സാലി മുഹമ്മദ്
മുണ്ടക്കയം ഈസ്റ്റ്: അനുകമ്പയുടെ ശ്രുതിയാണ് ഈ പോലീസുദ്യോഗസ്ഥന്റെ സംഗീതത്തിന്. രോഗികളെ സഹായിക്കാനാകും ചിലപ്പോഴത്. ഒരിക്കല്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വേണ്ടിയായിരുന്നു. പലപ്പോഴും മതമൈത്രിക്ക് വേണ്ടിയാകും. പെരുവന്താനം സ്റ്റേഷനിലെ എസ്.ഐ.യാണ് സാലി മുഹമ്മദ്.
കോവിഡ് ബാധിച്ച് തുടര്‍ച്ചയായി വിശ്രമിക്കേണ്ടി വന്നപ്പോള്‍ സാലി മുഹമ്മദ് വിചാരിച്ചു. മനുഷ്യന് പ്രാണവായുവിനുവേണ്ടി പിടയുന്ന കാലത്ത് മനസ്സിലെ കാലുഷ്യങ്ങള്‍ അകലാന്‍ തന്റെ ചെറിയ എഴുത്തിന് കഴിഞ്ഞെങ്കിലെന്ന്. രോഗകാലത്താണ് സാലി ഏറ്റവും കൂടുതല്‍ പാട്ടെഴുതിയത്. 150-ഓളം ഗാനങ്ങള്‍. മൂന്ന് ആല്‍ബങ്ങള്‍ പുറത്തിറക്കി. പമ്പ ക്ഷേത്രസന്നിധിയിലടക്കം ഹരിവരാസനം പാടി ശ്രദ്ധ നേടിയ പോലീസ് ഉദ്യോഗസ്ഥനാണ് സാലി.
പന്തളം എസ്.എസ്. ബില്‍ഡിങ്ങില്‍ ബഷീര്‍ മുഹമ്മദിന്റെയും അധ്യാപികയായിരുന്ന പരേതയായ നബീദയുടെയും രണ്ടുമക്കളില്‍ മൂത്തയാളാണ് സാലി. സ്കൂള്‍ കോളേജ് കാലത്ത് ഒരു കലാപ്രവര്‍ത്തനവും ഉണ്ടായില്ല. പക്ഷേ, പാട്ടുകളോട് ഇഷ്ടമായിരുന്നു. ജോലി കിട്ടിക്കഴിഞ്ഞ് സഹപ്രവര്‍ത്തകര്‍ പാട്ട് കേട്ടതാണ് വഴിത്തിരിവായത്.
ഡ്യൂട്ടിക്കായി ദിവസങ്ങളോളം ശബരിമലയില്‍ കഴിഞ്ഞ സമയത്ത് രാത്രി നട അടയ്ക്കുമ്പോള്‍ കേട്ടുവന്നിരുന്ന ഹരിവരാസനം, സാലി അവിടെനിന്നുതന്നെ മുഴുവനായി ഹൃദിസ്ഥമാക്കി. 2016-ല്‍ പമ്പ ഗണപതി കോവിലില്‍ നടന്ന സംഗീത പരിപാടിയില്‍ പാടാന്‍ അവസരം ലഭിച്ചു. ഉദിച്ചുയര്‍ന്നു മാമലമേലെ... എന്ന ഗാനമാണ് ആദ്യമായി മുഹമ്മദ് ക്ഷേത്രനടയില്‍ പാടിയ ഭക്തിഗാനം. പിന്നീട് നിരവധി ക്ഷേത്രങ്ങളില്‍ ഭക്തിഗാനങ്ങള്‍ ആലപിക്കാന്‍ ഭാഗ്യം ഉണ്ടായി. 700-ലധികം വേദികളില്‍ ഇതിനുശേഷം അദ്ദേഹം പാടി.
രോഗികളുടെ ധനസമാഹരണത്തിന് സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപംനല്കിയ സംഘടനയ്ക്ക് വേണ്ടി സംസ്ഥാനത്തൊട്ടാകെ വഴിയോര ഗാനമേളകളില്‍ സാലി പങ്കെടുത്തിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കുന്നതിനായി നടത്തിയ സംഗീത സദസ്സില്‍ പാടുകയും ഒരു ദിവസംകൊണ്ട് 1.80 ലക്ഷം രൂപ സമാഹരിക്കുകയും ചെയ്തു. പന്തളം സ്വദേശി സുരേന്ദ്രന്, എറണാകുളം സ്വദേശി തങ്കരാജ് എന്നിവരാണ് ഗുരുസ്ഥാനത്തുള്ളത്. ജൂണ്‍ ആദ്യവാരം ഇദ്ദേഹം പാടിയ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ആല്‍ബം പുറത്തിറങ്ങും. ഭാര്യ: ലുബീന. മക്കള്‍: വെറ്ററിനറി എം.ഡി. വിദ്യാര്‍ഥിനി ശബാന, പ്ലസ് ടു വിദ്യാര്‍ഥി ഫര്‍ദീന്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..