പോത്തന്‍കോട്: സഹപാഠിയുടെ ചികിത്സാച്ചെലവിനായി ഭക്ഷ്യമേളയൊരുക്കി പോത്തന്‍കോട് ലക്ഷ്മി വിലാസം ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍. അധ്യാപകരും പി.ടി.എ.യും ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ചന്തവിള വിളയില്‍ വീട് തിരുവാതിരയില്‍ അനില്‍കുമാറിന്റെയും വിദ്യാറാണിയുടെയും മകന്‍ ആദിത്യന്റെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പണം സ്വരൂപിക്കാനാണ് ഭക്ഷ്യമേള നടത്തിയത്. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ മുഴുവന്‍ കുട്ടികളും മേളയില്‍ പങ്കെടുത്തു.

കുട്ടികളും അധ്യാപകരും പി.ടി.എ. അംഗങ്ങളും ഭക്ഷ്യ ഉത്പന്നങ്ങള്‍ വീടുകളില്‍ നിന്ന് തയ്യാറാക്കിക്കൊണ്ടുവന്നാണ് മേള ഒരുക്കിയത്. മേളയില്‍ നിന്നും അരലക്ഷത്തോളംരൂപ സ്വരൂപിക്കാനായി. അധ്യാപകരും, കുട്ടികളും ചേര്‍ന്ന് രണ്ടര ലക്ഷം രൂപയോളം നേരത്തെ സ്വരൂപിച്ചുകഴിഞ്ഞു. അമൃതാ ആശുപത്രിയിലാണ് ആദിത്യന്റെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്.

17 ലക്ഷത്തോളം രൂപയാണ് ചെലവുവരുന്നത്. ഭക്ഷ്യമേള പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബാ ബീഗം ഉദ്ഘാടനം ചെയ്തു. പോത്തന്‍കോട് സി.ഐ.എസ്.ഷാജി, പഞ്ചായത്തംഗങ്ങളായ ബാലമുരളി, ഗിരിജകുമാരി, പ്രഥമാധ്യാപിക എം.ആര്‍.മായ, സ്‌കൂള്‍ മാനേജര്‍ രമ, പി.ടി.എ. പ്രസിഡന്റ് ഷിബുകുമാര്‍ എന്നിവര്‍ സംസാരിച്ചു.