കൊട്ടാരക്കര: പള്ളിക്കല്‍ ആലുവിള തെക്കേതില്‍ വെങ്കിടേഷിനും കുടുംബത്തിനും പുതുവത്സരസമ്മാനമായി വീടൊരുങ്ങി. സ്വന്തമായി വീടില്ലാതെ മക്കളായ വൈഷ്ണവി, വൈശാഖ്, വിശാല്‍ എന്നിവര്‍ക്കൊപ്പം ദുരിതജീവിതം നയിച്ചിരുന്ന വെങ്കിടേഷിനും വൈശാലിക്കും പുതുവര്‍ഷം സന്തോഷത്തിന്റേതാകും.

കൊട്ടാരക്കര സ്വദേശി ഡോ. ജോണ്‍ പണിക്കരാണ് ഇവര്‍ക്കായി വീട് നിര്‍മിച്ചുനല്‍കിയത്. വാഹനാപകടത്തില്‍ നട്ടെല്ലു തകര്‍ന്ന വെങ്കിടേഷിന്റെയും കുടുംബത്തിന്റെയും ദുരിതജീവിതം മാതൃഭൂമി പത്രത്തിലും മാതൃഭൂമി ന്യൂസിലും വാര്‍ത്തയായിരുന്നു.

ടാര്‍പോളിന്‍ വലിച്ചുകെട്ടിയ ഷെഡില്‍ പഠിക്കാന്‍ ഇടമില്ലാത്ത കുട്ടികളുടെ അവസ്ഥ ദയനീയമായിരുന്നു. വൈശാലിയുടെ അമ്മ ഗുരുവമ്മയും ഇവര്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ആറംഗകുടുംബത്തിന്റെ നരകജീവിതം മാതൃഭൂമി ന്യൂസിലൂടെ ശ്രദ്ധയില്‍പ്പെട്ട ഡോ. ജോണ്‍ പണിക്കര്‍ ഇവര്‍ക്ക് വീട് വാഗ്ദാനം ചെയ്യുകയായിരുന്നു.

ആറുമാസംകൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ദാനം കഴിഞ്ഞദിവസം നടന്നു. വൈഷ്ണവിഭവനം എന്നു പേരിട്ട വീടിന്റെ താക്കോല്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങാണ് കുടുംബത്തിനു കൈമാറിയത്.

ഡോ. ജോണ്‍ പണിക്കര്‍, മാതൃഭൂമി ന്യൂസ് വാര്‍ത്താവിഭാഗം മേധാവി ഉണ്ണി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ഗൃഹപ്രവേശം ഞായറാഴ്ച നടക്കും.