ട്രാക്ക് സ്യൂട്ടും ബൂട്ടും ധരിച്ച് തലയില്‍ തോര്‍ത്തുമുണ്ടുകൊണ്ട് ഒരു കെട്ടും കെട്ടി സിമന്റും മണലും കൂട്ടിക്കുഴയ്ക്കുന്ന ഒരാള്‍. വീട് പണിയ്ക്കായി എത്തിയ ഏതെങ്കിലും മറുനാടന്‍ തൊഴിലാളിയാണിതെന്ന് കരുതിയെങ്കില്‍ തെറ്റി. ആളൊരു പുരോഹിതനാണ്. നിലമ്പൂര്‍ എടക്കരയിലെ കരുനെച്ചി ലിറ്റില്‍ ഫ്‌ളവര്‍ മലങ്കര കത്തോലിക്കാ പള്ളിയിലെ വികാരി ജോണ്‍സണ്‍ പള്ളിപ്പടിഞ്ഞാറേതില്‍ ആണ് പ്രഫഷണല്‍ മെയ്ക്കാട് പണിക്കാരെ വെല്ലുന്ന തരത്തില്‍ സിമന്റുകുഴയ്ക്കുന്നത്. അച്ചനിതിന്റെ വല്ല കാര്യവും ഉണ്ടോയെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരം കിട്ടും.  

കാര്യമുണ്ട്, കാരണം ഒരു നിര്‍ധന കുടുംബത്തിനാണ് വീട് വയ്ക്കുന്നത്. നിര്‍മാണ കമ്മിറ്റി കണ്‍വീനറാണ് ജോണ്‍സണച്ചന്‍.  വീട് വച്ചുകൊടുക്കുന്ന കുടുംബത്തില്‍ മൂന്ന് പെണ്‍കുട്ടികളാണ് ഉള്ളത്. അവരെ വിവാഹം കഴിപ്പിച്ചുവിട്ടു. അവരുടെ രോഗികളായ മാതാപിതാക്കള്‍ക്ക് വേണ്ടിയാണ് വീട് നിര്‍മാണം. വീട് വെച്ചുകൊടുക്കാന്‍ ഉദ്ദേശിക്കുന്ന ആള്‍ക്കാര്‍ക്ക് സ്ഥലത്തു വന്നുനിന്ന് വീട് പണി ചെയ്യിപ്പിക്കാന്‍ നിര്‍വാഹവുമില്ല. അതിനാല്‍ ആ ഉത്തരവാദിത്വം അച്ഛനങ്ങ് ഏറ്റെടുത്തു.

fr
ജോണ്‍സണ്‍ പള്ളിപ്പടിഞ്ഞാറേതില്‍

സംഘടനകളും വ്യക്തികളും ഉള്‍പ്പെടെ നിരവധി പേരുടെ സഹായഹസ്തങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് വീട് നിര്‍മാണം പുരോഗമിക്കുന്നത്.  

തറയുടെ പണി ലയണ്‍സ് ക്ലബ്ബും ഭിത്തി ജോണ്‍സണ്‍ അച്ചന്റെ ഇടവകയുമാണ് ചെയ്യുന്നത്. പള്ളിയിലെ യുവജന സംഘടനാ പ്രവര്‍ത്തകരും നിര്‍മാണ തൊഴിലാളികളോടൊപ്പമുണ്ട്. ഒരു ഭാഗത്ത് മാറി നിന്ന് നിര്‍ദ്ദേശം കൊടുക്കുന്നതിലും നല്ലത് കൂടെ നിന്ന് പണിയെടുക്കുകയാണെന്നും അച്ഛന്‍ പറയുന്നു. തൊഴിലാളികള്‍ക്ക് ഒരു ഉണര്‍വ് നല്‍കാനും തന്റെ സാനിധ്യം  ഗുണം ചെയ്യുന്നുണ്ടെന്നും ജോണ്‍സനച്ചന്‍ പറയുന്നു. 

ളോഹ ഊരിവെച്ച്  സിമന്റു ചാക്കും മണലുമൊക്കെ ചുമക്കാനിറങ്ങിയതിന് മറ്റൊരു കാരണം കൂടിയുണ്ട്. വെറുതെ നോക്കിനില്‍ക്കാതെ ജോലിയെടുത്താന്‍  ഒരാളുടെ പണിക്കൂലിയെങ്കിലും ലാഭിക്കാം.  കോവിഡ് ആയതിനാല്‍ ഇടവകയിലും ജോലികള്‍ കുറവാണ്. അതുകൊണ്ടുതന്നെ ധാരാളം സമയവും അച്ചന് ബാക്കിയുണ്ട്.  ആ സമയം മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകും വിധം വിനിയോഗിക്കുകയാണ് ഈ പള്ളിവികാരി.

കോവിഡില്‍ നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. അങ്ങനെയുള്ളവര്‍ക്കായി, മനസുണ്ടെങ്കില്‍ ഏത് ജോലിയും ആര്‍ക്കും ചെയ്യാമെന്ന് അച്ചന്‍ ജീവിതം കൊണ്ട് ഒരു സാക്ഷ്യം നല്‍കുന്നു.

ഒരു വര്‍ഷംമുന്‍പാണ് കരുനെച്ചി പള്ളിയില്‍ വികാരിയായെത്തിയത്. അതിനുമുമ്പ്  ഭൂദാനം മലങ്കര കത്തോലിക്ക പള്ളിയിലെ വികാരിയായിരുന്നു അച്ചന്‍. ആ സമയത്താണ് കവളപ്പാറ ദുരന്തമുണ്ടായത്.  അച്ചന്റെ ഇടവക പള്ളി അന്ന് ദുരിതാശ്വാസ ക്യാമ്പായി. വീടും ജീവിതവും നഷ്ടപ്പെട്ടവര്‍ക്ക് ജീവന്‍ മാത്രം ബാക്കിയായവര്‍ക്കും വിശപ്പകറ്റാന്‍ പള്ളിമുറ്റം കനിവിന്റെ കലവറയാക്കി അച്ചന്‍.  നാലുമാസത്തോളം പള്ളിയില്‍ കുര്‍ബാന പോലും നടത്തിയില്ല. 

ഒരു വര്‍ഷം ഡല്‍ഹിയില്‍ സാമൂഹിക സേവന രംഗത്തും അച്ഛന്‍ പ്രവര്‍ത്തിച്ചിരുന്നു. പുരോഹിതനായ ശേഷം പുല്‍പ്പള്ളി പഴശിരാജ കോളേജിലെ അസി. പ്രൊഫസര്‍ ആയിട്ടാണ് സഭ അച്ചനെ നിയോഗിച്ചത്. എന്നാല്‍ അധ്യാപനത്തെക്കാളും അച്ചന് ഇഷ്ടം ഇടവകശുശ്രൂഷയായിരുന്നു. അതിനാല്‍ പഴശ്ശിയോട് വിടപറഞ്ഞു. 

വയനാട് കാട്ടിക്കുളം സ്വദേശികളായ മാതാപിതാക്കളുടെ മകനാണ് ഫാ. ജോണ്‍സണ്‍.

Content Highlight:  Priest helps  building construction work for homeless