ഇനിയാരും ഉമ്മയോട് ചോദിക്കില്ല, വീൽചെയറിലുള്ള ഇവളെ പഠിപ്പിച്ചിട്ട് എന്തിനാണെന്ന്


ഗീതാഞ്ജലി

കുറച്ചുകൂടി നല്ല എഴുത്തുകാരിയാവുക. സാധിക്കുന്ന സഹായം മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കുക. അതിലൊക്കെ ഉപരിയായി ഒരു നല്ല മനുഷ്യനാവുക- ഇപ്പോള്‍ ഇതാണ് എന്റെ ആഗ്രഹം, നുസ്‌റത്ത് കൂട്ടിച്ചേര്‍ക്കുന്നു

നുസ്‌റത്ത്

സ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിതയായ ഒരു പെണ്‍കുട്ടി. ഏകദേശം രണ്ടു കിലോമീറ്ററോളം അകലെയുള്ള സ്‌കൂളിലേക്ക് അവളെ വീല്‍ ചെയറിലിരുത്തി ഉന്തിക്കൊണ്ടു പോകുന്ന അമ്മ. അന്നത്തെ ആ പത്തുവയസ്സുകാരിയുടെ പേര് നുസ്‌റത്ത്. മലപ്പുറം വഴിക്കടവ് മരുത് സ്വദേശികളായ കോയയുടെയും റംലത്തിന്റെയും നാലുമക്കളില്‍ മൂത്തയാള്‍. നുസ്‌റത്തിന്റെയും റംലത്തിന്റെയും സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ പലരും ആ ഉമ്മയോടു ചോദിക്കുമായിരുന്നു- എന്തിനാണ് ഈ വയ്യാത്ത കുട്ടിയെ പഠിപ്പിക്കുന്നതെന്ന്. ഇവള്‍ പഠിച്ചിട്ട് വലിയ കാര്യമൊന്നുമില്ലല്ലോ, വീട്ടില്‍ ഇരിക്കാനല്ലാതെ ഇവള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കില്ലല്ലോ എന്ന ന്യായീകരണവും പലരും കണ്ടെത്തി.

ചില ചോദ്യങ്ങള്‍ റംലത്തിനോട് മാത്രമായിരുന്നെങ്കില്‍ മറ്റു ചിലത് നുസ്‌റത്തിന്റെ കേള്‍ക്കല്‍ കൂടിയായിരുന്നു. എന്നാല്‍ ആ ചോദ്യങ്ങള്‍ക്ക് റംലത്തിന്റെ പക്കല്‍ ഉത്തരമുണ്ടായിരുന്നു. ഇന്ന് ഞാനുണ്ട് ഇവള്‍ക്ക്. നാളെയൊരു കാലത്ത് ഞാന്‍ ഇല്ലാതായാല്‍ റോഡരികില്‍ നില്‍ക്കുമ്പോള്‍ ബസിന്റെ ബോര്‍ഡ് വായിക്കാന്‍ പരസഹായം തേടേണ്ട അവസ്ഥ എന്റെ മകള്‍ക്കുണ്ടാകരുത് എന്നായിരുന്നു റംലത്തിന്റെ ഉത്തരം. ആ മകള്‍ വളര്‍ന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം അവള്‍ രണ്ടു പുസ്തകങ്ങളുടെ രചയിതാവാണ്, ചിത്രകാരിയാണ്. മാത്രമല്ല നിരവധിപ്പേര്‍ക്ക് പ്രചോദനം പകരുന്ന വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ്. അന്ന് ഇവളെ എന്തിന് പഠിപ്പിക്കണമെന്ന് ചോദിച്ച ഒരാളുടെ മക്കള്‍, പില്‍ക്കാലത്ത് തന്റെ ക്ലാസിനായി കാതോര്‍ത്തിരുന്നിട്ടുണ്ടെന്ന് ഇന്ന് അഭിമാനത്തോടെ നുസ്​റത്ത് പറയുന്നു.

nusrath
രാഹുല്‍ ഗാന്ധി 'നദി പിന്നെയും ഒഴുകുന്നു' എന്ന പുസ്തകം പ്രകാശനം ചെയ്യുന്നു. നുസ്‌റത്ത് സമീപം.

