പുന്നയൂര്‍ക്കുളം: ബാപ്പയെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും സഹോദരങ്ങളെയും വളര്‍ന്ന നാടും കണ്ട് സ്‌നേഹം ഊട്ടിയുറപ്പിച്ച സന്തോഷത്തിലാണ് ഖദീജയും ആയിഷയും. 62 വര്‍ഷം നീണ്ട ഇവരുടെ കാത്തിരിപ്പിന് ഫലം കണ്ടത് ഫെയ്‌സ് ബുക്കിലൂടെയാണ്.

വെളിയങ്കോട് പീടിയക്കേല്‍ മുഹമ്മുദുണ്ണിയുടെയും മലേഷ്യക്കാരി സുലൈഖയുടെയും മക്കളാണ് ഖദീജയും ആയിഷയും. മലേഷ്യയില്‍ ജോലിക്കെത്തിയ മുഹമ്മുദുണ്ണി അവിടെവെച്ചാണ് സുലൈഖയെ വിവാഹം കഴിച്ചത്. തുടര്‍ന്ന് മക്കളുമായി നാട്ടിലേക്ക് വരികയും പത്തുവര്‍ഷത്തോളം താമസിക്കുകയും ചെയ്തു. ഇതിനിടെ സുലൈഖയുടെ പൗരത്വം നഷ്ടപ്പെടാതിരിക്കാന്‍ മക്കളെയുംകൂട്ടി മുഹമ്മദുണ്ണി വീണ്ടും മലേഷ്യക്ക് പോയി. നിയമതടസ്സങ്ങള്‍ വന്നതിനാല്‍ മുഹമ്മദുണ്ണിക്ക് അവിടെ തുടരാന്‍ കഴിഞ്ഞില്ല.

മലേഷ്യയിലുള്ള സുഹൃത്തുവഴി മുഹമ്മദുണ്ണി തുടര്‍ന്നും പണം അയച്ചിരുന്നതായി നാട്ടിലുള്ള ബന്ധുക്കള്‍ പറയുന്നുണ്ടെങ്കിലും അതൊന്നും അവിടെ കിട്ടിയിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. വിവരങ്ങളൊന്നുമില്ലാതായപ്പോള്‍ പരിചയക്കാര്‍വഴി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനുശേഷം മുഹമ്മദുണ്ണി വേറെ വിവാഹം കഴിച്ചു. അതില്‍ മൂന്നുമക്കളുണ്ട്.

മലേഷ്യയിലെ ഹോട്ടലില്‍ പരിചയപ്പെട്ട പൊന്നാനി സ്വദേശി മുജീബാണ് കേരളത്തിലെത്താന്‍ ഇവരെ സഹായിച്ചത്. പീടിയക്കേല്‍ എന്ന വീട്ടുപേര് ഫെയ്ബുക്കിലൂടെ അനേഷിച്ചാണ് മുഹമ്മദുണ്ണിയുടെ മകന്റെ മകന്‍ നൗഫലിനെ കണ്ടുപിടിച്ചത്. തുടര്‍ന്ന് ഫോണിലുടെ ബന്ധപ്പെട്ടുവരുകയായിരുന്നു.

ഞായറാഴ്ചയാണ് ഇവര്‍ നാട്ടില്‍ ഒന്നിച്ചത്. ഖദീജയുടെ മകന്‍ അബ്ദുള്‍ അസീസ്, ആയിഷയുടെ മക്കളായ അസറുദ്ദീന്‍, അസ്മിന്‍ എന്നിവരും മുഹമ്മദുണ്ണിയുടെ മകളായ ബീവാത്തുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഖദീജയുടെ മറ്റൊരു സഹോദരി ഫാത്തിമ വന്നിട്ടില്ല. പൊന്നാനിയിലും പഴഞ്ഞിയിലും വടക്കേക്കാട്ടിലുമുള്ള സഹോദരങ്ങളുടെ വീടുകളിലേക്ക് ഇവര്‍ എത്തി. അറ്റുപോയ ബന്ധങ്ങള്‍ കൂട്ടിയോജിപ്പിച്ച സന്തോഷത്തില്‍ മലേഷ്യക്ക് തിരികെപ്പോകാനുള്ള ഒരുക്കത്തിലാണിവര്‍.