അഗളി: ഉത്സവപ്പറമ്പുകളില്‍ തമ്പടിക്കുന്ന കച്ചവടസംഘങ്ങളിലെ വ്യത്യസ്തമുഖമാണ് കെ. പരമേശ്വരന്‍. ശാരീരികവൈകല്യത്തെ പഴിച്ച് പരസഹായത്തിന് കാത്തുനില്‍ക്കാതെ, അധ്വാനിച്ചാണ് കുടുബം പോറ്റുന്നത്. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശിയായ പരമേശ്വരന്റെ രണ്ട് കൈകള്‍ക്കും ജന്മനാ സ്വാധീനമില്ല. ജന്മനായുള്ള ശാരീരിക വെല്ലുവിളി ഇയാളുടെ പഠനം, ഒരു നല്ലജോലി എന്നിങ്ങനെയുള്ള സ്വപ്‌നങ്ങളെ തല്ലിക്കെടുത്തി.

എന്നാലും, ജീവിതത്തില്‍ തോല്‍ക്കാന്‍ പരമേശ്വരന്‍ തയ്യാറല്ലായിരുന്നു. അധ്വാനിച്ച് ജീവിക്കണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഉത്സവപ്പറമ്പുകളിലെ കച്ചവടക്കാരന്റെ വേഷമണിഞ്ഞത്. കളിപ്പാട്ടത്തില്‍ തുടങ്ങി ഇപ്പോള്‍ ഗൃഹാലങ്കാര ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കച്ചവക്കാരനാണ്.

തുടക്കത്തില്‍ സഹായികളെ നിര്‍ത്തിയായിരുന്നു കച്ചവടം. എന്നാല്‍ ഇതില്‍നിന്ന് മെച്ചമില്ലെന്ന് കണ്ടതോടെ എല്ലാം ഒറ്റയ്ക്കായി. ചലനമില്ലാതെക്കിടക്കുന്ന കൈവിരലുകള്‍ ഉപഭോക്താവ് ആവശ്യപ്പെടുന്ന സാധനങ്ങള്‍ നല്‍കും. പണംവാങ്ങി പെട്ടിയില്‍ സൂക്ഷിക്കും. തുടക്കത്തില്‍ അല്പം ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും പിന്നീടെല്ലാം ശീലമായി. ഉത്സവപ്പറമ്പുകളില്‍ തറപിടിക്കാനും കടകെട്ടാനും പിന്തുണയുമായി സുഹൃത്തും കച്ചവടക്കാരനുമായ അബ്ദുള്‍ അസീസ് എപ്പോഴും കൂടെയുണ്ടാവും. ഇരുവരും അടുത്തടുത്താണ് കടകള്‍ കെട്ടുന്നത്.

മുന്‍കാലങ്ങളില്‍ ഉത്സവപ്പറമ്പുകളില്‍നിന്ന് ലഭിച്ചത്രയും കച്ചവടം ഇപ്പോള്‍ കിട്ടുന്നില്ലെന്ന് പരമേശ്വരന്‍ പറഞ്ഞു. കടകളുടെ എണ്ണവും തറവാടകയും കൂടുതലാണ്. വലിയലാഭമൊന്നും കിട്ടിയില്ലെങ്കിലും അല്ലലില്ലാതെ കഴിഞ്ഞുപോകാനുള്ളവക കിട്ടുന്നുണ്ട്. മരണംവരെയും സ്വന്തം അധ്വാനത്താല്‍ കുടുംബം പോറ്റണമെന്നാണ് പരമേശ്വരന്റെ ആഗ്രഹം. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുബം.

content highlights: parameswaran differently abled man overcome physical hurdles