ഒരു മോതിരം പോലും ഇട്ടില്ല, പുതിയ വസ്ത്രവും ധരിച്ചില്ല; എന്നിട്ടും നാസറും നസീബയും ഒന്നായി


അനാഥരായ കുട്ടികള്‍ക്ക് എന്തെങ്കിലും ചെയ്തുകൊടുക്കണം എന്നായിരുന്നു മഹറായി നസീബ ആവശ്യപ്പെട്ടത്.

വിവാഹ ദിനത്തിൽ നാസറും നസീബയും I Photo: Haseeb

രു തരി പൊന്നോ പുതിയ വസ്ത്രമോ ഇല്ലാതെ വിവാഹം കഴിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കുടുംബം മുതല്‍ കൂട്ടുകാര്‍ വരെ എതിര്‍പ്പുമായി മുന്നോട്ടുവരും. ഒരു മാലയെങ്കിലും ഇട്ടൂടെ, ഒരു പുതിയ ഷര്‍ട്ട് എങ്കിലും വാങ്ങിക്കൂടെ എന്നെല്ലാമാകും ചോദ്യങ്ങള്‍. എന്നാല്‍ ആ പ്രതിസന്ധികളെയെല്ലാം നേരിട്ട് നാസറും നസീബയും വിവാഹിതരായി.

അനാഥരായ കുട്ടികള്‍ക്ക് എന്തെങ്കിലും ചെയ്തുകൊടുക്കണം എന്നായിരുന്നു മഹറായി നസീബ ആവശ്യപ്പെട്ടത്. അങ്ങനെ ഇരുപത് അനാഥ കുട്ടികള്‍ക്ക് നസീര്‍ പഠന ഉപകരണങ്ങള്‍ വാങ്ങിനല്‍കി. ഇതെല്ലാം കണ്ട് പലരും സ്‌നേഹത്തോടെ പരിഭവിച്ചിരുന്നുവെന്നും അവരോട് 'ഞങ്ങള്‍ക്കിങ്ങനെ ആകാനേ കഴിയൂ. ഞങ്ങളെങ്കിലും ഇങ്ങനെ ആയില്ലെങ്കില്‍ പിന്നെ ആരാണുള്ളത്' എന്ന മറുപടിയാണുള്ളതെന്നും നാസറും നസീബയും പറയുന്നു.

ലളിതവിവാഹത്തെ കുറിച്ച് നാസര്‍ ബന്ധു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം

ഒരു തരി പൊന്നില്ലാതെ ഒരു പുതിയ ഉടുപ്പില്ലാതെയാണ് വിവാഹം കഴിച്ചത്. വിവാഹം കഴിക്കാം എന്ന് ഞാനും നസീബയും തീരുമാനിച്ചതിന് ശേഷം എങ്ങനെ ആയിരിക്കണം വിവാഹം എന്ന് പലപ്പോഴായി സംസാരിച്ചു. എന്തായാലും എന്റെയും അവളുടേയും ഇഷ്ടങ്ങളൊക്കെ ഒരു പോലെയായത് നിയോഗം മാത്രം.

ഓര്‍മക്കായി ഒരു മോതിരമെങ്കിലും നല്‍കാം എന്ന് ഞാന്‍ കരുതിയെങ്കിലും ഒരു ആഭരണവും വേണ്ട എന്ന നസീബയുടെ തീരുമാനം ഞാനും സ്വീകരിച്ചു. ഒരു ആഭരണവും ഇല്ലാതെയാണ് അവള്‍ വിവാഹത്തിനൊരുങ്ങിയത്.
ഉള്ളതില്‍ നല്ല ഉടുപ്പിടുക , പുതിയത് വേണ്ട എന്നതും ഭംഗിയുള്ളൊരു തീരുമാനമായിരുന്നു .
അവള്‍ സാധാരണ ഒരു ചുരിദാറിട്ടു. ഞാനാണ് പകുതി വാക്ക് തെറ്റിച്ചത്. സ്വന്തമായി രണ്ട് കാര്‍ഗോസ് പാന്റാണ് ഉള്ളത്. കാര്‍ഗോസ് ഇട്ട് നിക്കാഹിന് ഇരിക്കേണ്ട എന്ന് പറഞ്ഞ് പ്രിയപ്പെട്ട സുഹൃത്ത് നിര്‍ബന്ധപൂര്‍വം വാങ്ങിതന്ന ജീന്‍സ് ഇട്ടു. രണ്ട് പേരും പുതിയ ചെരിപ്പ് വാങ്ങി.

