സീതാഖനാൽ
കണ്ണൂർ: ആദ്യം ഓർമകൾ വീണ്ടെടുപ്പിക്കാനുള്ള ശ്രമമായിരുന്നു. ആ ഓർമയുടെ പൊടിപ്പുകളിൽനിന്നും അവരെ കുറിച്ചും ബന്ധുക്കളെ കുറിച്ചും നാടിനെ കുറിച്ചും ഒക്കെ അറിയാനുള്ള ശ്രമമായി. തുടക്കത്തിൽ പ്രതീക്ഷയുണ്ടായിരുന്നില്ലെങ്കിലും നിരന്തര ശ്രമത്തിന്റെ ഫലമായി സീതാഖനാലിന്റെ ജിവിതം അവർ തിരിച്ചുപിടിച്ചു. പിലാത്തറ ഹോപ്പ് ചാരിറ്റബിൾ സൊസൈറ്റി മാനേജിങ് ട്രസ്റ്റി ജയമോഹൻ അത് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുനിറഞ്ഞു. സീത അവർക്കൊക്കെ അത്രമാത്രം പ്രിയപ്പെട്ടവരായിരുന്നു. 2015 ഫെബ്രുവരി 27-നാണ് ഒളവറ ഭാഗത്ത് അലഞ്ഞുതിരിയുന്ന നിലയിൽ പോലീസുകാർ അവരെ ‘ഹോപ്പി’ലെത്തിക്കുന്നത്. ഹിന്ദിയാണ് സംസാരിച്ചത്. നാലു വർഷം സ്ഥാപനം അവരെ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സിച്ചു. മൂന്നാമത്തെ വർഷം അവർക്ക് നേരിയതോതിൽ ഓർമ തിരിച്ചുകിട്ടി. പേര് വനമാല എന്ന് പറഞ്ഞു.
ആറുമാസത്തിന് ശേഷം പേര് വീണ്ടും ഓർമിച്ച് ബർമാല എന്നായി. സ്ഥലം നേപ്പാൾ എന്നും. എങ്ങനെയാണ് കണ്ണൂരിൽ എത്തിയതെന്ന് അറിയില്ല. നേപ്പാളിൽ സ്ഥലം കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടായതിനാൽ സി.ആർ.പി.എഫ്., ആർമി, ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന എന്നിവയുടെ സഹായം തേടിയിട്ടും രക്ഷയില്ലാതായി.
2021 സെപ്റ്റംബറോടുകൂടി ഓർമ തിരിച്ചുകിട്ടി. കൂടുതൽ വിവരമറിയാനായി ഹോപ്പിൽ ഇന്റേൺഷിപ്പിനെത്തിയ എം.എസ്.ഡബ്ലു. വിദ്യാർഥിയായ ജാസ്നിവിലിന് പ്രോജക്ട് കൊടുത്തു. ഒരു മാസം ഇവർക്കൊപ്പംനിന്ന് എല്ലാവിവരവും ചോദിച്ച് മനസ്സിലാക്കുക. ആ പദ്ധതി വിജയിച്ചു. സ്വന്തം നാട് നേപ്പാളിലെ ജയ്പാൽ ആണെന്നും ഭർത്താവും ആറ് കുട്ടികളും ഉണ്ടെന്നും മനസ്സിലായി. ഭർത്താവ് ബുദ്ധക്ഷേത്രത്തിലെ പൂജാരിയാണെന്നും തിരിച്ചറിഞ്ഞു. വീണ്ടും സ്ഥലം കണ്ടെത്താനായി ശ്രമം. അതിനായി ഗൂഗിൾ സെർച്ച് ചെയ്തു. നേപ്പാളിലെ ഓരോ സ്ഥലവും തെരുവും നഗരവും അവരെ കാണിച്ചു. അവസാനം സ്ഥലം തിരിച്ചറിഞ്ഞു.
തൊട്ടടുത്ത പെട്രോൾപമ്പും ബുദ്ധക്ഷേത്രവും ഒക്കെ അന്വേഷിച്ചപ്പോൾ നേപ്പാളിലെ ബുദ്ധഭൂമി മുനിസിപ്പാലിറ്റി ഉൾപ്പെട്ട കപിലവസ്തു ജില്ലയിലാണെന്ന് മനസ്സിലായി. എംബസിയിൽ വിവരം നൽകിയപ്പോൾ അവർ ബന്ധുക്കളെ കണ്ടെത്തി. പക്ഷേ, തീർത്തും ദരിദ്രരായതിനാൽ ഇന്ത്യയിലേക്ക് അവർക്ക് വരാൻ പറ്റില്ല. സിതാഖനാൽ എന്ന ഉമാഖനാൽ എന്നാണ് അവരുടെ പേര്. ഇപ്പോൾ 52 വയസ്സായി അടുത്ത 17-ന് അവരെ യാത്രയയക്കും. ഡൽഹിയിൽ കൊണ്ടുപോയി നേപ്പാൾ എംബസിക്ക് കൈമാറും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..