അച്ഛനു നല്‍കിയ വാക്കുപാലിക്കാന്‍ ഗോപിക ഡോക്ടറാകും; പെട്ടിമുടിയില്‍നിന്ന് പാലക്കാടേക്ക്


ഗീത

എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ അധ്യാപികമാരായ നീതുവിനും ജിഷയ്ക്കും ഒപ്പം ഗോപിക (നടുവിൽ) പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിന് മുൻപിൽ | Photo: Special arrangement

രണ്ടുകൊല്ലം മുന്‍പുണ്ടായ പെട്ടിമുടി ദുരന്തം ഗോപികയെന്ന പ്ലസ് ടു വിദ്യാര്‍ഥിനിയില്‍നിന്ന് കവര്‍ന്നെടുത്തത് മാതാപിതാക്കളെയും ഉറ്റബന്ധുക്കളെയുമായിരുന്നു. സാധാരണഗതിയില്‍ ആരും ഉലഞ്ഞും തളര്‍ന്നുംപോകുന്ന അവസ്ഥ. പക്ഷേ അച്ഛന് നല്‍കിയ ആ വാക്ക്, അത് പാലിച്ചേ മതിയാകൂ എന്ന നിശ്ചയദാര്‍ഢ്യം... അത് ഗോപികയെ മുന്നോട്ടുനയിച്ചു.

ഇന്ന് രണ്ടുവര്‍ഷത്തിനിപ്പുറം പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് പ്രവേശനം നേടിയിരിക്കുകയാണ് ഈ മിടുക്കി. പെട്ടിമുടി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ജി. ഗണേശന്റെയും തങ്കത്തിന്റെയും മകളാണ് ഗോപിക.മകള്‍ സര്‍ക്കാര്‍ ജോലി നേടണമെന്ന് മോഹിച്ച അച്ഛന്‍

ഹേമലത, ഗോപിക എന്നിങ്ങനെ രണ്ടു പെണ്‍മക്കളാണ് ഗണേശന്‍-തങ്കം ദമ്പതിമാര്‍ക്ക്. മക്കള്‍ ഇരുവരും സര്‍ക്കാര്‍ ജോലി നേടണമെന്ന് ഗണേശന്‍ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം അദ്ദേഹം മക്കളുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. മേശയില്‍ പേരെഴുതി വെക്കുന്ന തരത്തിലുള്ള ജോലി മക്കള്‍ നേടണം എന്നായിരുന്നു ഗണേശന്റെ സ്വപ്നം.

പെട്ടിമുടിയിലും ചിന്നക്കനാലിലുമായാണ് ഗോപിക പത്താംക്ലാസ് പഠനം പൂര്‍ത്തിയാക്കിയത്. പത്താം ക്ലാസില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഗോപിക, അച്ഛന്റെ ആഗ്രഹപ്രകാരമായിരുന്നു പ്ലസ് വണ്‍ പ്രവേശനത്തിന് സയന്‍സ് തിരഞ്ഞെടുത്തത്. പ്ലസ് ടുവിനു ശേഷം എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ പ്രേരിപ്പിച്ചതും അച്ഛനായിരുന്നെന്ന് ഗോപിക പറയുന്നു. മൂത്തമകള്‍ ഹേമലതയും എന്‍ട്രന്‍സ് എഴുതണമെന്ന് ഗണേശന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അപ്പോഴത്തെ സാമ്പത്തികാവസ്ഥ അനുവദിക്കാതിരുന്നതിനാല്‍ ഹേമലതയ്ക്ക് അതിന് സാധിച്ചിരുന്നില്ല.

ഉരുള്‍പൊട്ടിയൊലിച്ച ദുരന്തം

2020 ഓഗസ്റ്റ് ആറാം തീയതി രാത്രി പത്തേമുക്കാലോടെയാണ് ഇടുക്കി മൂന്നാര്‍ പെട്ടിമുടി ലയത്തിനു മുകളിലേക്ക് ഉരുള്‍പൊട്ടിയൊലിച്ചെത്തിയത്. ദുരന്തത്തില്‍ 65-ല്‍ അധികംപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മാതാപിതാക്കളെ കൂടാതെ അടുത്ത ബന്ധുക്കളായ 24 പേരെക്കൂടി അന്ന് ഗോപികയ്ക്ക നഷ്ടമായിരുന്നു. ഗണേശന്റെ ചേട്ടന്‍, അനിയന്‍, സഹോദരി ഇവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുടെ ജീവനാണ് ദുരന്തം കവര്‍ന്നത്.