നസീബയുടെ വീട്ടിലേക്ക് പോകാനായി രാവിലെ ഇറങ്ങുമ്പോള്‍ യാത്ര അയക്കാനും പ്രാര്‍ത്ഥിക്കാനുമായി പ്രിയപ്പെട്ട തൗഫീഖ് മൗലവിയും ഹംസ ഉസ്താദും വന്നിരുന്നു.
അവര്‍ ഇറങ്ങാന്‍ നേരം എന്തേ മണവാളന്‍ ഒരുങ്ങുന്നില്ലേ എന്ന് ചോദിച്ചു. ഒരുങ്ങിയതാണ് ഇത് എന്ന് ഹസന്‍ മാഷാണ് മറുപടി പറഞ്ഞത്.
ലോക്ഡൗണ്‍ ആയതിനാല്‍ തൃശൂരില്‍ പോലീസ് ചെക്കിംഗ് ഉണ്ടായിരുന്നു. ഞങ്ങളുടെ കാര്‍ നിര്‍ത്തി വിവാഹത്തിന്റെ പേപ്പറുകള്‍ കാണിച്ചു കൊടുത്തു. ഏതാണ് പെണ്ണും ചെറുക്കനും എന്ന് ചോദിച്ചപ്പോള്‍ ഹസന്‍ മാഷ് പുറകിലിരിക്കുന്ന എന്നെയും നസീബയേയും ചൂണ്ടിക്കാട്ടി. പേപ്പറുകള്‍ പരിശോധിക്കുകയായിരുന്ന വനിതാ എസ്.ഐ കൗതുകത്തോടെയാണ് ഞങ്ങളെ നോക്കിയത്.
മഹര്‍ ആയി നസീബ ആവശ്യപ്പെട്ടത് , അനാഥരായ കുട്ടികള്‍ക്ക് നിങ്ങള്‍ എന്തെങ്കിലും ചെയ്ത് കൊടുക്കണം എന്നാണ്. അത് ഇരുപത് അനാഥ കുട്ടികള്‍ക്ക് പഠന ഉപകരണങ്ങള്‍ നല്‍കുക എന്ന ധാരണയില്‍ എത്തി വീട്ടിലും പള്ളിയിലും സംസാരിച്ചെങ്കിലും അത് ആദ്യത്തില്‍ സ്വീകരിക്കപ്പെട്ടില്ല.
മഹര്‍ - വിവാഹമൂല്യം - അത് സ്വര്‍ണമായി തന്നെ വേണമെന്ന പരമ്പരാഗത വിശ്വാസത്തെ ഉടച്ചുകളയാന്‍ ഇത്തിരി പ്രയാസപ്പെട്ടു.
മഹര്‍ സ്വര്‍ണമായിരിക്കലാണ് ഉത്തമം എന്ന് പള്ളിയിലെ ഇമാം പ്രസ്താവിച്ചതോടെ അദ്ദേഹത്തിന്റെ അറിവില്ലായ്മ ഓര്‍ത്ത് സഹതാപം തോന്നി.
പക്ഷെ , അയല്‍ക്കാരനും മുതിര്‍ന്ന പണ്ഡിതനുമായ ഹംസ ഉസ്താദ് മഹറിനെ പറ്റി അറിഞ്ഞപ്പോള്‍ വളരെ സന്തോഷിക്കുകയാണ് ഉണ്ടായത്.
പെണ്ണ് ആവശ്യപ്പെടുന്നതാണ് മഹര്‍ ആയി കൊടുകേണ്ടത്. അത് പെണ്ണിന്റെ അവകാശമാണ്. വീട്ടുകാരോ മറ്റുള്ളവരോ അല്ല തീരുമാനിക്കേണ്ടത്. അത് ക്വാളി റ്റേറ്റീവോ ക്വാണ്ടിറ്റേറ്റിവോ ആകാം.
മഹര്‍ പൊതുവേ സ്ത്രീകള്‍ സ്വര്‍ണ ആഭരണമായി വാങ്ങി അണിയുകയാണ് പതിവ്. സ്വര്‍ണം വാങ്ങാത്ത അപൂര്‍വം ചിലര്‍ വേറെ എന്തെങ്കിലും സ്വന്തമായി സൂക്ഷിച്ചു വക്കാന്‍ പറ്റുന്ന എന്തെങ്കിലും വാങ്ങും.
പക്ഷെ, നസീബ ചോദിച്ചത് അനാഥ കുട്ടികളെ സഹായിക്കാനാണ്. സ്വന്തമായി സൂക്ഷിച്ചു വക്കാനൊന്നുമല്ലാ , മറ്റുള്ളവര്‍ക്കൊരു സഹായമാകട്ടെ തന്റെ മഹര്‍ എന്ന ആഗ്രഹം എനിക്കേറെ ഇഷ്ടമായി.
സത്യത്തില്‍ ഒന്നും നമ്മുടെ സ്വന്തം അല്ലല്ലൊ. വല്ലാത്തൊരു തിരിച്ചറിവാണത്.
ഇത്രയൊക്കെ എഴുതിയത് ഇതൊരു സംഭവമാണെന്ന് കാണിക്കാനോ മറ്റുള്ളവര്‍ക്ക് മാതൃകയാക്കാനോ വേണ്ടിയല്ല.
ആളുകള്‍ എന്തു വിചാരിക്കും, കുടുംബക്കാര്‍ എന്ത് കരുതും എന്നെല്ലാം കരുതി കടം വാങ്ങിയും ലോണ്‍ എടുത്തും വിവാഹം കഴിക്കുന്ന ധാരാളം മലയാളി സുഹൃത്തുക്കളെ ഞാന്‍ കണ്ടിട്ടുണ്ട്.
പുതിയത് വാങ്ങാന്‍ കഴിവില്ലാത്തതിനാല്‍ അടുത്തിടെ കല്യാണം കഴിഞ്ഞ അയല്‍ക്കാരുടെയോ കുടുംബക്കാരുടേയോ കടം വാങ്ങിയ ഉടുപ്പും ചെരിപ്പും ധരിച്ച് വിവാഹം കഴിക്കുന്ന ധാരാളം ബംഗാളി സുഹൃത്തുക്കളേയും ഞാന്‍ കണ്ടിട്ടുണ്ട്.
ഇതിനിടയില്‍ മറ്റുള്ളവരെ ബോധിപ്പിക്കാന്‍ വേണ്ടിയല്ലാതെ, ഞാനും നസീബയും ആഗ്രഹിച്ച രീതിയില്‍ വിവാഹം കഴിക്കാന്‍ സാധിച്ചു എന്ന് മാത്രം.

