സുനിതയ്ക്ക് വീടിന്റെ ആധാരം തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് നൽകുന്നു.
ഉദയംപേരൂര്‍: ബാങ്ക് വായ്പയില്‍ ജപ്തിഭീഷണി നേരിട്ട സുനിതയ്ക്ക് വായ്പത്തുക ബാങ്കില്‍ അടച്ച് വീടിന്റെ ആധാരം തിരിച്ചെടുത്ത് നല്കി പഴയ സഹപാഠികള്‍. ജീവിത ദുരിതാവസ്ഥയില്‍ മുളന്തുരുത്തി കാരിക്കോട് ഓളിപ്പറമ്പില്‍ സുനിത ഷാജിക്കും കുടുംബത്തിനും ഈ സഹായം വലിയ ആശ്വാസമായി.
1995 വര്‍ഷത്തില്‍ ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി. സ്കൂളില്‍ എസ്.എസ്.എല്‍.സി. വിദ്യാര്‍ഥിനിയായിരുന്നു സുനിത. ആ ബാച്ചിലെ വിദ്യാര്‍ഥികളുടെ സംഗമം കുറച്ചുനാള്‍ മുന്‍പ് നടന്നിരുന്നു. സുനിതയുടെ കൂട്ടുകാരി വഴിയാണ് സുനിതയുടെയും കുടുംബത്തിന്റെയും അവസ്ഥ സഹപാഠികള്‍ അറിയുന്നത്.
വീടുപണിക്കായി ബാങ്കില്‍നിന്ന് വായ്പയെടുത്തിരുന്നു. അസുഖംമൂലം സുനിതയ്ക്കും ഭര്‍ത്താവ് ഷാജിക്കും ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നതോടെ വായ്പാ തിരിച്ചടവ് മുടങ്ങി. രണ്ടുലക്ഷം രൂപയാണ് വായ്പയെടുത്തത്. ഒന്നര ലക്ഷം രൂപ അടച്ചിരുന്നു. പണിക്ക് പോകാന്‍ പറ്റാതായതോടെ ബാക്കി അടയ്ക്കാന്‍ പറ്റാതായി. 4,30,00 രൂപയുടെ ബാധ്യതയായി.
ബാങ്ക് ജപ്തി നോട്ടീസ് നല്‍കുകയും പത്രത്തില്‍ പരസ്യം കൊടക്കുകയും ചെയ്തതായി സുനിത പറയുന്നു. വലിയ ആശങ്കയില്‍ കഴിയുമ്പോളാണ് സുനിതയുടെ പഴയ സഹപാഠികള്‍ സഹായവുമായി എത്തിയത്. ബാങ്കധികൃതരുമായി ചര്‍ച്ച നടത്തി പലിശ ഒഴിവാക്കി കുടിശ്ശിക തീര്‍ത്തു. വീടിന്റെ ആധാരം സുനിത ഷാജിക്ക് നല്കുകയുംചെയ്തു.
സഹപാഠികള്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്കൂളിലെ മുന്‍ അധ്യാപകന് മണി അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍പേഴ്സണ്‍ രമ സന്തോഷ് സുനിതയ്ക്ക് വീടിന്റെ ആധാരം കൈമാറി. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായര്‍, എസ്.എന്‍.ഡി.പി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇ.ജി. ബാബു, ജിനുരാജ്, അധ്യാപിക അമ്മിണി, ബിനു വിശ്വം, സജീവ് സാബു തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: old classmates helps sunitha to retain deed of house from bank confiscation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..