
സുമേഷ് അന്ധകാരനഴിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ ഭക്ഷണവിതരണത്തിൽ(ഇടത്), എം.എസ്. സുമേഷ്
ചേര്‍ത്തല: സന്നദ്ധ പ്രവര്‍ത്തകരില്ലാത്തതിനാല്‍ ക്വാറന്റീന് കേന്ദ്രത്തില്‍ സേവനംചെയ്ത് ഗ്രാമപ്പഞ്ചായത്തംഗം. 21 ദിവസവും കേന്ദ്രത്തില്‍ വേണ്ട സേവനങ്ങളെല്ലാം ചെയ്താണ് മെമ്പര്‍ കേന്ദ്രം വിട്ടത്. അവശ്യഘട്ടത്തില്‍ പി.പി.ഇ. കിറ്റ് അണിഞ്ഞായിരുന്നു പ്രവര്‍ത്തനങ്ങള്‍.
പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് സി.പി.എം. രണ്ടാം വാര്‍ഡംഗം എം.എസ്.സുമേഷാണ് കോവിഡ് ഭീതിക്കിടയിലും ജനപ്രതിനിധികളിലെ വ്യത്യസ്തനായത്. അന്ധകാരനഴി തീരത്തെ റിസോര്‍ട്ടാണ് ഗ്രാമപ്പഞ്ചായത്ത് ക്വാറന്റീന് കേന്ദ്രമാക്കിയത്. മൂന്ന് ഘട്ടത്തിലായി വിദേശത്തുനിന്നും കര്‍ണാടകയില്‍ നിന്നുമുള്ള അഞ്ചുപേരാണ് ആദ്യഘട്ടത്തിലെത്തിയത്.
മൂന്നുദിവസങ്ങളിലായി ഇവര്‍ വന്നതിനാലാണ് ഏറ്റെടുത്ത സേവനം 21 ദിവസംവരെ നീണ്ടത്. നാലുനേരം ഭക്ഷണവും മരുന്നും വേണ്ട ക്രമീകരണങ്ങളും ഒറ്റയ്ക്ക് തന്നെയാണ് ചെയ്തത്. ഗ്രാമപ്പഞ്ചായത്തംഗം കെ.ആര്.പ്രമോദ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം.പി.മനോജ്, ഉദ്യോഗസ്ഥനായ എം.എസ്.സന്തോഷ്കുമാര്‍ എന്നിവരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും പിന്തുണയിലാണ് സേവനം ഏറ്റെടുക്കാനായതെന്ന് സുമേഷ് പറഞ്ഞു.
വീട്ടുകാര്‍ക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. സേവനദിവസങ്ങളില് വീടുമായുള്ള ബന്ധവും ഉപേക്ഷിച്ചു.
'നമ്മുടെ സഹോദരന്മാരാണ് വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വരുന്നത്. അവരെ നമ്മളല്ലാതെ ആരാണ് സഹായിക്കേണ്ടത്.' ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ രോഗത്തെ അകറ്റിനിര്‍ത്താമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ തെളിയിച്ചത് ആത്മവിശ്വാസമായി.
തന്റെ പ്രവര്‍ത്തനത്തിലൂടെ സന്നദ്ധപ്രവര്‍ത്തകരെ ആകര്‍ഷിക്കാനാകുമെന്നും സുമേഷ് പറയുന്നു. ആവശ്യം വന്നാല്‍ ഇനിയും കേന്ദ്രത്തിലെ സേവനം ഏറ്റെടുക്കുമെന്നും സുമേഷ് പറഞ്ഞു. കോവിഡിന്റെ ആദ്യഘട്ടം മുതല്‍ ഗ്രാമപ്പഞ്ചായത്തില്‍ സജീവമായിരുന്നു സുമേഷ്. നിസ്വാര്‍ഥ സേവനത്തിന് വലിയ അഭിനന്ദനങ്ങളാണ് കിട്ടിയിരിക്കുന്നത്.
content highlights: panchayat member takes part in quarantine ward duty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..