സബ് ഇൻസ്‌പെക്ടർ എം.പി. പദ്മനാഭൻ, രഞ്ജിത്ത് പള്ളിക്കര, കൃപേഷ് തൃക്കരിപ്പൂർ., ചേരൂരിലെ ഫിറോസ് മുങ്ങിത്താണ കൈന്താറിലെ പൊതുകുളം. കുളിയും നീന്തലും വിലക്കി വെള്ളിയാഴ്ച പോലീസ് സ്ഥാപിച്ച ബോർഡും കാണാം.
പൊയിനാച്ചി(കാസര്‍കോട്): കോവിഡ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ പൊതുകുളങ്ങളില്‍ കൂട്ടമായി കുളിക്കുന്നത് തടയാന്‍ ചെന്ന പോലീസ് സംഘം വെള്ളത്തില്‍ മുങ്ങിത്താണ യുവാവിന്റെ രക്ഷകരായി.
ചേരൂര്‍ റഹ്മത്ത് നഗറിലെ മുഹമ്മദ് ഫിറോസ് എന്ന പത്തൊന്‍പതുകാരനാണ് നിയമപാലകരുടെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെ കയറിയത്. പരവനടുക്കത്തിനടുത്ത പാലിച്ചിയടുക്കം കൈന്താറിലെ പൊതുകുളത്തിലാണ് സംഭവം.
ഇവിടെ വൈകുന്നേരങ്ങളില്‍ പല ഭാഗങ്ങളില്‍നിന്ന് ചെറുപ്പക്കാര്‍ നീന്തിക്കുളിക്കാന്‍ എത്തുന്നത് നാട്ടുകാര്‍ മേല്‍പ്പറമ്പ് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പോലീസ് സംഘം എത്തിയപ്പോള്‍ കുളിച്ചുകൊണ്ടിരുന്ന യുവാക്കള്‍ ഓടിപ്പോയി.
കുളക്കടവില്‍ വസ്ത്രങ്ങള്‍ ഇട്ടിരിക്കുന്നത് കണ്ട് എസ്.ഐ. എം.പി. പദ്മനാഭനും ഡ്രൈവര്‍ രഞ്ജിത്തും സിവില്‍ പോലീസ് ഓഫീസര്‍ കൃപേഷും ഇറങ്ങിനോക്കിയപ്പോള്‍ യുവാവ് മുങ്ങിത്താഴുന്നതാണ് കണ്ടത്. കൈ ഉയര്‍ത്തിപ്പിടിച്ചിരുന്നു. രഞ്ജിത്ത് യൂണിഫോമോടെ 15 അടി ആഴമുള്ള കുളത്തിലേക്ക് എടുത്തുചാടി. രണ്ടുതവണ മുങ്ങിത്താണ് തപ്പിയെങ്കിലും ആളെ കിട്ടിയില്ല. മൂന്നാമത്തെ മുങ്ങലില്‍ ഫിറോസിന്റെ കൈയില്‍ പിടിക്കാനായതാണ് ജീവന്റെ പിടിവള്ളിയായത്. പദ്മനാഭനും കൃപേഷും ചേര്‍ന്ന് ഇവരെ കരയ്ക്ക് കയറ്റി.
ഇതിനിടെ, ഓടിപ്പോയ ഫിറോസിന്റെ ചങ്ങാതിമാരും തിരികെ എത്തിയിരുന്നു. അവശനായ ഫിറോസിന് പോലീസുകാര്‍ കൃത്രിമശ്വാസം നല്‍കിയെങ്കിലും അനക്കമില്ലായിരുന്നു. പോലീസ് വാഹനത്തില്‍ പദ്മനാഭന്‍ ഉടന്‍ ദേളിയിലെ ആസ്പത്രിയില്‍ എത്തിച്ചു.
പ്രഥമശുശ്രൂഷ കിട്ടിയതോടെ ഫിറോസ് കണ്ണുതുറന്നു. പോലീസ് വിവരമറിയിച്ച് ഫിറോസിന്റെ ബന്ധുക്കളുമെത്തി. നീന്തല്‍ പഠിക്കാനാണ് ഫിറോസ് കുളത്തിലിറങ്ങിയത്.
നീലേശ്വരം പള്ളിക്കര സ്വദേശിയാണ് രഞ്ജിത്ത്. തൃക്കരിപ്പൂര്‍ സ്വദേശിയാണ് കൃപേഷ്. പെരുമ്പളപ്പാലം കടന്ന് ദൂരെ ദിക്കില്‍നിന്നുപോലും നിരവധി യുവാക്കളാണ് കൈന്താറിലെ പൊതുകുളത്തില്‍ വന്നിരുന്നത്. നബാര്‍ഡ് സഹായത്തോടെ ഈ കുളം അടുത്തിടെ നവീകരിച്ചതാണ്.
കോവിഡ് നിയന്ത്രണം തുടരുന്നതുവരെ കുളിയും നീന്തലും വിലക്കി വെള്ളിയാഴ്ച ഇവിടെ മേല്‍പ്പറമ്പ് പോലീസ് ബോര്‍ഡ് സ്ഥാപിച്ചു. സ്റ്റേഷന്‍ പരിധിയിലെ പൊതുകുളങ്ങളിലെല്ലാം നിയന്ത്രണം ബാധകമായിരിക്കുമെന്നും ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ സി.എല്‍. ബെന്നിലാലു അഭ്യര്‍ഥിച്ചു.
content highlights: police saves 19 year old from drowning
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..