ മുറിയിലെ ഏകാന്തവാസത്തിലാണ് വ്യക്തിസുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ച നന്മയുടെ രൂപങ്ങളെ കണ്ടത്. മനുഷ്യപ്പറ്റില്ലാത്ത ജന്മങ്ങള്, പണ്ട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെയും നേഴ്സുമാരെയും കുറിച്ച് പലരും പറഞ്ഞു കേട്ട വാചകമാണ്. എന്നാല്‍ മാഹമാരി പിടിമുറുക്കുമ്പോള്‍ അനുകമ്പയും സഹാനുഭൂതിയും കരുതലും നിറഞ്ഞ ചേര്‍ത്തു പിടിക്കലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. വ്യക്തി സുരക്ഷ വസ്ത്രങ്ങളില്‍ മുഖമില്ലാതായവര്. വസ്ത്രത്തില്‍ രേഖപ്പെടുത്തിയ പേരിലൂടെയാണ് അവരെ തിരിച്ചറിയാന്‍ കഴിയുക.
രണ്ടും മൂന്നും മണിക്കൂര്‍ ഇടവിട്ട് മുറിയുടെ പുറത്തു കാല്പെരുമാറ്റം കേള്‍ക്കാം. വാതിലില്‍ മുട്ടി വിളിക്കും. നേഴ്സാണ്. ശ്വാസം മുട്ടലോ പനിയോ ചുമയോ തലവേദനയോ ഉണ്ടോയെന്ന് ഇടയ്ക്കിടെ വന്നു ചോദിക്കും. രോഗാവസ്ഥ ഉണ്ടെങ്കില്‍ വിളിക്കണമെന്ന് ചട്ടംകെട്ടും. രണ്ടു ദിവസം നീണ്ട ശ്വാസംമുട്ടലിന് അറുതി വരുത്തിയത് അവരുടെ നിതാന്ത ജാഗ്രതയാണ്.
രാവിലെയും വൈകുന്നേരവും ഡോക്ടര്‍ വരും. ആരോഗ്യ പ്രശ്നങ്ങള്‍ ആരായും. ഒന്നും പേടിക്കണ്ടയെന്ന് ധൈര്യപ്പെടുത്തി മുറിവിട്ടു പോകും.
ദിവസത്തില്‍ രണ്ടുതവണ മുറി വൃത്തിയാക്കും. പി.പി.ഇ. കിറ്റണിഞ്ഞ ചേച്ചിമാര് അധികം സംസാരിക്കില്ല. മുറി അടിച്ച് തുടച്ച്, മാലിന്യങ്ങള്‍ കൂടയില്നിന്നു നീക്കും. നാല് നേരം കൃത്യസമയങ്ങളില്‍ മുറിയില്‍ ഭക്ഷണമെത്തും. തിളപ്പിച്ച വെള്ളവും. എന്നാകും ഇവരുടെ മുഖമൊന്ന് കാണാനാവുക? ഉത്തരമില്ലാത്ത ചോദ്യമാണ്. ഭയമോ ആശങ്കയോ ഉള്ളിലുണ്ടെങ്കിലും പുറത്തു കാണിക്കാതെ തൊഴിലെടുക്കുന്നവര്‍. ഇവരുടെ വിയര്‍പ്പിന്റെ മൂല്യം എത്രയാണ്? വിലമതിക്കാന്‍ കഴിയാത്ത സേവനത്തിന്റെ മഹത്വം വാഴ്ത്തുകയല്ലാതെ മറ്റെന്താണ് ചെയ്യാനാവുക?
ആള്‍ക്കൂട്ടത്തില്‍ തനിയെ
രോഗലക്ഷണങ്ങള്‍ ഒടുങ്ങി. ആശുപത്രി കിടക്കയില്‍നിന്നു മോചനം. സര്‍ക്കാര്‍ വക അങ്കമാലിയിലെ താത്ക്കാലിക വാര്‍ഡിലേക്ക് മാറ്റം. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത, എന്നാല്‍ പോസിറ്റീവായവരെ മാത്രം പാര്പ്പിക്കുന്നയിടം.