ബാല്യത്തെ തളര്‍ത്തിയ രോഗം

നാലാം വയസ്സിലാണ് നുസ്‌റത്തിനെ മസ്‌കുലര്‍ ഡിസ്ട്രോഫി പിടിമുറുക്കിയത്. മറ്റു കുഞ്ഞുങ്ങളെ പോലെ മുട്ടുകുത്തി ഇരിക്കലും പിടിച്ചു നടക്കലുമൊക്കെ കഴിഞ്ഞിട്ടും നുസ്‌റത്ത് നടക്കാന്‍ വൈകി. പുറമേക്ക് തകരാറുകളൊന്നുമില്ലാത്ത, ആരോഗ്യവതിയായ കുട്ടി നടക്കാന്‍ വൈകിയപ്പോള്‍ ആദ്യമൊന്നും വീട്ടുകാര്‍ക്ക് സംശയം തോന്നിയില്ല. കുറച്ചുകൂടി മുതിരുമ്പോള്‍ നടന്നുകൊള്ളുമെന്ന് അവര്‍ കരുതി. പക്ഷെ അതുണ്ടായില്ല. അതോടെ കളിച്ചു നടക്കണ്ട പ്രായത്തില്‍ നുസ്‌റത്തിന്റെ ജീവിതം ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേക്ക് വഴിമാറി. ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്.

ഒന്നാം ക്ലാസില്‍ പോയില്ല, നേരെ അഞ്ചിലേക്ക്

രോഗം കാരണം നുസ്​റത്തിന് സാധാരണ കുട്ടികളെ പോലെ സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ, അവള്‍ക്ക് അക്ഷരം പഠിക്കാനുള്ള സൗകര്യം മറ്റൊരു വഴിയെത്തി. സമീപത്തെ സ്‌കൂളിലെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തിരുന്ന ചന്ദ്രബാബു എന്ന അധ്യാപകനാണ് നുസ്‌റത്തിനെ അക്ഷരങ്ങള്‍ പഠിപ്പിച്ചത്. തുടര്‍ന്ന് പത്താം വയസ്സില്‍, അഞ്ചാം ക്ലാസില്‍ നുസ്‌റത്ത് പ്രവേശനം നേടി. അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ സ്‌കൂളില്‍ പോയി. നുസ്‌റത്തിനെ വീല്‍ ചെയറിലിരുത്തി അമ്മ സ്‌കൂളിലേക്ക് ഉരുട്ടിക്കൊണ്ടു പോവുകയായിരുന്നു ചെയ്തിരുന്നത്. സ്‌കൂളില്‍നിന്നുള്ള മടക്കയാത്രയും അങ്ങനെ തന്നെ. സ്‌കൂളിലെത്തിയ ശേഷമുള്ള സഹായങ്ങള്‍ക്ക് സഹപാഠികളും ഒപ്പം നിന്നു. ഏഴില്‍നിന്ന് എട്ടിലെത്തിയപ്പോള്‍, പക്ഷേ, ക്ലാസ് രണ്ടാംനിലയിലായിരുന്നു. വീല്‍ചെയറില്‍ രണ്ടാംനിലയിലെ ക്ലാസിലെത്തുക സാധ്യമല്ലാതെ വന്നതോടെ നുസ്‌റത്തിന് പഠനം അവസാനിപ്പിക്കേണ്ടി വന്നു.

