ഗീതമ്മയുടെ 26 വര്‍ഷത്തെ കാത്തിരിപ്പ്; രണ്ടാംവയസ്സില്‍ കാണാതായ മകന്‍ ഒടുവില്‍ അരികിലെത്തി 


ആദര്‍ശ് പി.ആനന്ദ്

ഗോവിന്ദ് അമ്മ ഗീതമ്മ സഹോദരി ഗോപിക എന്നിവർക്കൊപ്പം കറുകച്ചാലിലെ വീട്ടിൽ

കറുകച്ചാല്‍ (കോട്ടയം): കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതയാത്രയില്‍ ഗീതമ്മ ഒരാഗ്രഹംമാത്രം മനസ്സില്‍ സൂക്ഷിച്ചു. രണ്ടുവയസ്സുള്ളപ്പോള്‍ നഷ്ടമായ മകനെ ഒരുനോക്ക് കാണണം.

26 വര്‍ഷത്തെ ആ കാത്തിരിപ്പിന് ഞായറാഴ്ച ഫലം കണ്ടു. ഗീതമ്മയുടെ പ്രാര്‍ഥനപോലെ, അവരെത്തേടി ഗുജറാത്തില്‍നിന്നും ആ മകനെത്തി. കറുകച്ചാലിലെ ഓട്ടോഡ്രൈവറായ കറ്റുവെട്ടി ചെറുപുതുപ്പള്ളിയില്‍ ഗീതമ്മയെ തേടി മകന്‍ ഗോവിന്ദ് (28) ഗുജറാത്തില്‍നിന്നാണ് എത്തിയത്.

അമ്മയെ കാണാന്‍ വര്‍ഷങ്ങള്‍ക്കുശേഷം മകനെത്തിയ വിവരം വാര്‍ഡംഗം ശ്രീജാ മനു വിളിച്ചറിയിച്ചപ്പോള്‍ ഗീതമ്മയ്ക്ക് ആദ്യം വിശ്വസിക്കാനായില്ല. സന്തോഷിക്കണോ കരയണോ എന്നറിയാതെ പകച്ചുനിന്നു. എന്നാല്‍, മകനെ നേരിട്ടുകണ്ടപ്പോള്‍ അവര്‍ ചേര്‍ത്തുനിര്‍ത്തി. പിന്നെ കെട്ടിപ്പിടിച്ചപ്പോള്‍ ഇരുവരുടെയും കണ്ണുകള്‍ സന്തോഷംകൊണ്ട് ഈറനണിഞ്ഞു. അമ്മയെ കണ്ട ഓര്‍മപോലും ഗോവിന്ദിനില്ലായിരുന്നു.

മകനെ നഷ്ടമായ സംഭവം ഇങ്ങനെ: മുപ്പതുവര്‍ഷം മുമ്പ് ഗീതമ്മ ഗുജറാത്തിലെ ചെമ്മീന്‍ കമ്പനിയില്‍ ജോലിയ്ക്ക്് പോയിരുന്നു. അവിടെവെച്ച് ഇതേ കമ്പനിയിലെ ജോലിക്കാരനായ രമേഷിനെ പരിചയപ്പെട്ടു. 1993-ല്‍ കറുകച്ചാല്‍ രജിസ്റ്റര്‍ ഓഫീസില്‍വെച്ച് ഇവര്‍ വിവാഹിതരായി. വീണ്ടും ഗുജറാത്തില്‍ പോയി.

അവിടെവെച്ചാണ് ഗോവിന്ദ് ജനിച്ചത്. ഗീതമ്മ വീണ്ടും ഗര്‍ഭിണിയായി. തുടര്‍ന്ന് കറുകച്ചാലിലെ വീട്ടിലെത്തി. ഇവിടെ കഴിയവേ, ഒരുദിവസം ഗോവിന്ദിനെയുംകൊണ്ട് രമേഷ് ഒന്നുംപറയാതെ നാടുവിട്ടു. ഗോവിന്ദിന് രണ്ടുവയസേ ഉണ്ടായിരുന്നുള്ളൂ. മാസങ്ങളോളം ഒരു വിവരവും ഇല്ലായിരുന്നു. പലവട്ടം രമേഷിന്റെ മേല്‍വിലാസത്തില്‍ കത്തുകളെഴുതി. അഞ്ചുമാസം കഴിഞ്ഞപ്പോഴാണ് രമേഷ് മറുപടി എഴുതിയത്. എന്നാല്‍ പിന്നീട് അന്വേഷിച്ചപ്പോഴേയ്ക്കും രമേഷ് അവിടെനിന്നും പോയിരുന്നു.

ഗീതമ്മയ്ക്ക് പെണ്‍കുട്ടി പിറന്നു. ഒറ്റയ്ക്കായ അവര്‍ മകളെ വളര്‍ത്താന്‍ ഏറെ കഷ്ടപ്പെട്ടു. കൂലിപ്പണി ചെയ്തു. ഗള്‍ഫില്‍ ജോലിയ്ക്കുപോയി. ഇപ്പോള്‍ ഓട്ടോറിക്ഷ ഓടിക്കുകയാണ്. മകള്‍ ഗോപികയെ ഡിഗ്രിവരെ പഠിപ്പിച്ചു. രണ്ടുവര്‍ഷം മുന്‍പ് വിവാഹവും നടത്തി.

ഗുജറാത്തിലേക്ക് മടങ്ങിയ രമേഷ്, മകനെ സഹോദരിയെ ഏല്‍പിച്ചശേഷം വീണ്ടും വിവാഹിതനായി. പുതിയ ബന്ധത്തില്‍ നാലുമക്കളുമുണ്ട്. ഗോവിന്ദ് പ്ലസ്ടു വരെ പഠിച്ചു. വിവിധ സ്ഥലങ്ങളില്‍ ജോലി നോക്കി.

ഇതിനിടയിലും അമ്മയെ തേടിക്കൊണ്ടിരുന്നു. അമ്മ മുമ്പ് അച്ഛന് അയച്ച കത്തില്‍നിന്ന് കറുകച്ചാലിലെ വിലാസം കിട്ടിയത് പിടിവള്ളിയായി. അങ്ങനെയാണ് ഞായറാഴ്ച രാവിലെ കോട്ടയത്തെത്തിയത്. ഹിന്ദി മാത്രം അറിയാവുന്ന ഗോവിന്ദിന് സ്ഥലം കണ്ടുപിടിക്കാനായില്ല. ഹിന്ദി അറിയാവുന്ന ചിലര്‍ വിവരം കറുകച്ചാല്‍ പോലീസില്‍ അറിയിച്ചു. പോലീസ് അറിയിച്ചതനുസരിച്ച്, ഗീതമ്മ മകനെ കാണാന്‍ സ്റ്റേഷനിലെത്തുകയായിരുന്നു. പിന്നീട് ഇവര്‍ വീട്ടിലേയ്ക്കുപോയി. ഇനി അമ്മയോടൊപ്പം കഴിയണമെന്നാണ് ഗോവിന്ദിന്റെ ആഗ്രഹം.

Content Highlights: mother reunites with son after 26 years


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022

Most Commented