രാജസ്ഥാനിൽ ട്രെയിനിറങ്ങുമ്പോൾ രാഞ്ചോട്‌ ലാൽ ഖാരാടിയയുടെ കാലുകളിൽ പുതുപുത്തൻ ചെരിപ്പുണ്ടാവും. ഒപ്പം ഒന്നര വർഷം മുൻപ്‌ കാണാതായ ഭാര്യ റമീലാദേവിയും രണ്ടു വയസ്സുകാരൻ മകൻ രവിയും. ഭാര്യയെയും മകനെയും രാഞ്ചോട്‌ ലാൽ കൊലപ്പെടുത്തിയതാണെന്ന് എല്ലാവരും കുറ്റപ്പെടുത്തിയപ്പോഴാണ്, അവരെ കണ്ടെത്തിയിട്ടേ ചെരിപ്പിടൂവെന്ന് അയാൾ ശപഥമെടുത്തത്.കേരളത്തിന്റെ കരുതലിൽനിന്ന് ഒടുവിൽ ഭാര്യയെയും മകനെയും തിരിച്ചുകിട്ടിയപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. സ്നേഹത്തിന്റെ കരങ്ങളാൽ തന്റെ ഉറ്റവരെ സൂക്ഷിച്ച കേരളത്തിനു നന്ദിപറഞ്ഞാണ് അയാൾ നാട്ടിലേക്ക് മടങ്ങിയത്.

രാജസ്ഥാനിലേക്കു തിരിച്ചുപോകുന്നതിനു മുൻപ്‌, ശിശുക്ഷേമസമിതി പ്രവർത്തകർക്കും സാമൂഹികനീതിവകുപ്പ് ഉദ്യോഗസ്ഥർക്കുമൊപ്പം രാഞ്ചോട്‌ ലാൽ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി; കേരളം നൽകിയ സ്നേഹത്തിനും സഹായത്തിനും നന്ദിയറിയിക്കാൻ.

2016 ജനുവരി ഒൻപതിനാണ് റമീലാദേവിയെ വലിയതുറ മേഖലയിൽ അലഞ്ഞുതിരിയുന്നതായി കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച അവരെ തിരുവനന്തപുരത്തെ മാനസികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെ ശിശുക്ഷേമസമിതിക്കു കൈമാറി. ഒരു വർഷത്തെ ചികിത്സയെത്തുടർന്ന് റമീലാദേവിയുടെ രോഗാവസ്ഥ ഭേദപ്പെട്ടു. തുടർന്ന് ഇവർ നൽകിയ വിവരമനുസരിച്ച് സംസ്ഥാന പോലീസ് മേധാവി രാജസ്ഥാൻ പോലീസുമായി ബന്ധപ്പെട്ടു. അവരുടെ അന്വേഷണത്തിലാണ് രാഞ്ചോട്‌ ലാലിനെ കണ്ടെത്തി കേരളത്തിലെത്തിച്ചത്.

റമീലാദേവിയുടെ പേരിലുണ്ടായിരുന്ന സ്ഥലം ചിലർ തട്ടിയെടുത്തതിനെത്തുടർന്നാണ് ഇവർക്കു മാനസികാസ്വാസ്ഥ്യമുണ്ടായതെന്നു പറയുന്നു. നാട്ടിലേക്കു മടങ്ങുന്ന ഇവർക്ക് സംരക്ഷണം വേണമെന്ന ആവശ്യം രാഞ്ചോട്‌ ലാൽ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കു മുന്നിലും ഇതേ ആവശ്യം ഉന്നയിച്ചു. ജില്ലാ മജിസ്‌ട്രേറ്റിനു പരാതി നൽകാൻ മുഖ്യമന്ത്രി നിർദേശിച്ചു. രാജസ്ഥാൻസർക്കാരുമായി ബന്ധപ്പെട്ട് വിഷയം ശ്രദ്ധയിൽപ്പെടുത്താമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ കാലിൽ തൊട്ടുതൊഴുതാണ് രാഞ്ചോട്‌ ലാൽ നന്ദി പ്രകടിപ്പിച്ചത്. ഇവരെ നാട്ടിൽ കൊണ്ടുചെന്നാക്കുന്നതിന് കേരളത്തിൽനിന്ന് രണ്ട് ഉദ്യോഗസ്ഥരും പോകുന്നുണ്ട്. വ്യാഴാഴ്ച വൈകീട്ട് 3.45-ന് പുറപ്പെട്ട ബിക്കാനീർ എക്സ്പ്രസിലാണ് ഇവർ മടങ്ങിയത്. കൈനിറയെ സമ്മാനങ്ങളും പഠനപുസ്തകങ്ങളുമായാണ് ശിശുക്ഷേമസമിതിയിൽനിന്ന് രവിയെ യാത്രയാക്കിയത്.

നാട്ടിലേക്കു മടങ്ങുമ്പോൾ രാഞ്ചോട്‌ ലാലിന് ഒരു സങ്കടമേയുള്ളൂ. മകനെ ഉള്ളുനിറഞ്ഞു കൊഞ്ചിക്കാനാവുന്നില്ല. കാരണം രാഞ്ചോട്‌ ലാൽ പറയുന്നത് രവിക്കും രവി പറയുന്നത് രാഞ്ചോട്‌ ലാലിനും മനസ്സിലാകുന്നില്ല. കേരളത്തിലെ താമസത്തിനിടെ രവി മലയാളം പഠിച്ചു. ഇനി അമ്മ റമീലാദേവി വേണം കുറച്ചുനാളത്തേക്ക് ഇവർക്കിടയിലെ പരിഭാഷകയാകാൻ.