വീല്‍ ചെയറിലേക്കും സ്‌നേഹതീരത്തേയ്ക്കും

കാലുകള്‍ തളര്‍ന്ന് നടക്കാന്‍ സാധിക്കാതെ വന്നതോടെ നുസ്​റത്തിന് വീല്‍ ചെയര്‍ ആവശ്യമായി. അങ്ങനെയാണ് സ്നേഹതീരം പാലിയേറ്റീവ് കൂട്ടായ്മയുമായി ബന്ധപ്പെടുന്നത്. നുസ്‌റത്ത് കടുത്ത മാനസിക വിഷമത്തിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്. സമപ്രായക്കാര്‍ ഓടിക്കളിച്ചു നടക്കുമ്പോള്‍ വീല്‍ചെയറില്‍ കുടുങ്ങിപ്പോയ തന്റെ ജീവിതത്തെ കുറിച്ചോര്‍ത്ത് നിരാശയിലായിരുന്നു അവള്‍. എന്നാല്‍ സ്‌നേഹതീരത്തിലേക്കുള്ള വരവ് നുസ്‌റത്തിന്റെ ജീവിതത്തിലേക്കുള്ള വഴിത്തിരിവു കൂടിയായിരുന്നു. രോഗം സമ്മാനിച്ച സങ്കടകാലത്തില്‍നിന്ന് നുസ്റത്തിനെ പുറത്തെത്തിക്കാന്‍ സ്‌നേഹതീരത്തിന് സാധിച്ചു. അവിടെ എത്തിയപ്പോഴാണ് തന്നെക്കാള്‍ മോശം അവസ്ഥയിലുള്ളവര്‍ ഉണ്ടെന്ന് നുസ്റത്ത് മനസ്സിലാക്കുന്നത്. അവനവനിലേക്ക് തന്നെ നോക്കാന്‍ നുസ്റത്തിനെ പ്രേരിപ്പിക്കുന്നതായിരുന്നു അവ.

ഏഴാം ക്ലാസ് പാസായതാണെന്ന് അറിഞ്ഞതോടെ സ്‌നേഹതീരത്തുള്ളവര്‍ നുസ്‌റത്തിനെ പത്താം ക്ലാസ് തുല്യതാപരീക്ഷയ്ക്ക് ചേര്‍ത്തു. പരീക്ഷ പാസാവുകയും ചെയ്തു. അന്നൊക്കെ തന്റേത് വളരെ ഉള്‍വലിഞ്ഞ പ്രകൃതമായിരുന്നെന്ന് നുസ്‌റത്ത് പറയുന്നു. എന്തെങ്കിലും പരിപാടിക്ക് പോയാല്‍, ഏറ്റവും പിന്നില്‍ പോയിരിക്കും. സംസാരിക്കാനും മടിയായിരുന്നു. പക്ഷേ, സുഹൃത്തുക്കള്‍ നുസ്‌റത്തിനെ അങ്ങനെ ഒറ്റയ്ക്ക് വിടാന്‍ കൂട്ടാക്കിയില്ല. അവര്‍ അവളെ മുന്‍നിരയില്‍ കൊണ്ടിരുത്തും, സംസാരിപ്പിക്കും. വലിയ മാനസിക പിന്തുണയായിരുന്നു നുസ്‌റത്തിന് അവരില്‍നിന്ന് ലഭിച്ചത്. പിന്നീട് പ്ലസ് ടുവും കമ്പ്യൂട്ടര്‍ ടീച്ചേഴ്‌സ് ട്രെയിങ് പരീക്ഷയും പാസായി. ഇക്കാലത്ത് സാമൂഹികമാധ്യമങ്ങളില്‍ ചെറിയതോതില്‍ നുസ്‌റത്ത് എഴുതിത്തുടങ്ങുകയും ചെയ്തിരുന്നു.

എഴുത്തിലേക്ക്

വായനാശീലമുള്ള ആളായിരുന്നു നുസ്‌റത്ത്. തമിഴ്‌നാട് സ്വദേശിയായ വീല്‍ചെയര്‍ അത്​ലറ്റ് മാലതി കെ. ഹൊള്ളയുടെ ആത്മകഥ -അതുല്യം നുസ്‌റത്തിലെ എഴുത്തുകാരിയെ പ്രചോദിപ്പിച്ചു. വെല്ലുവിളികളെ നേരിട്ട, അതിജീവിച്ച അനിത തന്റെ അനുഭവങ്ങള്‍ ലോകത്തോടു വിളിച്ചുപറയുമ്പോള്‍ തനിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന് നുസ്‌റത്ത് ചിന്തിച്ചു. അങ്ങനെയാണ് ആദ്യപുസ്തകമായ 'നദി പിന്നെയും ഒഴുകുന്നു' പിറക്കുന്നത്. 2019-ല്‍ ആയിരുന്നു അത്. ഏകദേശം ഒരുവര്‍ഷം കൊണ്ട് എഴുതിത്തീര്‍ത്ത പുസ്തകം പറയുന്നത് നുസ്‌റത്തിന്റെ ജീവിതമാണ്. മലപ്പുറം എടക്കരയില്‍ ഒരു ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനത്തിന് വന്നപ്പോള്‍, വയനാട് എം.പി. രാഹുല്‍ ഗാന്ധിയാണ് പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകം ശ്രദ്ധിക്കപ്പെട്ടതോടെ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും അതിഥിയായി നുസ്‌റത്തിന് ക്ഷണം വന്നു തുടങ്ങി. 2020-ലാണ് രണ്ടാമത്തെ പുസ്തകം 'പ്രണയത്തീവണ്ടി' പുറത്തിറങ്ങുന്നത്. അന്നത്തെ മലപ്പുറം സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീനാണ് പ്രകാശനം ചെയ്തത്.

