
കരുവാരക്കുണ്ട് കെ.ടി.എം. കോളേജിൽ മലയാളം പഠിക്കുന്ന അതിഥിത്തൊഴിലാളികൾ
കാളികാവ്: അരിയും പരിപ്പും കിഴങ്ങും ചോദിച്ചുവാങ്ങാൻ അതിഥിത്തൊഴിലാളികൾ ഇനി പ്രയാസപ്പെടില്ല. ആലു എന്നു പറഞ്ഞ് ഉരുട്ടിക്കാണിക്കാതെ കിഴങ്ങെന്നു പറയാനും അവർ പഠിച്ചു. അന്യനാട്ടിൽ ഭാഷയറിയാതെ കുഴങ്ങാതിരിക്കാൻ അവരെ മലയാളം പഠിപ്പിച്ചത് കരുവാരക്കുണ്ട് കെ.ടി.എം. കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് അധ്യാപകരും വിദ്യാർഥികളുമാണ്. പഠിച്ചുതുടങ്ങിയതോടെ മലയാളത്തിന്റെ മധുരം തിരിച്ചറിയാൻ വൈകിയെന്നാണ് തൊഴിലാളികൾ പറയുന്നത്.
കെ.ടി.എം കോളേജിൽ കെട്ടിടം നിർമിക്കാനെത്തിയ അതിഥിത്തൊഴിലാളികൾ നേരിട്ട ഭാഷാപ്രശ്നമാണ് ‘മധുരം മലയാളം’ പദ്ധതിയിലേക്കു നയിച്ചത്. മലയാളം പഠിക്കാൻ തയ്യാറുണ്ടോ എന്നു ചോദിച്ചപ്പോൾ എല്ലാവരും തയ്യാർ. സമീപപ്രദേശങ്ങളിൽ പണിയെടുക്കുന്നവരെയും അവർ മലയാളം ക്ലാസിലേക്ക് കൂട്ടിക്കൊണ്ടുവന്നു. രണ്ടു ബാച്ചായി 31 പേർ ക്ലാസിലുണ്ട്.
ഭൂരിഭാഗംപേരും വിദ്യാലയം കാണുന്നതുതന്നെ ആദ്യം. പേരെഴുതാൻ മാത്രമല്ല ഒപ്പിടാൻപോലും അറിയാത്തവർ. ആദ്യം പേന പിടിക്കാൻ പഠിപ്പിച്ചു. അസമിൽനിന്നുള്ള മുഹമ്മദ് സയ്യിദുൽ ഇസ്ലാമിനും ജഹാംഗീർ ബാദുഷയ്ക്കും ബംഗാളിൽനിന്നുള്ള ഹിഫ്സുൽ മുണ്ടാലിനുമൊക്കെ പേന വഴങ്ങിത്തുടങ്ങി. പണിക്കിറങ്ങുംമുൻപ് ഒരു മണിക്കൂറാണ് മധുരം മലയാളം ക്ലാസ്. രാത്രിയാണ് രണ്ടാമത്തെ ബാച്ചിന് ക്ലാസ്.
മലയാളികൾക്കിടയിൽ ജീവിക്കുന്ന തൊഴിലാളികൾക്ക് അത്യാവശ്യം ഉപയോഗിക്കേണ്ട വാക്കുകളും സാധനങ്ങളുടെ പേരുകളുമാണ് പഠിപ്പിക്കുന്നത്. അസം, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തൊഴിലാളികൾ. ഒരുമാസംകൊണ്ട് അത്യാവശ്യകാര്യങ്ങൾ പഠിച്ചെടുത്തു. പഠിതാക്കൾ പേനയും ബുക്കുമായി രാവിലെ ഏഴിനു ക്ലാസിലെത്തും. കഴിഞ്ഞ ക്ലാസിൽ പഠിച്ചത് എഴുതിയും ചൊല്ലിയും പഠിക്കും.
എൻ.കെ. മുഹമ്മദ് അസ്ലം, എം. ഉബൈദ് റഹ്മാൻ, കെ. അഫ്സഹ്, കെ. മുഹമ്മദ് മുസ്തഫ, ഇ. സുഹൈൽ, കെ.ടി. അബ്ദുറസാഖ് എന്നിവരാണ് പ്രധാന അധ്യാപകർ. കരുവാരക്കുണ്ട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപകൻ എ. ഷാജഹാൻ, പ്രവാസിയായ അബ്ദുറസാഖ് ഇരിങ്ങാട്ടിരി എന്നിവരുടെ സഹായവുമുണ്ട്.
Content Highlights: Migrant workers learning Malayalam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..