രാജനും സരസ്വതിയും
അടൂർ(പത്തനംതിട്ട): ഇനിയുള്ള ജീവിതവും ഒറ്റയ്ക്കാകുമെന്നാണ് രാജനും സരസ്വതിയും കരുതിയത്. ഒറ്റയ്ക്കുള്ള യാത്ര മധ്യവയസ്സ് പിന്നിട്ടിരുന്നു. പക്ഷേ, പ്രണയത്തിന് പ്രായമില്ലെന്ന തിരിച്ചറിവിലാണ് ഇപ്പോൾ ഇരുവരും. ഇനി പുതുകനവുകൾ തളിരണിയാൻ ഒരു നാളിന്റെ കാത്തിരിപ്പ് മാത്രം. ഈ വാലെന്റെൻസ് ദിനത്തിൽ രാജനും സരസ്വതിയും വിവാഹിതരാകും. 65 വയസ്സാണ് സരസ്വതിക്ക്. രാജന് 58-ഉം.
രണ്ടുവഴികളിലായിരുന്ന ഇരുവരും യാദൃശ്ചികമായാണ് ഒന്നിക്കുന്നത്. അതിന് വേദിയായത് അടൂരിൽ വയോജനങ്ങളെ പരിപാലിക്കുന്ന മഹാത്മ ജനസേവന കേന്ദ്രം.
തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയാണ് രാജൻ. വർഷങ്ങളായി, ശബരിമല സീസണിൽ പമ്പയിലും പരിസരത്തുമുള്ള കടകളിൽ പാചകം ചെയ്തുവരുകയായിരുന്നു.
സീസൺ കഴിഞ്ഞാലും നാട്ടിലേക്ക് മടങ്ങില്ല. ജോലിചെയ്ത് കിട്ടുന്ന തുക ബന്ധുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. സഹോദരിമാർക്കുവേണ്ടി ജീവിതം മാറ്റിവെച്ച രാജൻ വിവാഹം കഴിക്കാൻ മറന്നു. കോവിഡ് വ്യാപനത്തെത്തുടർന്ന് ലോക്ഡൗണായതോടെ രാജനെ, അന്നത്തെ പമ്പ സി.ഐ. പി.എം.ലിബിയാണ് 2020 ഏപ്രിൽ 18-ന് മഹാത്മയിലെത്തിച്ചത്. ഇപ്പോൾ വയോജനങ്ങളെ സംരക്ഷിച്ചും പാചകം ചെയ്തും ഇവിടെ ജീവിക്കുന്നു.
അടൂർ മണ്ണടി പുളിക്കൽ സരസ്വതി (65) ജീവിതത്തിൽ ഒറ്റപ്പെട്ടപ്പോൾ പൊതുപ്രവർത്തകരും പോലീസും ചേർന്നാണ് 2018 ഫെബ്രുവരി രണ്ടിന് മഹാത്മയിലെത്തിച്ചത്. അവിവാഹിതയായ, സംസാരവൈകല്യമുള്ള സരസ്വതിയുടെ മാതാപിതാക്കൾ മരിച്ചതോടെയാണ് അവർ തനിച്ചായത്. സരസ്വതിയും ഇവിടത്തെ രോഗബാധിതരായ വയോജനങ്ങളെ പരിചരിച്ചുവരുന്നു. പരസ്പരം ഇഷ്ടപ്പെടുന്നെന്ന വിവരം ഇവർതന്നെയാണ് മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയോടും സെക്രട്ടറി എ.പ്രിഷിൽഡയോടും പറഞ്ഞത്. തുടർന്ന് ഇരുവരുടെയും വീട്ടുകാരുമായും ജനപ്രതിനിധികളുമായും സംസാരിച്ചു. ഇരു വീട്ടുകാർക്കും സമ്മതമായിരുന്നു.
14-ന് രാവിലെ 11-നും 11.30-നും മധ്യേ, സരസ്വതിക്ക് രാജൻ വരണമാല്യം ചാർത്തും. ചിറ്റയം ഗോപകുമാർ എം.എൽ.എ., നഗരസഭാ ചെയർമാൻ ഡി.സജി, പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തംഗം സുശീലക്കുഞ്ഞമ്മക്കുറുപ്പ്, സാമൂഹികനീതി ഓഫീസർ ജാഫർഖാൻ എന്നിവരുടെ സാന്നിധ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായാണ് വിവാഹം.
Content Highlights: Rajan and Saraswati get married on Valentine's Day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..