ആംബുലന്‍സില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് സഹയാത്രികര്‍. ഇരുളും മഴയും വകവെയ്ക്കാതെ വാഹനം ലക്ഷ്യസ്ഥാനത്തേക്ക് പാഞ്ഞു. അപായമണിയില്‍ മറ്റു വാഹനങ്ങള്‍ വഴി മാറി. വാര്‍ഡിന് മുന്നില്‍ വാഹനം നിര്‍ത്തുമ്പോള്‍ മഴ നിലച്ചിരുന്നില്ല. വലിയ ഹാളിന്റെ ഷട്ടര്‍ തുറന്നു വെച്ചിരിക്കുന്നു. നിരവധി മാസ്ക്ക് ധാരികള്‍ നവാഗതരെ ആകാംക്ഷയോടെ നോക്കി. വാഹനത്തില്‍നിന്ന് ഇറങ്ങിയതോടെ വ്യക്തിസുരക്ഷ വസ്ത്രങ്ങള്‍ അണിഞ്ഞവര്‍ പ്രത്യേക ഉപകരണത്താല്‍ അതിഥികളേയും അവരുടെ ബാഗുകളും അണുവിമുക്തമാക്കി. വെളിച്ചം പരന്നു കിടന്ന വിശാലമായ ഹാളിലേക്ക്. രോഗപ്രതിരോധത്തിന്റെ രണ്ടാം ഘട്ടം.
ഒരു കണ്വെന്ഷന് സെന്റെറാണ് വാര്‍ഡാക്കി മാറ്റിയിരിക്കുന്നത്. ഹാളിന്റെ നടുവിലായി നേഴ്സസ് സ്റ്റേഷന്. ഇവിടേക്ക് രോഗികള്‍ക്ക് പ്രവേശനമില്ല. സദാ കര്‍മനിരതരായി പി.പി.ഇ. കിറ്റില്‍ ആരോഗ്യ പ്രവര്‍ത്തകര്‍. ആവശ്യ മരുന്നുകള്‍, അത്യാസന്ന നിലയിലാകുന്ന രോഗികളെ പരിചരിക്കാനുള്ള സംവിധാനങ്ങള്‍. എല്ലാം സജ്ജം. നേഴ്സസ് സ്റ്റേഷനോട് ചേര്‍ന്ന് സ്ത്രീകളുടെ വാര്‍ഡ്. താത്ക്കാലിക മതില് കൊണ്ട് ഇവിടേക്കുള്ള കാഴ്ച മറച്ചിരുന്നു.
അലുമിനിയം ഷീറ്റ് കൊണ്ടാണ് വാര്‍ഡ് മുറി പോലെ വേര്‍തിരിച്ചിരിക്കുന്നത്. ലേബര്‍ ക്യാമ്പുകളെ പോലെ. പ്ലാസ്റ്റിക് നാടകള്‍ കൊണ്ടുള്ള മടക്കുകട്ടിലുകള് അതിഥികളെ കാത്തുകിടന്നു. ഭക്ഷണം കഴിക്കാന്‍ പത്രം, സ്പൂണ്‍, ഗ്ലാസ്. അലക്കാനും കുളിക്കാനുമായി ബക്കറ്റ്, കപ്പ്, സോപ്പ് എന്നിവ താത്ക്കാലിക മുറിയില്‍ സജ്ജം. വെള്ളം സംഭരിക്കാന്‍ ജഗ്ഗും. നൂറ്റിതൊണ്ണൂറ്റിയഞ്ചാം നമ്പര്‍ കട്ടിലില്‍ വാസം ഉറപ്പിച്ചു. ചുറ്റം രോഗികളുടെ സഞ്ചാരം. മറ്റുള്ളവരുടെ നന്മയ്ക്ക് തടവില്‍ പോകാന്‍ വിധിക്കപെട്ടവര്‍. നാല് നേരം സൗജന്യഭക്ഷണമുണ്ട്. ഇവിടെ രോഗമുക്തിക്കായുള്ള യഥാര്‍ത്ഥ പോരാട്ടത്തിന് തുടക്കം കുറിക്കുകയാണ്.
