സാവോപോളോ: റസ്‌റ്റോറന്റില്‍ വെച്ച് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയയാള്‍ വെയിറ്ററുടെയും ഹൈവേ പോലീസ് ഓഫീസറുടെയും സമയോചിത ഇടപെടല്‍ മൂലം രക്ഷപെട്ടു. ബ്രസീലിലെ സാവോ പോളോയിലാണ് സംഭവം. ഹോട്ടല്‍ വെയിറ്ററും പോലീസ് ഓഫീസറും ചേര്‍ന്ന് ഇയാളുടെ ജീവന്‍ രക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലാണ്.  

38 കാരനായ തിരിച്ചറിയപ്പെടാത്ത വ്യക്തി റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കവേ തൊണ്ടയില്‍ കുടുങ്ങി മേശപ്പുറത്ത് വീണുപോവുകയായിരുന്നു. ഇത് ശ്രദ്ധിച്ച മറ്റുള്ളവര്‍ ഇയാളെ ഉണര്‍ത്താന്‍ ശ്രമിക്കുകയും തുടര്‍ന്ന് അവര്‍ വെയിറ്ററെ വിളിക്കുകയായിരുന്നു. ഹോട്ടല്‍ വെയിറ്റര്‍ ഉടന്‍ ഇയാള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. റസ്‌റ്റോറന്റിലുണ്ടായിരുന്ന ഹൈവേ പട്രോളിങ് ഓഫീസറും സ്ഥലത്തെത്തി ഇയാള്‍ക്ക് പ്രാഥമിക വീണ്ടും ശുശ്രൂഷ നല്‍കി. ഇതോടെ ഇയാള്‍ക്ക് ബോധം തിരിച്ചുകിട്ടി. 

ബ്രസീലിലെ സാവോ പോളോയിലെ ഒരു റസ്‌റ്റോറന്റില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഭക്ഷണം തൊണ്ടയില്‍ക്കുടുങ്ങിയ 38 കാരന്റെ ജീവന്‍ ഒരു വെയിറ്ററും ഒരു ഹൈവേ പോലീസ് ഓഫീസറും ചേര്‍ന്നു രക്ഷിച്ചു എന്ന അടിക്കുറിപ്പോടെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ദൃശ്യങ്ങള്‍ ഹോട്ടലിലെ സിസിടിവിയില്‍ നിന്നുള്ളതാണെന്ന് വ്യക്തമാണ്. 

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പ് പെട്ടന്ന് തന്നെ വൈറലായി. റസ്‌റ്റോറന്റിലുണ്ടായിരുന്നവരുടെയും വെയിറ്ററുടെയും പോലീസ് ഓഫീസറുടേയും പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 'എത്ര ഗംഭീരം! ഈ ആളുകള്‍ ശരിക്കും ഹീറോകളാണ്' - ഒരാൾ ട്വീറ്റ് ചെയ്തു. മറ്റൊരു ട്വീറ്റിൽ ഇവരാണ് യഥാര്‍ത്ഥ ഹീറോകളെന്നും അഭിപ്രായപ്പെട്ടു.

Content Highlights: Man chokes on food at restaurant in Brazil. Viral video shows how waiter and officers saved him