വിവാഹം എന്ന ലളിതമായ ഒന്നിനെ എത്ര സങ്കീര്‍ണമായ ചടങ്ങുകളിലും ആര്‍ഭാടങ്ങളിലുമാണ് തളച്ചിട്ടിരിക്കുന്നത് എന്ന് വളരെ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് എനിക്ക് മനസിലായി.
കല്യാണ പരിപാടികള്‍ ഒന്നുമില്ല എന്നറിഞ്ഞപ്പോള്‍ എന്തിനാ ഇത്ര പിശുക്ക് കാണിക്കുന്നത് എന്ന് ചില സുഹൃത്തുക്കള്‍ കളിയാക്കി ചോദിച്ചു.
ഒരു പാലിയെറ്റിവ് കെയറിലെ വളണ്ടിയേഴ്‌സിനും
നാല് അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കും ഒരു നേരമൊരു ഭക്ഷണം കൊടുക്കലാണ് കല്യാണവിരുന്നിനേക്കാള്‍ ഭംഗി എന്നാണ് ഞങ്ങള്‍ക്ക് തോന്നിയത്.
അങ്ങനെ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ ഒരാഴ്ചയും ഒരു ദിവസവും ആയി...
പ്രാര്‍ത്ഥന....

Content Highlights: nazar naseeba simple wedding

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023

Most Commented