വേറിട്ട ജീവിതങ്ങള്‍
രോഗമുക്തി, അതു മാത്രമാണ് ഓരോരുത്തരുടേയും സ്വപ്നം. തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് രക്ഷ തേടി സ്വന്തം മണ്ണില്‍ എത്തിയവര്‍, അറിയാതെ രോഗം പിടിപെട്ടവര്‍. സൗഹൃദങ്ങള്‍ പങ്കുവെച്ച് ദിവസങ്ങള്‍ തള്ളിനീക്കുന്നു. വിറ്റാമിന്‍, ആന്റിബയോട്ടിക്ക് മരുന്നുകളാണ് ആശ്രയം. പ്രമേഹവും പ്രഷറുമുള്ളവര്ക്കും വൃദ്ധര്‍ക്കും പ്രത്യേക പരിചരണം. കുടിക്കാനുള്ള ചൂട് വെള്ളം തയ്യാറാക്കുന്നിടത്ത് ഏത് നേരവും തിരക്കാണ്. ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍ എന്നിവ ചൂടുവെള്ളത്തില്‍ ചേര്‍ത്താണ് കുടിക്കുക. ഇടയ്ക്കിടെ ആവി പിടിക്കും. തൊണ്ടയില്‍ ഉപ്പ് വെള്ളം കൊള്ളും.
വീട്ടിലുള്ളവരേക്കുറിച്ചുള്ള ആധി മിക്കവരുടെയും വാക്കുകളിലുണ്ട്. ബന്ധുക്കളും അയല്പക്കക്കാരും ഒറ്റപ്പെടുത്തിയതോടെ ദുരിതത്തിലാണ് രോഗികളുടെ വീട്ടുകാര്‍. അത്യാവശ്യത്തിന് വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ. ഒറ്റപ്പെടുത്തലിന്റെ വേദന. ഉറ്റവരുടെ ഫോണ്‍ വരുമ്പോള്‍ രോഷവും സങ്കടവും കലര്‍ന്ന സാന്ത്വനിപ്പിക്കല്‍. നിറകണ്ണുകളോടെയാകും മിക്കവരും ഫോണ്‍ വെയ്ക്കുക. നാട്ടുകാരുടേയും ബന്ധുക്കളുടേയും തനി നിറം മനസിലായെന്ന് ആത്മഗതം.
ഇതിനിടെ കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചയാളുടെ കുടുംബത്തിന്റെ ദുഃഖം മറ്റുള്ളവരുടെ കണ്ണ് നനച്ചു. അവസാനമായി പരേതനെ ഒരു നോക്ക് കാണാനാകില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ കുടുംബം പ്രാര്‍ത്ഥനയിലാണ്. സമൂഹമാധ്യമങ്ങള്‍ മനസുകളുടെ അകലം കുറയ്ക്കുന്നുണ്ട്. വിഡിയോ കോളിലൂടെയും ചാറ്റ് ചെയ്തും ഒപ്പമുണ്ടെന്ന് ഉറപ്പ് നല്കുന്നു. ഒരു രോഗിക്ക് ആഴ്ച്ചയില്‍ രണ്ടു തവണ പുറത്തു നിന്ന് സാധനങ്ങള്‍ കൊണ്ടുവരാം. വീട്ടുകാരോ കൂട്ടുകാരോ കൊണ്ടു വരുന്ന സാധനങ്ങള്‍ കവറിന് പുറത്ത് പേരെഴുതി ഗേറ്റില്‍ ഏല്‍പ്പിക്കും. മണിക്കൂറുകള്‍ക്കകം സാധനങ്ങള്‍ ബന്ധപ്പെട്ടവരുടെ പക്കലെത്തും.
പ്രാദേശികവാദവും പുകവലിയും
വാര്‍ഡിനകം രാജ്യത്തിന്റെ പരിച്ഛേദമാണ്. മതം, ഭാഷ, വേഷം, സംസ്ക്കാരമെല്ലാം വ്യത്യസ്തമായ നിരവധി രോഗികള്‍. മൈക്കിലൂടെയാണ് നേഴ്സുമാര്‍ നിര്‍ദേശം നല്‍കുന്നത്. ആദ്യം മലയാളത്തില്‍. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ആവര്‍ത്തനം.