nuzrath
നുസ്‌റത്തിന്റെ രണ്ടാമത്തെ പുസ്തകം പ്രണയത്തീവണ്ടി സഫ്‌ന നസറുദ്ദീന്‍ ഐ.എ.എസ്. പ്രകാശനം ചെയ്യുന്നു

ആ വാക്കുകള്‍...

'നദി പിന്നെയും ഒഴുകുന്നു' എന്ന പുസ്തകം ഒരു പെണ്‍കുട്ടിയെ നിരാശയില്‍നിന്ന് പിടിച്ചുയര്‍ത്തിയ അനുഭവവും നുസ്‌റത്ത് പങ്കുവെക്കുന്നു. സംഭവം നടക്കുന്നത് പാലക്കാട്ടാണ്. പോളിയോയെ തുടര്‍ന്ന് ഒരുകാലിന് ചലനശേഷി നഷ്ടപ്പെട്ടതും കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നതുമായ ഒരു പെണ്‍കുട്ടി കൗണ്‍സിലിങ്ങിനായി ഒരു ഡോക്ടറുടെ അരികിലെത്തി. നുസ്‌റത്തിന്റെ ഫെയ്‌സ്ബുക്ക് സുഹൃത്തായ ആ ഡോക്ടറുടെ കൈവശം 'നദി പിന്നെയും ഒഴുകുന്നു' എന്ന പുസ്തകത്തിന്റെ കോപ്പിയും ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ വിഷമം മുഴുവന്‍ ഡോക്ടര്‍ കേട്ടിരുന്നു. അതിനുശേഷം കൈവശമുണ്ടായിരുന്ന പുസ്തകത്തിന്റെ കോപ്പി ആ പെണ്‍കുട്ടിക്ക് നല്‍കുകയും വായിച്ചശേഷം കാണാന്‍ വരണമെന്ന് പറയുകയും ചെയ്തു. പുസ്തകം വായിച്ച് പൂര്‍ത്തിയാക്കിയ ആ പെണ്‍കുട്ടി ഡോക്ടറുടെ അരികിലെത്തുകയും എന്റെ മൊബൈല്‍ നമ്പര്‍ അദ്ദേഹത്തില്‍നിന്ന് വാങ്ങി. ശേഷം എന്നെ വിളിച്ച് നന്ദി പറഞ്ഞു- നുസ്‌റത്ത് കൂട്ടിച്ചേര്‍ക്കുന്നു.

സ്വപ്‌നങ്ങളില്ലാതിരുന്ന പെണ്‍കുട്ടി

ചെറുപ്പത്തില്‍ വലിയ സ്വപ്‌നങ്ങളൊന്നും ഇല്ലാതിരുന്ന പെണ്‍കുട്ടിയായിരുന്നു നുസ്​റത്ത്. കുറച്ചുകൂടി നല്ല എഴുത്തുകാരിയാവുക. സാധിക്കുന്ന സഹായം മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കുക. അതിലൊക്കെ ഉപരിയായി ഒരു നല്ല മനുഷ്യനാവുക- ഇപ്പോള്‍ ഇതാണ് എന്റെ ആഗ്രഹം, നുസ്‌റത്ത് കൂട്ടിച്ചേര്‍ക്കുന്നു.

content highlights: muscular dystrophy affected writer nusrath vazhikkadavu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented