നെടുമങ്ങാട് ബൈക്കേഴ്‌സ് റിതികയ്ക്കായി സമാഹരിച്ച തുക കൈമാറിയപ്പോൾ
നെടുമങ്ങാട്: പ്രകൃതിയെ തൊട്ടറിഞ്ഞ സംഘമാണ് നെടുമങ്ങാട് ബൈക്കേഴ്‌സ്. സൈക്കിൾ സവാരിയിൽ മാത്രമല്ല പരിസ്ഥിതിപ്രവർത്തനങ്ങളിലും പേരെടുത്ത കൂട്ടായ്മ. ഈ പുതുവർഷത്തിൽ സൈക്കിൾ ചവിട്ടിയത് നന്മയുടെ പാതയിലേക്കാണ്. അസ്ഥി-മജ്ജ മാറ്റിവയ്ക്കലിന് സഹായം തേടുന്ന റിതികയെ സഹായിക്കുന്നതിനായിരുന്നു ഇവരുടെ ചക്രങ്ങളുരുണ്ടത്.
ഗുരുതര ജനിതകരോഗം ബാധിച്ച ആറുമാസം പ്രായമുള്ള കുട്ടിയാണ് റിതിക. നെടുമങ്ങാട് കരിപ്പൂർ പടവള്ളിക്കോണം ശ്യാംലാൽ അമിതകൃഷ്ണൻ ദമ്പതിമാരുടെ മകൾ. ലൂക്കോസൈറ്റ് അഡീഷൻ ഡെഫിഷ്യൻഷി എന്ന അപൂർവരോഗം ബാധിച്ച് വെല്ലൂർ സി.എം.സി.യിൽ ചികിത്സയിലാണ് റിതിക. ഉടൻ മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. 45-ലക്ഷം രൂപ ചെലവ് വേണ്ടിവരും.
നെടുമങ്ങാട്ടെ ഒരു പൂക്കടയിൽ പൂകെട്ടുന്ന ശ്യാംലാലിന് ഇത്രയും തുക കണ്ടെത്താനാകാതെ വിഷമിക്കുന്നു എന്ന വാർത്തയറിഞ്ഞ ബൈക്കേഴ്‌സ് സംഘം ഒറ്റദിവസം കൊണ്ട് സമാഹരിച്ചത് 25000-രൂപ. പിന്നെ സൈക്കിൾ റൈഡേഴ്‌സിന്റെ സവാരി ചെന്നുനിന്നത് റിതികയുടെ വീടിന്റെ മുറ്റത്ത്. തുക ശ്യാംലാലിന് കൈമാറി, സന്തോഷത്തോടെ അവർ പടിയിറങ്ങി. കുഞ്ഞുവാവയ്ക്ക് ടാറ്റ പറഞ്ഞ് തിരികെ സൈക്കിൾ ചവിട്ടുമ്പോൾ ഉള്ളിൽ നിറഞ്ഞ ആത്മവിശ്വാസം ഇവരുടെ ചക്രങ്ങൾക്ക് വേഗംകൂട്ടി.
മുരളി, പ്രസാദ്, കിരൺ, അമൽ, ദിലീപ് എന്നിവരാണ് നെടുമങ്ങാട് ബൈക്കേഴ്‌സിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. അഞ്ച് പേരിൽത്തുടങ്ങിയ സംഘത്തിൽ ഇപ്പോൾ വനിതകൾ ഉൾപ്പടെ 100-ലധികം പേരുണ്ട്. പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന സംഘടന പ്ലാസ്റ്റിക്ക് നീക്കം ചെയ്യൽ, ട്രക്കിങ്, രക്തദാനം തുടങ്ങിയ പ്രവർത്തനങ്ങളിലും മുൻനിരയിലാണ്.
Content Highlights: Nedumangad bikers help rithika
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..