വാര്‍ഡുകളില്‍ രാഷ്ട്രീയം മുതല്‍ ഭക്ഷണം വരെ തര്‍ക്കവിഷയങ്ങളാണ്. സൗകര്യങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തുന്ന ഉത്തരേന്ത്യക്കാരെ പ്രാദേശിക വികാരത്തിലൂന്നി മലയാളികള്‍ നേരിട്ടു. അറിയാവുന്ന ഹിന്ദിയില്‍ മറുപടി നല്കാന് ശ്രമിക്കും. ഇത് കേരളമാണ്, ലോകത്ത് ഇവിടെ മാത്രമേ മികച്ച സൗകര്യം ലഭിക്കൂ, സാലെ നോര്‍ത്തിന്ത്യന്‍സ്... ഇത്തരത്തിലാണ് മറുപടികള്‍. മോദിയുടെ കേരളമല്ലെന്നും പിണറായിയാണ് മുഖ്യമന്ത്രിയെന്ന് ഓര്‍ക്കണമെന്നും ഹിന്ദി അറിയാത്ത ചിലര്‍ പച്ച മലയാളത്തിലും തട്ടിവിട്ടു.
പുകവലി നിര്‍ത്താന്‍ കഴിയാത്ത രോഗികളുമുണ്ട്. ബാത്ത് റൂമിന്റെ ചുമരിന്റെ മുകളില്‍ സിഗരറ്റും തീപ്പെട്ടിയും ഒളിപ്പിച്ചു വെച്ചായിരുന്നു പുകവലി. പിടിക്കപ്പെട്ടതോടെ ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പുണ്ടായി. പുകവലിച്ചാല്‍ വീട്ടുകാരെ കാണാതെ മണ്ണിലേക്ക് മടങ്ങേണ്ടി വരുമെന്ന ഓര്‍മപ്പെടുത്തല്‍.
വാര്‍ഡിന് മുന്നില്‍ ചെറിയൊരു ക്ഷേത്രമുണ്ട്. മഹാമാരി പടര്‍ന്നതോടെ നടയടച്ചതാകാം. ഒരു ദിവസം ക്ഷേത്രത്തോട് ചേര്‍ന്നുള്ള മതിലിനരികില്‍ ചപ്പാത്തിയുടേയും മുട്ടയുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തി. തലേന്ന് രാത്രി രോഗികള്‍ക്ക് നല്‍കിയത് ചപ്പാത്തിയായിരുന്നു. വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. പലയിടത്തും വട്ടം കൂടി ചര്‍ച്ചയുണ്ടായി. വൈകാതെ മൈക്കിലൂടെ അനൗന്സ്മെന്റേത്തി. ആരോ അലക്ഷ്യമായി ക്ഷേത്രത്തിലേക്ക് ഭക്ഷണാവശിഷ്ടങ്ങള്‍ എറിഞ്ഞെന്നും ഇത് ആവര്‍ത്തിക്കരുതെന്നും മുന്നറിയിപ്പ്. കുറച്ചുനേരത്തേക്ക് വാര്‍ഡില്‍ നിശബ്ദത തളം കെട്ടി.
നെഗറ്റീവുണ്ടോ ഡിസ്ചാര്‍ജാകാന്‍
എപ്പോഴും പോസിറ്റീവായി ഇരിക്കുക, എന്നാലേ നെഗറ്റീവ് ആകാന്‍ കഴിയൂ. വാര്‍ഡിലെ സീനിയേഴ്സിന്റെ ഉപദേശമാണ്. ഡിസ്ചാര്‍ജിനുള്ള ഐ.സി.എം.ആറിന്റെ പ്രോട്ടോക്കോളില്‍ മിക്കപ്പോഴും മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നു. തുടര്‍ച്ചയായി രണ്ട് നെഗറ്റീവ് ഫലങ്ങള്‍ ലഭിച്ചാല്‍ മാത്രമായിരുന്നു ആദ്യം ഡിസ്ചാര്‍ജ്ജ് അനുവദിച്ചിരുന്നത്. ഇതാകട്ടെ വളരെ ദുഷ്ക്കരമായിരുന്നു.