തിരുവനന്തപുരം പട്ടത്തെ ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു ഗോപികയുടെ പ്ലസ് വണ്‍ പഠനം. കോവിഡ് കാലമായിരുന്നതിനാല്‍ ഓണ്‍ലൈനിലായിരുന്നു ക്ലാസ്. പെട്ടിമുടിയില്‍ മൊബൈലിന് റേഞ്ച് പ്രശ്നങ്ങളുണ്ടായിരുന്നു. അത് ഓണ്‍ലൈന്‍ പഠനത്തെ ബാധിക്കുമെന്നതിനാല്‍ തിരുവനന്തപുരത്ത്, അച്ഛന്റെ ചേച്ചിയുടെ മകളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇടയ്ക്ക് പെട്ടിമുടിയില്‍ വന്നെങ്കിലും ജൂണ്‍മാസം ഒന്നാംതീയതി ഗോപിക വീണ്ടും തിരുവനന്തപുരത്തേക്ക് മടങ്ങി.

ഒടുവില്‍ സംസാരിച്ചത് പ്ലസ്ടുവിന്റെ റിസള്‍ട്ടിനെ കുറിച്ച്

പ്ലസ് വണ്‍ പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് പ്ലസ് ടു പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങാമെന്നായിരുന്നു ഒടുവില്‍ ഫോണ്‍വിളിച്ചപ്പോള്‍ ഗോപിക അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നത്. പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയതിനെ കുറിച്ച് ഓഗസ്റ്റ് ഏഴിന് രാവിലെയാണ് ഗോപികയും സഹോദരിയും അറിയുന്നത്. തുടര്‍ന്ന് നാട്ടിലെത്തി. മൂന്നുനാലുമാസത്തോളം നാട്ടിലാണ് ഉണ്ടായിരുന്നത്. ബന്ധുക്കളായ ലേഖയും രാജേഷ് കുമാറുമായിരുന്നു ഗോപികയ്ക്കും ഹേമലതയ്ക്കും ഒപ്പമുണ്ടായിരുന്നത്. തുടര്‍ന്ന് നവംബര്‍ മൂന്നിന് ഗോപിക വീണ്ടും തിരുവനന്തപുരത്തേക്ക് മടങ്ങി. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അധ്യാപകരുടെയും പിന്തുണ കൊണ്ടാണ് ദുഃഖം നിറഞ്ഞ ആ കാലത്തെ അതിജീവിച്ചതെന്ന് ഗോപിക പറയുന്നു.

ഗോപിക (ഇടത്) യും സഹോദരി ഹേമലതയും

എന്‍ട്രന്‍സ് പരിശീലനം

പ്ലസ് ടുവിന് ശേഷമാണ് എന്‍ട്രന്‍സ് പരിശീലനത്തിന് പോകുന്നത്. അതിനിടെ ഒരുതവണ എന്‍ട്രന്‍സ് പരീക്ഷ എഴുതിയെങ്കിലും വിജയിക്കാനായില്ല. തുടര്‍ന്ന് ഒരുവര്‍ഷത്തെ പരിശീലനത്തിനായി പാലായിലെ സ്വകാര്യ എന്‍ട്രന്‍സ് പരിശീലന കേന്ദ്രമായ ബ്രില്യന്‍സില്‍ ചേര്‍ന്നു. ഈ സ്ഥാപനം സൗജന്യമായാണ് ഗോപികയ്ക്ക് പരിശീലനം നല്‍കിയത്. ദിവസവും 15-16 മണിക്കൂര്‍ വരെയായിരുന്നു പഠിച്ചിരുന്നതെന്ന് ഗോപിക പറയുന്നു.

എന്തായാലും രണ്ടാംവട്ടം പരിശ്രമം പാഴായില്ല, മികച്ച റാങ്ക് നേടാന്‍ ഗോപികയ്ക്ക് സാധിച്ചു. ജനറല്‍ കാറ്റഗറിയില്‍ 9842-ാം റാങ്കും എസ്.സി. വിഭാഗത്തില്‍ 147-ാം റാങ്കും കരസ്ഥമാക്കാന്‍ ഗോപികയ്ക്കായി. ശനിയാഴ്ച പാലക്കാട് മെഡിക്കല്‍ കോളേജിലെത്തി ഗോപിക പ്രവേശനം നേടി. എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഗൈനക്കോളജിയില്‍ സ്പെഷലൈസ് ചെയ്യണമെന്നാണ് ഗോപികയുടെ ആഗ്രഹം. പെട്ടിമുടി ദുരന്തത്തില്‍ ബന്ധുക്കളെ നഷ്ടമായ നാലു പെണ്‍കുട്ടികളെ സംസ്ഥാന സര്‍ക്കാര്‍ ദത്തെടുത്തിരുന്നു. ഇതില്‍ ഗോപികയും സഹോദരി ഹേമലതയും ഉള്‍പ്പെടുന്നുണ്ട്. ഈ കുട്ടികളുടെ പഠനച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന ഉത്തരവ് കഴിഞ്ഞ വര്‍ഷം പുറത്തെത്തിയിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ബി.എസ്.സി. ബോട്ടണി വിദ്യാര്‍ഥിനിയാണ് ഹേമലത.

Content Highlights: pettimudi landslide affected gopika to become doctor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented