യാത്രയയപ്പിനെത്തിയ മുൻ ജീവനക്കാർക്കും നഗരസഭാംഗങ്ങൾക്കുമൊപ്പം പെരിന്തൽമണ്ണ നഗരസഭാധ്യക്ഷൻ പി. ഷാജി, തഹസിൽദാർ പി.എം. മായ എന്നിവരുടെ നടുവിൽ നബീസ.
പെരിന്തല്‍മണ്ണ: വില്ലേജ് ഓഫീസിനെ ഇക്കാലംവരെ വൃത്തിയാക്കി കൊണ്ടുനടന്ന നബീസയ്ക്ക് ഏറെ വ്യത്യസ്തമായ ഒരു യാത്രയയപ്പാണ് ജീവനക്കാര്‍ നല്‍കിയത്. അവര്‍ ജോലിതുടങ്ങിയ കാലം മുതലുള്ള വില്ലേജ് ഓഫീസര്‍മാരും ജീവനക്കാരുമെല്ലാം യാത്രയയപ്പിനെത്തി. സാധാരണക്കാരിയായ ഈ എണ്‍പത്തിനാലുകാരിക്ക് ഇതിലേറേ എന്ത് ഉപഹാരമാണ് സഹപ്രവര്‍ത്തകര്‍ നല്‍കേണ്ടത്?.
പെരിന്തല്‍മണ്ണ പാതായ്ക്കര വില്ലേജ് ഓഫീസാണ് വ്യത്യസ്തമാര്‍ന്ന യാത്രയയപ്പിനു വേദിയായത്. 44 വര്‍ഷം വില്ലേജ് ഓഫീസിലെ കാഷ്വല്‍ സ്വീപ്പറായിരുന്ന മുണ്ടേക്കോട്ടില്‍ നബീസയ്ക്കായിരുന്നു യാത്രയയപ്പ്. തെക്കന്‍ ജില്ലകളില്‍നിന്നൊഴികെയുള്ള വില്ലേജ് ഓഫീസര്‍മാരും ജീവനക്കാരും കഴിഞ്ഞദിവസത്തെ യാത്രയപ്പിനെത്തി.
20 വര്‍ഷം മുന്‍പ് വിരമിച്ചവര്‍ മുതല്‍ കഴിഞ്ഞ വര്‍ഷം വില്ലേജ് ജീവനക്കാരായിരുന്നവര്‍വരെ പങ്കെടുത്തു. ഇതില്‍ പലരും തഹസില്‍ദാര്‍ ആയെല്ലാം വിരമിച്ചവരായിരുന്നു. അവിസ്മരണീയമായ യാത്രയയപ്പ് വേദിയില്‍ സഹപ്രവര്‍ത്തകരുടെ സ്നേഹാദരങ്ങള്‍ നബീസ വിതുമ്പലോടെ ഏറ്റുവാങ്ങി.
1979-ല്‍ തന്റെ നാല്‍പ്പതാം വയസ്സിലാണ് നബീസ കാഷ്വല്‍ സ്വീപ്പറായി പാതായ്ക്കരയില്‍ രണ്ടുരൂപ വേതനത്തില്‍ ജോലി തുടങ്ങിയത്. 70 വയസ്സ് കഴിഞ്ഞവര്‍ പിരിഞ്ഞുപോകണമെന്ന നിര്‍ദേശം വന്നതോടെയാണ് എണ്‍പത്തിനാലാം വയസ്സില്‍ ഈ മാസം വിരമിച്ചത്. ജീവിതത്തിന്റെ പകുതിയിലേറെക്കാലം തന്റെ വീടുപോലെ അവര്‍ വില്ലേജ് ഓഫീസ് പരിപാലിച്ചതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. ഇപ്പോഴത്തെ വില്ലേജ് ഓഫീസര്‍ ഷൈജുവിന്റെ നേതൃത്വത്തിലാണ് വ്യത്യസ്തമായ യാത്രയയപ്പ് ഒരുക്കിയത്. പഴയകാല ഓഫീസര്‍മാരെയും ജീവനക്കാരെയും തേടിപ്പിടിച്ചു. യാത്രയയപ്പിനെക്കുറിച്ച് അറിയിച്ചു.
പെരിന്തല്‍മണ്ണ നഗരസഭാധ്യക്ഷന്‍ പി. ഷാജി, ഉപാധ്യക്ഷ എ. നസീറ, വില്ലേജ് പരിധിയിലെ നഗരസഭാംഗങ്ങള്‍, തഹസില്‍ദാര്‍ പി.എം. മായ, ഡെപ്യൂട്ടി തഹസില്‍ദാര്‍ മണികണ്ഠന്‍, മുന്‍കാല വില്ലേജ് ഓഫീസര്‍മാരായ മുസ്തഫ, ബാലകൃഷ്ണന്‍, അഡ്വ. ജലാലുദ്ദീന്‍, പി. വൃന്ദ എന്നിവരും മുന്‍കാല ജീവനക്കാരും പങ്കെടുത്തു. സ്നേഹോപഹാരവും നല്‍കി.
Content Highlights: nabeesa village officer casual sweeper retirement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..