വാര്‍ഡില്‍ പ്രവേശിക്കപ്പെട്ടാല്‍ ഒരാള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ സാമ്പിള്‍ പരിശോധനയുണ്ട്. ആദ്യഫലം നെഗറ്റീവ് ആയവര്‍ക്ക് പിന്നെ തുടര്‍ച്ചയായി പോസിറ്റീവ്. ഇതോടെ ചിലരുടെ ആശുപത്രി വാസം 40 ദിവസമൊക്കെ നീണ്ടു. സാമ്പിള്‍ റിസല്‍ട്ട് വരുമ്പോള്‍ ആഹ്ലാദവും നിരാശയുമാണ്. തുടര്‍ച്ചയായി പോസിറ്റീവ് ആകുന്നവരും ഒരെണ്ണം നെഗറ്റീവും പിന്നീടെല്ലാം പോസിറ്റീവ് ആകുന്നവരും നിരവധി. രണ്ട് നെഗറ്റീവ് ലഭിക്കുന്ന മഹാഭാഗ്യവാന്മാരെ കയ്യടിച്ചാണ് മറ്റുള്ളവര്‍ യാത്രയാക്കുക.
നാളെ എന്നത് ഒരു പ്രതീക്ഷയാണ്. എന്നാല്‍ തുടര്‍ച്ചയായി രണ്ട് നെഗറ്റീവ് എന്നത് പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴലായി. ഇതിനിടെ വീണ്ടും ഡിസ്ചാര്‍ജ് പ്രോട്ടോക്കോള്‍ മാറി. ഒറ്റ നെഗറ്റീവ് ലഭിച്ചാല്‍ ഡിസ്ചാര്‍ജ്. രോഗം സിഥിരീകരിച്ച് പത്തു ദിവസത്തിന് ശേഷമായിരിക്കും സാമ്പിള്‍ പരിശോധന. ഇതോടെ ഓരോ ദിവസവും രോഗമുക്തി നേടുന്നവര്‍ കൂടി.
പരിശോധനാഫലം നെഗറ്റീവ് ആകാന്‍ പല വഴികളും തേടുന്നവരുണ്ട്. സ്രവം ശേഖരിക്കുന്നത്തിന് മുന്‍പ് ചിലര്‍ മൂക്കില്‍ സോപ്പ് വെള്ളം ഒഴിക്കും. മറ്റു ചിലരാകട്ടെ ഉപ്പ് വെള്ളം കൊള്ളും. കൊറോണ ഇത്തരത്തില്‍ ഇല്ലാതാകുമെന്ന് അന്ധവിശ്വാസമാണ് അടിസ്ഥാനം.
വാര്‍ഡിലെ ബോര്‍ഡില്‍ റിസല്‍ട്ട് എഴുതി വെയ്ക്കും. പരീക്ഷാഫലം നോക്കുന്ന ഗൗരവത്തോടെ ബോര്‍ഡിലേക്ക് ഉറ്റു നോക്കും. നെഗറ്റീവ് ഫലം ജീവിതത്തിലേക്കുള്ള മടക്ക ടിക്കറ്റാണ്, ആഹ്ലാദം അല തള്ളും. ഒടുവില്‍ 26 പേര്‍ക്കൊപ്പം ബോര്‍ഡിലെ നെഗറ്റീവ് ഫലത്തില്‍ സ്വന്തം പേര് തെളിഞ്ഞതോടെ ആശ്വാസം.
പന്ത്രണ്ട് ദിവസത്തെ ആശുപത്രിവാസത്തില്‍ ഒരു കാര്യം ബോധ്യമായി, രോഗത്തെ ഭയക്കേണ്ടതില്ല. കാരണം ആരോഗ്യസംവിധാനം മുഴുവന്‍ നമുക്കൊപ്പമുണ്ട്. ചെറിയ ചില പാളിച്ചകള്‍ ഉണ്ടെങ്കിലും കാര്യക്ഷമമാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം. വിദ്യാഭ്യാസമുണ്ടായിട്ടും രോഗഭയത്താല്‍ മനസികവൈകല്യം ബാധിച്ചവര്‍ കുരയ്ക്കട്ടെ. ഈ നാടിന് തോല്ക്കാന് കഴിയുമെന്ന് തോന്നുന്നില്ല.
നമ്മള് പിടിച്ചു നിര്‍ത്തുക തന്നെ ചെയ്യും മഹാമാരിയെ.
ContentHighlights: