പുളിക്കൽ ഫസലുദ്ദീൻ, വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ വിജേഷിനെ ചുമലിൽ കെട്ടിത്തൂക്കി കയറുന്ന ഫസലുദ്ദീൻ.
കരുവാരക്കുണ്ട് (മലപ്പുറം): അന്‍പതടിയിലേറെ താഴ്ചയില്‍ ജീവനുവേണ്ടി പിടയുന്ന സുഹൃത്തിനെ നോക്കി അലമുറയിടാനേ കൂടെയുണ്ടായിരുന്നവര്‍ക്ക് കഴിഞ്ഞുള്ളൂ. നിസ്സഹായതയുടെ കാണാക്കയത്തില്‍ രക്ഷകനായി ഫസലുദ്ദീനെത്തി. കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലിറങ്ങി അവശനായ തമിഴ്‌നാട് സ്വദേശി വിജേഷിനെ കാളികാവ് പുറ്റമണ്ണ സ്വദേശി പുളിക്കല്‍ ഫസലുദ്ദീന്‍ സ്വന്തം ജീവന്‍ അവഗണിച്ച് രക്ഷപ്പെടുത്തി.
തമിഴ്‌നാട്ടില്‍നിന്നുള്ള അഞ്ചംഗസംഘം തിങ്കളാഴ്ച ഉച്ചയോടെയാണ് വെള്ളച്ചാട്ടത്തിലിറങ്ങിയത്. നീന്തലറിയാത്ത വിജേഷ് ആഴമില്ലാത്ത ഭാഗത്തേക്കിറങ്ങി. തെന്നിനീങ്ങി ആഴമുള്ള ഭാഗത്തെത്തിയതോടെ മുങ്ങിത്താഴ്ന്നു. സുഹൃത്തുക്കള്‍ ഒരുവിധം വലിച്ച് കരയ്ക്കടുപ്പിച്ചെങ്കിലും ക്ഷീണിതനായ വിജേഷിനെ കുത്തനെയുള്ള പാറക്കെട്ടുകള്‍ക്കിടയിലൂടെ മുകളിലേക്കെത്തിക്കാന്‍ അവര്‍ക്കായില്ല. ആരോഗ്യനില വഷളായ വിജേഷിനെ രക്ഷിക്കാന്‍ മാര്‍ഗമില്ലാതെ സുഹൃത്തുക്കള്‍ അലമുറയിട്ടു. സുരക്ഷാജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചെങ്കിലും മുകളിലേക്ക് കയറ്റാന്‍ കഴിഞ്ഞില്ല.
ഇതിനിടയിലേക്കാണ് നജാത്തിലെ ബസ് ഡ്രൈവര്‍ ഫസലുദ്ദീന്‍ മുന്നോട്ടുവന്നത്. ആളെ ചുമലില്‍ കെട്ടി മുകളിലേക്ക് കയറില്‍ തൂങ്ങി കയറാന്‍ കഴിയുമെന്ന് ഫസലുദ്ദീന്‍ പറഞ്ഞു. അസാധ്യമെന്ന് പറഞ്ഞ് കൂടെയുള്ളവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സമയം പാഴാക്കാതെ ഫസലുദ്ദീന്‍ കെട്ടിത്തൂക്കിയ കയറിലൂടെ താഴേക്കിറങ്ങി. ക്ഷീണിതനായ വിജേഷിനെ ചുമലില്‍ കെട്ടി മുറുക്കി പാറക്കെട്ടുകളിലൂടെ ശ്രദ്ധയോടെ ചുവടുവെച്ച് കയറില്‍ തൂങ്ങി മുകളിലെത്തിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പ്രഥമശുശ്രൂഷ നല്‍കി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കിണര്‍ കുഴിച്ചുള്ള പരിചയമാണ് കയറില്‍ തൂങ്ങി കയറാനുള്ള ധൈര്യം നല്‍കിയതെന്ന് ഫസലുദ്ദീന്‍ പറഞ്ഞു. വീട്ടിലെ കിണര്‍ ഫസലുദ്ദീന്‍ സ്വന്തമായി കുഴിച്ചതാണ്. ചെങ്കുത്തായ പാറക്കെട്ടുകള്‍ക്കിടയിലൂടെ കയറില്‍ പിടിച്ച് കയറുന്നത് ആദ്യമായിട്ടാണ്. ഒരാളുടെ ജീവനുവേണ്ടി യാചിക്കുന്നത് കണ്ടപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ലെന്നും കൂടെയുള്ളവരില്‍ വിശ്വാസമര്‍പ്പിച്ച് സാഹസിക കൃത്യത്തിന് മുതിരുകയായിരുന്നുവെന്നും ഹസലുദ്ദീന്‍ പറഞ്ഞു.
ജീവന്‍ തിരിച്ചുകിട്ടിയ വിജേഷും കൂട്ടുകാരും ഫസലുദ്ദീനോടുള്ള നന്ദിയും കടപ്പാടും തീര്‍ക്കാനാവില്ലെന്ന് പറഞ്ഞാണ് നാട്ടിലേക്ക് മടങ്ങിയത്. പുറ്റമണ്ണയിലെ പുളിക്കല്‍ ചേക്കുണ്ണി-ആയിശ ദമ്പതിമാരുടെ മകനാണ് ഫസലുദ്ദീന്‍. ഭാര്യ ജുഫ്‌ന ഷെറിന്‍. ഫിസ മെഹ്‌റിന്‍ മകളും. നാട്ടുകാരും സുരക്ഷാ ജീവനക്കാരും ഫസലുദ്ദീനെ അഭിനന്ദിച്ചു.
Content Highlights: private bus driver turned saviour for tamilnadu native
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..