കുളത്തിൽ കുട്ടികൾ മുങ്ങിത്താണ സ്ഥലം കാട്ടുന്ന പഞ്ചവാദ്യകലാകാരന്മാരായ യദുകൃഷ്ണനും വിഷ്ണുമോനും
അമ്പലപ്പുഴ: ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താണ കുട്ടികളെ രക്ഷപ്പെടുത്തി പഞ്ചവാദ്യകലാകാരന്മാര്. അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്തംഗം കാക്കാഴം പുതുവല്‍ രാജ്കുമാറിന്റെ മകന് ആര്യന് (11), കോമന പുതുവല്‍ ബിനീഷിന്റെ മകന് ശ്രീഹരി (11) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. പഞ്ചവാദ്യകലാകാരന്മാരായ യദുകൃഷ്ണനും വിഷ്ണുമോനുമാണ് ഇവര്‍ക്കു രക്ഷകരായത്.
ഞായറാഴ്ച രാവിലെ പത്തുമണിയോടെ അമ്പലപ്പുഴ ക്ഷേത്രത്തിനു തെക്കുവശമുള്ള കുളത്തിലായിരുന്നു സംഭവം. ബന്ധുക്കള്‍ക്കൊപ്പം ക്ഷേത്രത്തില്‍ ഭജനമിരിക്കുന്ന കുട്ടികള്‍ കുളിക്കുന്നതിനായി കുളത്തിലിറങ്ങുകയായിരുന്നു. കുട്ടികള്‍ കുളിക്കാനിറങ്ങുന്നത് സമീപത്തുനിന്നു വസ്ത്രമലക്കുകയായിരുന്ന ഒരാളുടെ ബന്ധുവായ സ്ത്രീ കണ്ടു. കുറച്ചുനേരം കഴിഞ്ഞ് കുട്ടികളുെട ശബ്ദം കേള്‍ക്കാതെവന്നപ്പോള്‍ ഇവരാണ് യദുകൃഷ്ണനെയും വിഷ്ണുമോനെയും വിവരമറിയിച്ചത്. അമ്പലപ്പുഴ സ്വദേശികളായ യദുകൃഷ്ണനും (21), വിഷ്ണുമോനും (21) ക്ഷേത്രത്തില്‍ പഞ്ചവാദ്യം വായിക്കാനെത്തിയതാണ്.
കുളത്തില്‍ നുരയും പതയും ഉയരുന്നതുകണ്ട് നീന്തലറിയാവുന്ന യദുകൃഷ്ണനും വിഷ്ണുമോനും കുളത്തിലിറങ്ങി തിരഞ്ഞു. രണ്ടാള് ആഴത്തില്‍ മുങ്ങിത്തപ്പുന്നതിനിടെ വിഷ്ണുമോന്റെ കാലില്‍ തടഞ്ഞതോടെയാണ് ശ്രീഹരിയെ കണ്ടെത്താനായത്. മുങ്ങിയെടുത്ത് കരയിലെത്തിച്ചപ്പോഴാണ് രണ്ടാമന്റെ വസ്ത്രം കുളപ്പടിയില് കണ്ടത്. ഇതിനുശേഷമാണ് ആര്യനെ മുങ്ങിയെടുത്തത്. ആര്യന് അവശതയിലായിരുന്നു. പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് കുട്ടികളെ രണ്ടുപേരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.
ആര്യനെ പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ശ്രീഹരി മെഡിക്കല്‍ കോളേജിലുണ്ട്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. അമ്പലപ്പുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും.
Content Highlights: panchavadyam artists rescues children from drowning
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..