മാത്സ് ആസ്പിരൻസ് ഗ്രൂപ്പിൽ ക്ലാസെടുക്കുന്ന ഡോ. പി. വിനോദ്കുമാർ
മലപ്പുറം: കണക്കിനുവേണ്ടി തുടങ്ങിയ സാമൂഹികമാധ്യമക്കൂട്ടായ്മ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് വന്‍ വിജയമായതിന്റെ ആവേശത്തിലാണ് ഡോ.പി. വിനോദ് കുമാര്‍. തിരൂര്‍ തുഞ്ചന്‍ സ്മാരക ഗവ. കോളേജിലെ കണക്ക് അസോ. പ്രൊഫസറായ വിനോദ് കുമാര്‍ 2017-ല്‍ തുടങ്ങിയ 'മാത്സ്
ആസ്പിരന്സ്' എന്ന വാട്സാപ്പ് കൂട്ടായ്മയാണ് വിജയങ്ങളുടെ പുതുവഴി വെട്ടിയത്.
ഗണിത തത്പരര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും വഴികാട്ടിയാകുകയായിരുന്നു ഗ്രൂപ്പിന്റെ ഉദ്ദേശ്യം. ഇപ്പോള്‍ അത് വിവിധ സാമൂഹികമാധ്യമക്കൂട്ടായ്മകളിലൂടെ അയ്യായിരത്തോളം അംഗങ്ങളുള്ള വലിയ കുടുംബമായി വളര്‍ന്നു. മാത്രമല്ല ദേശീയ പ്രവേശനപരീക്ഷകളില്‍ കണക്കില്‍ മികച്ച റാങ്കുകള്‍ കൂട്ടായ്മയിലുള്ളവര്‍ നേടാന്‍ തുടങ്ങി. ഇതോടെ ഗ്രൂപ്പ് ദേശീയതലത്തിലും ശ്രദ്ധയാകര്‍ഷിച്ചു.
എന്‍.ഇ.ടി., ഗേറ്റ്, ജാം, എന്‍.ബി.എച്ച്.എം., പി.ജി. പ്രവേശനം തുടങ്ങിയ മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള പരിശീലനവും ആശയസംവാദങ്ങളുമാണ് ഗ്രൂപ്പുകളില്‍ നടക്കുന്നത്. കോച്ചിങ് ക്ലാസുകള്‍ക്ക് പോകാന്‍ കഴിയാത്ത സാധാരണക്കാര്‍ക്ക് ഈ ഗ്രൂപ്പ് വലിയ അനുഗ്രഹമായി. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഗവേഷണവിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്.
2021 ജൂലായില്‍ ബി.എസ്സി. മാത്സ് വിദ്യാര്‍ഥികള്‍ക്കു മാത്രമായുണ്ടാക്കിയ ഗ്രൂപ്പില്‍ കേരളത്തിലെ അമ്പതോളം കോളേജുകളില്‍നിന്ന് 150-ഓളം വിദ്യാര്‍ഥികള്‍ അംഗങ്ങളാണ്. ഇത്തവണത്തെ ജാം ദേശീയ പരീക്ഷയില്‍ ഈ ഗ്രൂപ്പിലെ 15 കുട്ടികള്‍ യോഗ്യത നേടി. ആറുപേര്‍ക്ക് വിവിധ ഐ.ഐ.ടി.കളിലും അഞ്ചുപേര്‍ക്ക് എന്‍.ഐ.ടി.കളിലും ഒരാള്‍ക്ക് തിരുവനന്തപുരത്തെ ഐസറിലും പ്രവേശനം ലഭിച്ചു. കുസാറ്റ് പി.ജി. പ്രവേശനപരീക്ഷയില്‍ ആദ്യ ഇരുപതില്‍ പത്ത് റാങ്കുകള്‍ നേടി.
പരപ്പനങ്ങാടി സ്വദേശിയായ വിനോദ്കുമാറിന് കൂട്ടായി കണ്ണൂര്‍ ഇരിട്ടി മഹാത്മാഗാന്ധി കോളേജിലെ ഗണിതവിഭാഗം അസോ. പ്രൊഫസറായ ഡോ. ബിജുമോനുമുണ്ട്. കൂട്ടായ്മയില്‍ ചേരാനാഗ്രഹിക്കുന്നവര്‍ക്ക് ഡോ. പി. വിനോദ് കുമാറിന്റെ 9446986177 നമ്പറില്‍ ബന്ധപ്പെടാം.
എന്റെ നേട്ടം ആസ്പിരന്സിന്റേത്
ഇത്തരമൊരു ഗ്രൂപ്പിലെ പഠനമാണ് എന്റെ നേട്ടത്തിനുപിന്നില്‍. നൂറുകണക്കിന് മികച്ച വിദ്യാര്‍ഥികളുടെ കൂടെ പഠിക്കാനായി. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച സ്ഥാപനത്തില്‍ പ്രവേശനവും ലഭിച്ചു.-കെ. അനുരാഗ് (മുംബൈ ഐ.ഐ.ടി.യില്‍ എം.എസ്സി മാത്സ് പ്രവേശനം നേടി)
ഗ്രൂപ്പ് ഏറെ പ്രയോജനപ്പെട്ടു
ഏഴുമണി കഴിഞ്ഞ് ഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ചകള്‍ വലിയ പ്രയോജനം ചെയ്തു. ഏറ്റവും ലളിതമായ രീതിയില്‍ ഉത്തരമെഴുതാനുള്ള പരിശീലനമാണ് ലഭിച്ചത്. വിനോദ് സാറിന്റെ സേവനം ഏതു സമയത്തും ലഭ്യമായിരുന്നു.-വി. ഹരിപ്രിയ (തിരുവനന്തപുരം ഐസറില്‍ എം.എസ്സി മാത്സ് പ്രവേശനം നേടി)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..