ചാത്തമംഗലം: എന്‍.ഐ.ടി. വിദ്യാര്‍ഥികളുടെ ഒരുമയില്‍ മിഷന്‍ മെഡിക്കല്‍കോളേജിന് സഹായം. കാമ്പസില്‍നിന്ന് വിദ്യാര്‍ഥികള്‍ സമാഹരിച്ച തുക മാതൃഭൂമി മിഷന്‍ മെഡിക്കല്‍കോളേജ് ഫണ്ടിലേക്ക് കൈമാറി.

എന്‍.ഐ.ടി.യിലെ സ്റ്റുഡന്റ്‌സ് അഫയേഴ്‌സ് കൗണ്‍സിലില്‍ പദ്ധതി ചര്‍ച്ചചെയ്തപ്പോള്‍ നിറഞ്ഞമനസ്സോടെയാണ് എല്ലാവരും സ്വാഗതം ചെയ്തത്. ഹോസ്റ്റല്‍ ഫീസിനൊപ്പം 25 രൂപ അധികമായി ഫണ്ടിലേക്കുനല്‍കി ഓരോ വിദ്യാര്‍ഥിയും പദ്ധതിയില്‍ പങ്കാളികളായി. ഒരുമാസംകൊണ്ട് 5000 വിദ്യാര്‍ഥികളില്‍നിന്ന് 1,24,750 രൂപയാണ് സമാഹരിച്ചത്. എന്‍.ഐ.ടി.യില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ഡോ. ശിവജി ചക്രവര്‍ത്തിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് സൂപ്രണ്ട് ഡോ. എം.വി. ശ്രീജയന്‍ ചെക്ക് ഏറ്റുവാങ്ങി. 

സമൂഹനന്മ ലക്ഷ്യംവെച്ച് നടത്തുന്ന മാതൃഭൂമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഐ.ടി.യുടെ എല്ലാ സഹകരണവും ഡയറക്ടര്‍ വാഗ്ദാനം ചെയ്തു. ഡോ. ജി. ഉണ്ണികൃഷ്ണന്‍ (ഡീന്‍ സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍), ഹാന്‍സ് എം. ആന്റണി, കെ.ജി. ഷിഹാല്‍, രാഹുല്‍സെബാസ്റ്റ്യന്‍, നിമിഷറോയ്, എം. യദുകൃഷ്ണന്‍, നവനീത് കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.